അരൂര്‍(ആലപ്പുഴ): എരമല്ലൂരില്‍ യുവാവിനെ പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി ജയകൃഷ്ണന് (26) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കുത്തിയതോട് പുന്നവേലി നികര്‍ത്ത് വീട്ടില്‍ പ്രേംജിത്തിനെ (23)അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ജയകൃഷ്ണന് കോട്ടയത്ത് നിന്ന് നാടുകടത്തപ്പെട്ട കാപ്പാ കേസ് പ്രതിയാണ്. തുടര്‍ന്നാണ് എരമല്ലൂരിലെ ത്രീസ്റ്റാര്‍ പൊറോട്ട കമ്പനിയിലെ സപ്ലയര്‍ കം ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. ഇയാളുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമാണ് പ്രേംജിത്ത്. ഒരുമിച്ച് സപ്ലൈക്ക് പോകുന്ന സമയങ്ങളില്‍ ജയകൃഷ്ണന് പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കമ്പനിയിലെ ജോലിക്കാര്‍ വിശ്രമിക്കുന്ന വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ജയകൃഷ്ണനെ പ്രതി തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാരകൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് മുതുകത്തു കുത്തിയുമാണ് കൊന്നത്. കൊലപാതകത്തിന് ശേഷം മുറിയില്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍ പോലീസ് കണ്ടെത്തി.
ദൃക്സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ പരിശോധനയുടെയും സാങ്കേതിക പരിശോധനയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. പോലീസ് കസറ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. അരൂര്‍ ഇന്‍സ്പെക്ടര്‍ ഷിജു പി.എസിന്റെയും സബ് ഇന്‍സ്പെക്ടര്‍ ഗീതുമോള്‍ എസിന്റെയും നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജയകൃഷ്ണന്റെ മൃതദേഹം പോലീസ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: