ആലപ്പുഴ: 24-ാം പാര്‍ട്ടി സമ്മേളനത്തിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ സിപിഎമ്മിന് തലവേദനയായി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടരാജി. കായംകുളത്തിന് പിന്നാലെ ഹരിപ്പാട്ടും പ്രവര്‍ത്തകര്‍ കൂട്ടരാജി നല്കി. കുമാരപുരത്ത് 36 സിപിഎം അംഗങ്ങള്‍ രാജിക്കത്ത് നല്കി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്തു നല്‍കിയത്. പാര്‍ട്ടി ഭരിക്കുന്ന കുമാരപുരം സഹ. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് നടപടി.
ജില്ലാ സെക്രട്ടറിക്കും ജില്ലാ സെക്രട്ടേറിയറ്റംഗത്തിനുമെതിരെ കത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എം. സത്യപാലനാണ് കുമാരപുരം സഹ. ബാങ്ക് പ്രസിഡന്റ്. നേരത്തെ കായംകുളത്തും ബ്രാഞ്ചിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയിരുന്നു. കായംകുളം പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മാവേലി സ്റ്റോര്‍ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളില്‍ 12 പേരാണ് കഴിഞ്ഞ ദിവസം രാജിവച്ചത്.
മാസങ്ങള്‍ മുന്‍പ് പാര്‍ട്ടി വിഭാഗീയതയില്‍ മനംനൊന്ത് കുട്ടനാട്ടില്‍ ഇരുന്നൂറിലേറെ പ്രവര്‍ത്തകരും സിപിഎം വിട്ടു. ബഹുഭൂരിപക്ഷവും സിപിഐയില്‍ ചേര്‍ന്നു. രാമങ്കരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിലായിരുന്നു രാജി. ഇതോടെ രാജേന്ദ്രകുമാറിനെ സിപിഐ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തു. രാമങ്കരി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: