തിരുവനന്തപുരം: എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാരിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും പഴിക്കുന്നതും അകറ്റിനിര്‍ത്തുന്നതും കേരളത്തിന്റെ വികസനത്തെയും സിപിഎമ്മിന്റെ കേരളത്തിലെ നിലനില്‍പ്പിനെയും ബാധിക്കുമെന്ന അഭിപ്രായം സിപിഎമ്മിനുള്ളില്‍ ഉയരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഈ നിലപാട് സിപിമ്മിന്റെ കമ്മിറ്റികളില്‍ കേള്‍ക്കുന്നുണ്ട്.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി കേരളത്തിലും ശക്തിയാകുന്നെന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കരുതെന്ന അഭിപ്രായമുള്ളവരാണ് ഇപ്പോള്‍ പാര്‍ട്ടി നടപടിക്കു വിധേയനായി കണ്‍വീനര്‍ സ്ഥാനം നഷ്ടമായ ഇ.പി. ജയരാജനും കുറച്ചുനാളായി സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ മന്ത്രി ജി. സുധാകരനും. ഇവരെ അനുകൂലിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയുടെ നയം മാറ്റണമെന്ന ആവശ്യമുന്നയിക്കുന്നവരാണ്. പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവമാണ് കേരളത്തിലെ സിപിഎമ്മിനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് കരുതുന്നവരാണ് ഈ നേതാക്കള്‍.
കേരളത്തിലെ സിപിഎം അമിതമായി മുസ്ലിം പ്രീണനം നടത്തുന്നത് പാര്‍ട്ടി അംഗങ്ങളായ ഹിന്ദുക്കള്‍ക്കിടയില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ട് ഗണ്യമായി ബിജെപിക്ക് ലഭിക്കാനുണ്ടായ സാഹചര്യവും മറ്റൊന്നല്ലെന്ന് ഈ പ്രവര്‍ത്തകര്‍ കരുതുന്നു. കേരളത്തിലെ ബിജെപി വളര്‍ച്ച മനസിലാക്കുന്നില്ലെങ്കില്‍ സിപിഎമ്മിന് ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കുമെന്ന് ചില നേതാക്കള്‍ മുന്നറിയിപ്പു നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: