മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍ 1973 ല്‍ ഇങ്ങനെ പറഞ്ഞു; ”ബംഗ്ലാദേശില്‍ നമ്മള് മറ്റൊരു ശത്രുവിനെ സൃഷ്ടിച്ചിരിക്കുന്നു…” ഒരു നോവലിസ്റ്റിന്റെ ഉള്‍ക്കാഴ്ചയോടെ, ബംഗാളികളിലെ ചില വിഭാഗങ്ങള്‍ക്കിടയില്‍ ദ്വിരാഷ്ട്ര സിദ്ധാന്തം സ്വാധീനം ചെലുത്തുന്നുവെന്ന് ബഷീര്‍ മനസ്സിലാക്കിയിരുന്നു.
ഷെയ്ഖ് ഹസീനയുടെ വിടവാങ്ങല്‍ ഭാരതത്തിന്റെ ഭൗമ-രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കേറ്റ പ്രഹരമാണ്. അവാമി ലീഗിനെ മാത്രം പിന്തുണച്ചു, അവരുടെ ബദ്ധവൈരിയായ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയെ സഹായിച്ചില്ല. ഇതില്‍ തെറ്റ് സംഭവിച്ചതായി ഇപ്പോള്‍ തോന്നുന്നു.
ഭരണമാറ്റം: ആര്‍ക്കാണ് പ്രയോജനം?
ബംഗ്ലാദേശിലെ ഭരണമാറ്റത്തിന്റെ ഈ സാഹചര്യത്തില്‍, പ്രയോജനം ലഭിച്ചേക്കാവുന്ന നിരവധി കക്ഷികളുണ്ട്. ഹിന്ദുക്കളെ തിരിച്ചറിയുന്നതിനും അവരെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ വംശീയ ഉന്മൂലനം നടത്തുകയോ ചെയ്യുന്നതില്‍ പാകിസ്ഥാന് സൈന്യവുമായി സഹകരിച്ചവര്‍ ധാരാളമുണ്ടായിരുന്നു. ഇവരെയാണ് ഷെയ്ഖ് ഹസീന ‘റസാക്കര്‍മാര്‍’ എന്ന് വിശേഷിപ്പിച്ചത്. രാജ്യം ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാണ്.
ഭാരതത്തിന്റെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തുന്ന എന്തെങ്കിലും സംഭവിക്കുമ്പോഴെല്ലാം ചൈന വ്യക്തമായ വിജയിയാണ്. ഭാരതത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ സപ്തസഹോദരി സംസ്ഥാനങ്ങളെ ഗംഗാ സമതലവുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കരഭൂമിയായ ചിക്കന്‍ നെക്കിന്റെ പ്രശ്നമുണ്ട്. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും വംശഹത്യ ചെയ്യുകയും, വടക്കുകിഴക്കന്‍ മേഖലയെ ബംഗ്ലാദേശിന്റെ ഭാഗമായി മാറ്റി ചൈന, ഭാരതത്തെ വെട്ടിച്ചുരുക്കുമെന്നത് ഒരു സ്ഥിരമായ ഭീഷണിയാണ്.
മുന്‍ അംബാസഡര്‍ വീണ സിക്രി വളരെ വിചിത്രമായ ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി ജൂലൈ പകുതിയോടെ ഷെയ്ഖ് ഹസീന ചൈന സന്ദര്‍ശിച്ചു. അവിടെ അവര്‍ അപമാനിക്കപ്പെട്ടു. ഷി ജിന്‍പിങ് അവരെ കാണാന്‍ വിസമ്മതിച്ചു. അവര്‍ സന്ദര്‍ശനം ഒരു ദിവസം വെട്ടിച്ചുരുക്കി ധാക്കയിലേക്ക് മടങ്ങി. ഇത് ഒരു രാജ്യത്തെ സന്ദര്‍ശനത്തിനിടെയുള്ള കേട്ടുകേള്‍വിയില്ലാത്ത പ്രോട്ടോക്കോള്‍ ലംഘനമാണ്. ഷെയ്ഖ് ഹസീന പുറത്താകുമെന്ന് ചൈന തീരുമാനിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് നിക്ഷേപങ്ങളെക്കുറിച്ച് 2016-ല്‍ മഹത്തായ വാഗ്ദാനങ്ങള്‍ നല്കിയ ഷിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിന് തികച്ചും വിപരീതമാണിത്.
അമേരിക്കയ്ക്കും ചില സ്ഥാപിത താല്‍പ്പര്യങ്ങളുണ്ട്. രണ്ട് കാര്യങ്ങളാണ് ഷെയ്ഖ് ഹസീന ആരോപിച്ചത്.
1. പേരിടാത്ത ഒരു പാശ്ചാത്യ ശക്തി ചൈനയിലും ഭാരതത്തിലും ഒരു നോട്ടമിടാന്‍ കോക്സ് ബസാറിന് സമീപമുള്ള സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് (കോക്കനട്ട് ഐലന്‍ഡ്) ഒരു സൈനിക താവളമാക്കാന്‍ ആഗ്രഹിക്കുന്നു.
2. കിഴക്കന്‍ ടിമോറിലും തെക്കന്‍ സുഡാനിലും ക്രിസ്ത്യന്‍ മാതൃഭൂമികള്‍ രൂപീകരിച്ചതുപോലെ ഒരു പുതിയ ക്രിസ്ത്യന്‍ രാഷ്ട്രം (മിസോ, കുക്കി, ചിന് എന്നിവര്‍ക്കായി) രൂപീകരിക്കാന്‍ പേരിടാത്ത ഒരു പാശ്ചാത്യ ശക്തി ഉദ്ദേശിക്കുന്നു. വ്യക്തമാക്കാത്ത ഈ പാശ്ചാത്യ ശക്തി യുഎസ് ആയിരുന്നു.
ബംഗാള്‍ ഉള്‍ക്കടലിലെ സൈനിക താവളത്തില്‍ നിന്ന് അമേരിക്കയ്ക്ക് വലിയ നേട്ടമുണ്ടോയെന്ന് പൂര്‍ണ്ണമായും വ്യക്തമല്ല. എന്നാല്‍ ഭാരതത്തെ അസംസ്കൃത വസ്തുക്കളുടെ ഉത്പാദകര്‍ മാത്രമായും, വെള്ളക്കാരുടെ ഉല്‍പ്പന്നങ്ങളുടെ വിപണിയായും താഴ്ത്തിക്കെട്ടാന്‍ ബ്രിട്ടീഷുകാര്‍ ആരംഭിച്ച ഒരു ദീര്‍ഘകാല പദ്ധതി ഉണ്ടായിരുന്നു. അമേരിക്കയ്ക്ക് ഈ ആവരണം പാരമ്പര്യമായി ലഭിച്ചിരിക്കാം.
ഭരണമാറ്റ അട്ടിമറിയോ ജനകീയ പ്രക്ഷോഭമോ?
ഷെയ്ഖ് ഹസീനയുടെ പതിനഞ്ച് വര്‍ഷത്തെ ഭരണത്തിന് കീഴിലുള്ള ബംഗ്ലാദേശ് തികഞ്ഞ ജനാധിപത്യമായിരുന്നില്ല എന്നത് ശരിയാണ്. എന്നാല്‍, ബംഗാളി പൗരന്മാര്ക്കെതിരെ പാകിസ്ഥാന് സൈന്യം നടത്തിയ ആക്രമണത്തിനു ശേഷം പുതിയ രാജ്യത്തിന്റെ രക്തരൂക്ഷിതമായ പിറവിക്ക് നാല് വര്‍ഷത്തിനു ശേഷം അവരുടെ പിതാവും സ്വാതന്ത്ര്യ നായകനുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ കൊലപാതകത്തിലേക്ക് നയിച്ച അക്രമാസക്തത ഇപ്പോഴും നിലവിലുണ്ട്. അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തതും അവഹേളിക്കുന്നതും കാണിക്കുന്നത് അദ്ദേഹത്തിന്റെ ദേശീയ നായക പദവി മുഴുവന്‍ ജനങ്ങളും അംഗീകരിക്കുന്നില്ല എന്നാണ്. ഇന്നും ബംഗ്ലാദേശിലെ പാകിസ്ഥാനിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പൈതൃകവും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു.
സ്വതന്ത്ര ബംഗ്ലദേശിലെ ജനാധിപത്യത്തിന്റെ ചരിത്രം അക്രമത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 1975 ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിനുമുമ്പ് മുജീബുര്‍ റഹ്മാന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും നിരോധിച്ചിരുന്നു. മുജീബിന് ശേഷം, 1986 വരെ സമ്പൂര്‍ണ സൈനിക ഭരണം ഉണ്ടായിരുന്നു. അതിനു ശേഷം മുന്‍ ചീഫ് മാര്‍ഷല്‍ ലോ അഡ്മിനിസ്ട്രേറ്റര്‍ ഹുസൈന് മുഹമ്മദ് എര്‍ഷാദ് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി.
1991-ല്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഇര്‍ഷാദിനെ സ്ഥാനഭ്രഷ്ടനാക്കിയപ്പോള്‍ ബിഎന്‍പിയുടെ ഖാലിദ സിയ പ്രധാനമന്ത്രിയായി. അതിനുശേഷം അവരും അവരുടെ മുഖ്യ എതിരാളിയായ ഷെയ്ഖ് ഹസീനയും (അവാമി ലീഗ്) മാറിമാറി അധികാരത്തില്‍ വന്നു. അഴിമതി ആരോപണത്തില്‍ ഖാലിദ സിയ ജയിലിലായതിനാല്‍ 2018 ലെ തെരഞ്ഞെടുപ്പ് ബിഎന്‍പി ബഹിഷ്കരിച്ചു.
ഈ വഴിത്തിരിവുകളിലെല്ലാം ‘വിദ്യാര്‍ത്ഥികള്‍’ ഉള്‍പ്പെട്ടിരുന്നു. 1971-ല്‍, യാഹ്യാ ഖാന് ഓപ്പറേഷന് സെര്‍ച്ച്ലൈറ്റ് ആരംഭിച്ചപ്പോള്‍, പാകിസ്ഥാന് സൈന്യം ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫസര്‍മാര്‍ക്കും നേരെ പോയി; പ്രത്യേകിച്ചും അവര്‍ ഹിന്ദുക്കളാണെങ്കില്‍. പിന്നീടും എര്‍ഷാദിനെ അട്ടിമറിക്കുന്നതില്‍ ‘വിദ്യാര്‍ഥി’ പ്രതിഷേധം നിര്‍ണായകമായി.
2024 ലെ പ്രശ്നങ്ങളുടെ പ്രധാന കാരണം വീണ്ടും ഒരു ‘വിദ്യാര്‍ത്ഥി’ പ്രക്ഷോഭമാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം ഉണ്ടായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി, 2018 ആയപ്പോഴേക്കും മൊത്തം 56 ശതമാനം സര്‍ക്കാര്‍ ജോലികളും ‘സംവരണം’ ചെയ്യപ്പെട്ടു. മറ്റൊരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ശേഷം 2018 ല്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാര്‍ ഈ സംവരണ സമ്പ്രദായം നിര്‍ത്തലാക്കി.
2024 ജൂണില്‍, ബംഗ്ലാദേശിലെ ഒരു ഹൈക്കോടതി 2018 ലെ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു റദ്ദാക്കി. സുപ്രീം കോടതി അത് തിരുത്തി മുമ്പത്തെ സ്ഥിതി പുനഃസ്ഥാപിച്ചിട്ടും (സംവരണങ്ങള്‍ മൊത്തത്തില്‍ 7 ശതമാനം ആയി കുറച്ചു), സമാധാനപരമായ ‘വിദ്യാര്‍ത്ഥി’ പ്രക്ഷോഭം പെട്ടെന്ന് ജമാഅത്തെ ഇസ്ലാമിയുടെയും ബിഎന്‍പിയുടെയും നേതൃത്വത്തില്‍ അക്രമാസക്തമായ ഏറ്റുമുട്ടലായി രൂപാന്തരപ്പെട്ടു. പോലീസ് വെടിവയ്പുണ്ടായി. ദി ഡെയ്ലി സ്റ്റാര്‍ എന്ന ദിനപത്രം ആദ്യ ഏതാനും ദിവസങ്ങളില്‍ 204 പേര് കൊല്ലപ്പെട്ടതായി കണ്ടെത്തി. അതില്‍ 53 പേര് മാത്രമാണ് വിദ്യാര്‍ത്ഥികള്‍.
ഇതൊരു ജനകീയ പ്രക്ഷോഭമാണെന്ന വാദം മുഖവിലയ്ക്കെടുക്കാന്‍ പ്രയാസമാണ്. സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത് ഭരണമാറ്റത്തിന് വ്യക്തമായ ഒരു അജണ്ടയുണ്ടായിരുന്നുവെന്നാണ്. ഭാരതത്തെ പരിമിതപ്പെടുത്തുന്നതില്‍ ചൈനയ്ക്കും യുഎസിനും യോജിപ്പുള്ളതിനാല്‍, അവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. ജൂലായില്‍ ഹസീനയെ നയതന്ത്രപരമായി അപകീര്‍ത്തിപ്പെടുത്തിയത്, വരാനിരിക്കുന്ന അട്ടിമറിയെക്കുറിച്ച് ചൈനക്കാര്‍ക്ക് നന്നായി അറിയാമായിരുന്നു എന്നതിന് തെളിവാണ്.
മറുവശത്ത്, പാശ്ചാത്യ മാധ്യമങ്ങളില്‍ ഹസീനയെക്കുറിച്ചുള്ള വിവരണത്തിലെ പെട്ടെന്നുള്ള യു-ടേണ്‍ സൂചിപ്പിക്കുന്നത് അവരെ ഉപേക്ഷിക്കാന്‍ യുഎസ് തീരുമാനിച്ചിരിക്കാമെന്നാണ്. ഭരണമാറ്റം സംഭവിച്ച പ്രക്രിയയും ‘വര്‍ണ്ണ വിപ്ലവം’ അനുഭവിച്ച മറ്റ് രാജ്യങ്ങളില്‍ സംഭവിച്ചതിന് സമാനമാണ്. നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസിയുടെ (ചഋഉ) നടപടികളും, ബിഎന്‍പിയിലെ ചില നയതന്ത്രജ്ഞര്‍ പിന്തുണയ്ക്കുന്നത് യുഎസിന്റെ കൈകടത്തലിന് തെളിവായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
പാക്കിസ്ഥാനുമായി ശക്തമായ ബന്ധമുള്ള ജമാഅത്തെ ഇസ്ലാമി എന്ന മതമൗലികവാദ സംഘടനയുടെ പങ്ക് വ്യക്തമാണ്. അവര്‍ക്ക് സൈന്യത്തിന്റെ മേല്‍ സ്വാധീനമുണ്ട്. മതേതര ബംഗ്ലാദേശ് ഭരണഘടനയ്ക്ക് പകരം ഇസ്ലാമിക ശരിയ നിയമം കൊണ്ടുവരണമെന്നും, അമുസ്ലിംകളെ രണ്ടാംതരം പൗരന്മാരായി പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
വന്‍തോതിലുള്ള കൂട്ടക്കൊലകള്‍, ബലാത്സംഗങ്ങള്‍, സ്ത്രീകളെ തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ മതപരമായ വീക്ഷണമുണ്ടെന്നാണ്. പാശ്ചാത്യ മാധ്യമങ്ങള്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍, യുഎന്‍, യുഎസ്ഐആര്‍എഫ്, മനുഷ്യാവകാശ വിദഗ്ധര്‍ എന്നിവയ്ക്കെല്ലാം ഹിന്ദുക്കളുടെ ഭീകരമായ അടിച്ചമര്‍ത്തലിനെക്കുറിച്ച് ഒന്നും പറയാനില്ല എന്നത് ശ്രദ്ധേയമാണ്.
ദി ന്യൂയോര്‍ക്ക് ടൈംസ് ഷെയ്ഖ് ഹസീനക്കെതിരെ ആരോപിക്കപ്പെട്ട ഏത് കുറ്റത്തിനും എട്ട് ശതമാനം ന്യൂനപക്ഷ ഹിന്ദുക്കളാണ് ഉത്തരവാദികള്‍ എന്ന മട്ടില്‍ ഹിന്ദുക്കളുടെ ‘പ്രതികാര കൊലപാതകങ്ങള്‍’ എന്ന തലക്കെട്ട് പോലും നല്കുകയുണ്ടായി. ന്യൂയോര്‍ക്ക് ടൈംസ് ഒരു വിശദീകരണവുമില്ലാതെ ഹിന്ദുക്കളുടെ ‘കൊലപാതകങ്ങള്‍’ എന്ന തലക്കെട്ട് മാറ്റി.
പ്രൊഫ. മുഹമ്മദ് യൂനസിന്റെ ചരിത്രവും കൗതുകകരമാണ്. 2007-ല്‍ ഒരു ഇടക്കാല ഗവണ്മെന്റിന്റെ തലപ്പത്തേക്ക് അദ്ദേഹത്തെ ക്ഷണിച്ചു, പക്ഷേ ആ ശ്രമം ഉപേക്ഷിക്കുകയും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. അദ്ദേഹം ഒരു ഘട്ടത്തില്‍ ഷെയ്ഖ് ഹസീനയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പക്ഷേ അവര്‍ പിന്നീട് തെറ്റി. യൂനസിന്റെ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും യുഎസിലെ അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനവും അദ്ദേഹം യഥാര്‍ത്ഥത്തില്‍ യുഎസ് താല്പ്പര്യങ്ങള്ക്കനുസൃതമാണോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍, ഇത് ഒരു ജനകീയ പ്രക്ഷോഭത്തേക്കാള്‍ ഒരു അട്ടിമറി ആയിരിക്കാനാണ് സാധ്യത.
ഭാരതത്തിന് അടുത്തത് എന്താണ്?
ഭാരതത്തിന് ദീര്‍ഘകാല വെല്ലുവിളികള്‍ നിരവധിയാണ്. ഇതൊന്നും ഭാരതത്തിന് അനുകൂലമല്ല. അതിന്റെ ചുറ്റളവില്‍ (മാലിദ്വീപും നേപ്പാളും) പ്രശ്നങ്ങള്‍ നേരിടുന്നു. ബംഗ്ലാദേശിലെ അട്ടിമറിയും ബിംസ്റ്റെക് സഖ്യത്തെ സാര്ക്കിനെപോലെ അസാധ്യമാക്കുന്നു.
വഷളാകുന്ന ഭാരത-ബംഗ്ലാദേശ് ബന്ധം: ഭാരതത്തിന്റെ അടുത്ത സഖ്യകക്ഷിയായി കാണുന്ന ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചത് ബംഗ്ലാദേശില്‍ ഭാരത വിരുദ്ധ വികാരം ഉയരാന്‍ കാരണമായി. പുതിയ സര്‍ക്കാര്‍ ഭാരതത്തോട്, പ്രത്യേകിച്ച് വ്യാപാരം, സുരക്ഷ തുടങ്ങിയ സെന്‍സിറ്റീവ് വിഷയങ്ങളില്‍ അത്ര സൗഹാര്‍ദ്ദപരമായിരിക്കില്ല. കഴിഞ്ഞ ദശകത്തിലെ ഉഭയകക്ഷി ബന്ധങ്ങളിലെ നേട്ടങ്ങളെ ഇത് അപകടത്തിലാക്കും. ഇടക്കാല ഗവണ്മെന്റിന്റെ ‘ഉപദേശകരില്‍’ കടുത്ത നിലപാടുള്ളവരുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത്. ഭാരതത്തിന് മുന്നോട്ടുപോകാന്‍ വലിയ സ്വാധീനമുണ്ടാവില്ല എന്നാണ്.
വര്‍ദ്ധിപ്പിച്ച അതിര്‍ത്തി സുരക്ഷാ അപകടങ്ങള്‍: ഭാരതം ബംഗ്ലാദേശുമായി ദീര്‍ഘവും സുഷിരങ്ങളുള്ളതുമായ അതിര്‍ത്തി പങ്കിടുന്നു. രാഷ്ട്രീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളുടെ സാധ്യതയുള്ള വര്‍ദ്ധനവും ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ നുഴഞ്ഞുകയറ്റത്തിനും കള്ളക്കടത്തിനും അനധികൃത കുടിയേറ്റത്തിനും ഇടയാക്കും. ഇത് ആഭ്യന്തര സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിക്കുന്നു. അതിര്‍ത്തി പ്രദേശത്തെ നിരീക്ഷണം നിര്‍ണായകമാകും. ദശലക്ഷക്കണക്കിന് അനധികൃത ബംഗ്ലാദേശികളും റോഹിങ്ക്യകളും ഇന്ത്യയില്‍ താമസിക്കുന്നുണ്ട്, ഇത് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്.
സാമ്പത്തിക തകര്‍ച്ച: ഹസീന സര്‍ക്കാരിന്റെ കീഴില്‍ 13 ബില്യണ്‍ ഡോളര്‍ വാണിജ്യമുള്ള ബംഗ്ലാദേശാണ് ഈ മേഖലയിലെ ഭാരതത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ബന്ധങ്ങളിലെ തകര്‍ച്ച ഭാരത കയറ്റുമതിയെയും നിക്ഷേപത്തെയും ബാധിക്കും. സാമ്പത്തിക പരസ്പരാശ്രിതത്വം അര്‍ത്ഥമാക്കുന്നത് ബംഗ്ലാദേശിന്റെ സുസ്ഥിരതയിലും സമൃദ്ധിയിലും ഭാരതത്തിനും ഒരു പങ്കുണ്ട് എന്നാണ്. ബംഗ്ലാദേശ് കടുത്ത പ്രതിസന്ധിയിലാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഐഎംഎഫില്‍ നിന്ന് മൂന്നൂ ബില്യണ്‍ ഡോളറും ലോക ബാങ്കില്‍ നിന്ന് 1.5 ബില്യണ്‍ ഡോളറും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കില്‍ നിന്നും ജപ്പാന് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന് ഏജന്‍സിയില്‍ നിന്നും ഒരു ബില്യണ്‍ ഡോളറും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാമ്പത്തിക വിദഗ്ദ്ധന് ബ്രഹ്മ ചെല്ലാനി ചൂണ്ടിക്കാട്ടുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാന വെല്ലുവിളികള്‍: സമുദ്രനിരപ്പ് ഉയരുന്നതും വെള്ളപ്പൊക്കവും വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ഇരയാകുന്നു. താഴ്ന്ന പ്രദേശമായതിനാല്‍ ബംഗ്ലാദേശ് പ്രത്യേകിച്ച് അപകടസാധ്യതയിലാണ്. ദശലക്ഷക്കണക്കിന് കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ ഭാരതത്തില്‍ അഭയം തേടാം.
ബംഗ്ലാദേശ് നയത്തില്‍ മാറ്റം വേണം
ഭരണമാറ്റം ചൈനയ്ക്ക് ബംഗ്ലാദേശില്‍ സ്വാധീനം വിപുലീകരിക്കാനുള്ള ഇടം തുറന്നുകൊടുത്തു. മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുമ്പോള്‍ പുതിയ സര്‍ക്കാരുമായുള്ള ബന്ധം ഭാരതം സന്തുലിതമാക്കേണ്ടതുണ്ട്. ബംഗ്ലാദേശിലെ സംഭവവികാസങ്ങള്‍ യുഎസും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ മേഖലയിലെ അസ്ഥിരത പാകിസ്ഥാന്റെ കൈകളിലേക്ക് നീങ്ങുന്നു. ബംഗ്ലാദേശ് സൃഷ്ടിച്ചതിനും ജമ്മു കശ്മീരില്‍ സാധാരണനില കൊണ്ടുവന്നതിനുമുള്ള പ്രതികാരമായി ഭാരതത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങള്‍ വേര്‍പെടുത്തുക എന്നതാണ് അവരുടെ ഇടക്കാല അഭിലാഷം.ക്വാട്ട പ്രത്യാഘാതങ്ങള്‍: ഭാരതത്തില്‍ പ്രത്യേകിച്ച് ‘ആനുപാതിക പ്രാതിനിധ്യത്തിന്’ വേണ്ടി പ്രക്ഷോഭം നടത്തുന്നവര്‍, വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് മറുപടിയായി 2018 ല്‍ ഷെയ്ഖ് ഹസീനയുടെ ഭരണകൂടം ബംഗ്ലാദേശ് ക്വാട്ട സമ്പ്രദായം പൂര്‍ണ്ണമായും നിര്‍ത്തലാക്കി എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഭാരതത്തില്‍ സംവരണത്തിന് 50 ശതമാനം എന്ന ഭരണഘടനാ പരിധിയുണ്ട്.
ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 1971-ല്‍ 28% ആയിരുന്നത് ഇപ്പോള്‍ ഏകദേശം 8% ആയി കുറഞ്ഞു. ചിറ്റഗോങ് മലയോരങ്ങളിലെ ബുദ്ധമത ചക്മകളും സമ്മര്‍ദ്ദത്തിലാണ്. ഭാരതം സിഎഎ വര്‍ദ്ധിപ്പിക്കുകയോ ഹിന്ദു, ബുദ്ധ ബംഗ്ലാദേശികള്‍ക്ക് മടങ്ങിവരാനുള്ള ഔപചാരിക അവകാശം സൃഷ്ടിക്കുകയോ ചെയ്യണം. 48 ജില്ലകളിലെ 278 സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ ആക്രമണങ്ങളും ഭീഷണികളും നേരിട്ടതായി മാധ്യമ പ്രവര്ത്തകന് രാഹുല്‍ ശിവശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.
ചുരുക്കത്തില്‍, ഹസീന സര്‍ക്കാരിന്റെ പതനവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദീര്‍ഘകാല ഭീഷണിയും ബംഗ്ലാദേശ് നയം പുനര്‍വിചിന്തനം ചെയ്യാന്‍ ഭാരതത്തെ പ്രേരിപ്പിക്കുന്നു. സുസ്ഥിരവും ജനാധിപത്യപരവും സാമ്പത്തികമായി സമ്പന്നവുമായ അയല്‍ക്കാരെ വളര്‍ത്തുന്നത് ഭാരതത്തിന്റെ സ്വന്തം താല്‍പ്പര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: