കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ സിനിമാ ലോകം തിളച്ചുമറിയുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് സമാനമായ വെളിപ്പെടുത്തല്‍. സ്ഥാനങ്ങള്‍ കിട്ടാന്‍ കോണ്‍ഗ്രസിലും സിനിമയിലേതു പോലെ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നു പറയുന്നത് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍.
സ്‌പോണ്‍സര്‍മാരുണ്ടെങ്കിലേ ഇപ്പോള്‍ വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ അവസരം കിട്ടൂ എന്ന സ്ഥിതിയാണ്. മെറിറ്റുള്ള സ്ത്രീകളെ തഴഞ്ഞ് അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നു.
ചില നേതാക്കന്മാരുടെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയാല്‍ മാത്രമാണ് അവസരം ലഭിക്കുന്നതെന്നും അതിനായാണ് ചൂഷണത്തിനു നിന്നുകൊടുക്കേണ്ടി വരുന്നതെന്നും മുന്‍ പിഎസ്‌സി അംഗം കൂടിയായ സിമി റെസ്‌ബെല്‍ വാര്‍ത്താ ചാനലുകളിലെ വെളിപ്പെടുത്തലില്‍ പറയുന്നു.
നേതാക്കളോട് അടുപ്പമുള്ളവര്‍ക്കേ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂ. ദുരനുഭവമുണ്ടായ പലരും നേരിട്ടു പറഞ്ഞിട്ടുണ്ട്. തെളിവുകള്‍ എന്റെ പക്കലുണ്ട്. കോണ്‍ഗ്രസില്‍ അനര്‍ഹര്‍ക്കാണ് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത്. ഞാന്‍ പ്രതിപക്ഷ നേതാവിന്റെ ഗുഡ് ബുക്കിലില്ല, സിമി പറഞ്ഞു.
ജെബി മേത്തര്‍ എംപി, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ് എന്നിവരുടെ പേരെടുത്തു പറഞ്ഞാണ് സിമി വിമര്‍ശിച്ചത്. വിവേചനങ്ങള്‍ നടപ്പാക്കുന്നത് പ്രതിപക്ഷ നേതാവ് അടക്കമുള്ള പവര്‍ ഗ്രൂപ്പാണെന്നും സിമി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക