പാരീസ്: പാരാലിംപിക്സില്‍ ഭാരതത്തിന് ഒരേയൊരു വെങ്കല മെഡല്‍ മാത്രം. പിസ്റ്റള്‍ എസ്എച്ച്1 ഇനത്തില്‍ റുബിന ഫ്രാന്‍സിസാണ് ഭാരതത്തിന് ഇന്നലെ വെങ്കലം സമ്മാനിച്ചത്. 211.1 പോയിന്റില്‍ ഫിനിഷ് ചെയ്താണ് റുബിന വെങ്കലം ഉറപ്പിച്ചത്. പുരുഷന്മാരുടെ ബാഡ്മിന്റണില്‍ സുകന്ത് കദം, സുഹാസ് യതിരാജ് സെമിയില്‍ പ്രവേശിച്ചതോടെ മെഡല്‍ ഉറപ്പിച്ചു.
റുബിന ഫ്രാന്‍സിസ് ഫൈനലില്‍ പ്രവേശിച്ചത് ഏഴാം സ്ഥാനക്കാരിയായാണ്. പാരാലിംപിക്സില്‍ ഭാരതത്തിന്റെ അഞ്ചാം മെഡലാണ് റുബിന നേടിയത്. ഷൂട്ടിങ്ങില്‍ നിന്നും നാലാമത്തെയും. ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ആണ് ഭാരതത്തിന്റെ ഇതുവരെയുള്ള സമ്പാദ്യം. മെഡല്‍ പട്ടികയില്‍ പത്തൊമ്പതാം സ്ഥാനത്താണ് ഭാരതം.
അവനി ലെഖാരാ സ്വര്‍ണം നേടിക്കൊണ്ടാണ് ഭാരതത്തിന്റെ മെഡല്‍ കൊയ്ത്ത് തുടങ്ങിയത്. പിന്നീട് മോന അഗര്‍വാള്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ വെങ്കലം നേടി. പ്രീതി പാലും വെങ്കലം സ്വന്തമാക്കി. വനിതകളുടെ 100 മീറ്റര്‍ ടി35 ഇനത്തിലായിരുന്നു പ്രീതി പാലിന്റെ വെങ്കല നേട്ടം. പുരുഷന്മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനീഷ് നര്‍വാള്‍ ആണ് ഭാരതത്തിന് വെള്ളി മെഡല്‍ സമ്മാനിച്ചത്.
മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചൈനയ്ക്ക് 34 മെഡലുകളായി. 16 സ്വര്‍ണമാണ് ചൈനയ്ക്കുള്ളത്. ഏഴ് സ്വര്‍ണമടക്കം 18 മെഡലുകളുള്ള ബ്രിട്ടന് ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണമുള്ള നെതര്‍ലന്‍ഡ്സ് ആണ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: