ന്യൂദൽഹി : വിഎച്ച്പി നേതാവ് വികാസ് പ്രഭാകറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് എൻഐഎ വെള്ളിയാഴ്ച പഞ്ചാബിൽ തിരച്ചിൽ നടത്തി. ഏപ്രിൽ 13നാണ് പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ നംഗലിലെ പലഹാരക്കടയിൽവെച്ച് വികാസ് ബഗ്ഗ എന്ന പ്രഭാകർ വെടിയേറ്റ് മരിച്ചത്.
വിശ്വഹിന്ദു പരിഷത്തിന്റെ നംഗൽ പ്രസിഡൻ്റായിരുന്നു അദ്ദേഹം. മെയ് ഒമ്പതിന് സംസ്ഥാന പോലീസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തു. അതേ സമയം വികാസ് പ്രഭാകറിനെ കൊലപ്പെടുത്തിയ കേസിൽ തിരച്ചിൽ നടക്കുകയാണെന്ന് എൻഐഎ വക്താവ് പറഞ്ഞു. തിരച്ചിൽ സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ അറിവായിട്ടില്ല.
കൂടാതെ കൊലപാതകത്തിന് ഉപയോഗിച്ച നിയമവിരുദ്ധ ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്ത കുനാൽ എന്ന കുനാൽ (22) എന്നയാളെ അടുത്തിടെ പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ദൽഹി പോലീസ് സ്പെഷ്യൽ സെല്ലുമായുള്ള ഏകോപിത ഓപ്പറേഷനിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ മധ്യപ്രദേശിൽ നിന്നാണ് അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങിയതെന്നും വിദേശ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ ഹർവീന്ദർ കുമാറിന്റെ നിർദ്ദേശപ്രകാരമാണ് വെടിവെപ്പുകാർക്ക് ഇവ എത്തിച്ചതെന്നും എൻഐഎ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: