ന്യൂദൽഹി : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അതിവേഗ കോടതികളും സമയബന്ധിതമായ അന്വേഷണവും ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ വിമർശനം ഉന്നയിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി. കത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ വസ്തുതാപരമായി തെറ്റാണെന്നും സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ (എഫ്ടിഎസ്‌സി) പ്രവർത്തനത്തിലെ കാലതാമസം മറയ്‌ക്കുകയാണ് മമതയുടെ ലക്ഷ്യമെന്നും ദേവി വിമർശിച്ചു.
സംസ്ഥാനത്ത് 48,600 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിലും ബലാത്സംഗം, പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാൻ പശ്ചിമ ബംഗാളിൽ അധിക ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്ന് ദേവി ചൂണ്ടിക്കാട്ടി. കൂടാതെ ബലാത്സംഗ കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സ്കീം മാർഗ്ഗനിർദ്ദേശങ്ങൾ എക്സ്ക്ലൂസീവ് സ്റ്റാഫുകൾക്കും ജുഡീഷ്യൽ ഓഫീസർമാർക്കും നൽകുന്നുണ്ടെന്നും ദേവി ഊന്നിപ്പറഞ്ഞു.
ഇതിനു പുറമെ ബലാത്സംഗത്തിനുള്ള കർശനമായ ശിക്ഷകൾ ഭാരതീയ ന്യായ സൻഹിതയ്‌ക്ക് കീഴിൽ നിലവിലുണ്ടെന്നും മിനിമം 10 വർഷത്തെ കഠിനതടവ് ജീവപര്യന്തമോ മരണമോ വരെ നീട്ടാവുന്നതാണെന്നും മന്ത്രി എടുത്തുപറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും നേരിടാൻ കേന്ദ്രസർക്കാരിന്റെ നിയമങ്ങൾ സമഗ്രവും കർക്കശവുമാണെന്ന് അവർ ആവർത്തിച്ചു.
സംസ്ഥാന സർക്കാർ കേന്ദ്ര നിയമനിർമ്മാണങ്ങൾ പിന്തുടരുകയാണെങ്കിൽ അത് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ശാശ്വതമായ സ്വാധീനം ചെലുത്തുമെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: