കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയിലെ കോഴിക്കോടിന്റെ ഫുട്‌ബോള്‍ ടീമായ കാലിക്കറ്റ് എഫ്‌സിയുടെ 25 അംഗ ടീമിനെ പ്രഖ്യാപിക്കുന്ന മെഗാ ടീം ലോഞ്ച് നാളെ.
കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ ആറ് വിദേശ താരങ്ങള്‍, ഒമ്പത് ദേശീയ താരങ്ങള്‍ എന്നിവര്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള കളിക്കാരും ഉള്‍പ്പെട്ട ടീമിനെയായിരിക്കും കാലിക്കറ്റ് എഫ്‌സി പ്രഖ്യാപിക്കുക. രാജ്യാന്തര തലത്തില്‍ പ്രശസ്തനായ ഇയാന്‍ ഗിലിയനാണ് കാലിക്കറ്റ് എഫ്‌സിയുടെ മുഖ്യ പരിശീലകന്‍. ബിബി തോമസ് മുട്ടത്താണ് അസി. കോച്ച്. 2024-25 ലേക്കുള്ള സന്തോഷ്‌ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള ടീം പരിശീലകനായി ബിബി തോമസിനെ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി തെരഞ്ഞെടുത്തിരുന്നു.
ടീമംഗങ്ങളുടെ പ്രഖ്യാപനവും പരിചയപ്പെടുത്തലും നാളെ വൈകിട്ട് നാലിന് കോഴിക്കോട് ബീച്ചില്‍ നടക്കും. സംഗീതബാന്‍ഡുകള്‍, പ്രദര്‍ശനമത്സരം, ആഘോഷപരിപാടികളുമുണ്ടാകുമെന്നും ടീം ഫ്രാഞ്ചൈസി ഉടമ വി കെ മാത്യൂസ് പറഞ്ഞു.കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനവും മത്സരപരിചയവും നല്കി പ്രൊഫഷണല്‍ കളിക്കാരായി വളര്‍ത്തിക്കൊണ്ടു വരാനാണ് കാലിക്കറ്റ് എഫ്‌സി ലക്ഷ്യമിടുന്നത്. ഫുട്‌ബോളിന് പറ്റിയ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ യുവജനതയെ പ്രചോദിപ്പിക്കാനും അതിലൂടെ കായികരംഗത്ത് സംസ്ഥാനത്തിന് ശോഭനമായ ഭാവിയുണ്ടാക്കാനും സാധിക്കും.
കഴിഞ്ഞ പത്തിന് കാലിക്കറ്റ് എഫ്‌സി ജേഴ്‌സികള്‍ പ്രകാശനം ചെയ്തു. ഹോം മത്സരങ്ങള്‍ക്ക് ടീല്‍, നീല, എവേ മത്സരങ്ങള്‍ക്ക് മഞ്ഞ, പരിശീലനത്തിന് പിങ്ക്, ലാവെന്‍ഡര്‍ എന്നിങ്ങനെയാണ് ജേഴ്‌സിയുടെ നിറങ്ങള്‍. കോച്ച് ഇയാന്‍ ഗിലിയന്‍, അസി. കോച്ച് ബിബി തോമസ് മുട്ടത്ത്, ടീം ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍, അഞ്ച് ടീമംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വന്‍ ആരാധകവൃന്ദത്തിനു മുന്നിലാണ് ജേഴ്‌സികള്‍ അവതരിപ്പിച്ചത്. ആഗസ്റ്റ് ആദ്യവാരം മുതല്‍ മുക്കത്തെ എംഎഎംഒ സ്റ്റേഡിയത്തില്‍ ടീമിന്റെ പരിശീലനം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: