മുംബൈ: ജന്‍ധന്‍ അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഭാരതത്തില്‍ വിപ്ലവം സൃഷ്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെല്ലാവര്‍ക്കും ഡിജിറ്റില്‍ ഐഡന്റിറ്റിയുണ്ടായെന്നും മുംബൈയില്‍ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2024നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
ഒരുകാലത്ത് ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയാണ് ഏവരും അഭിനന്ദിച്ചിരുന്നത്. എന്നാലിന്ന് ഭാരതത്തിലെ ഫിന്‍ടെക് വൈവിധ്യങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ മതിപ്പുളവാക്കുന്നു. കുറഞ്ഞ വിലയില്‍ ഫോണുകള്‍ വിപണിയിലെത്തിയതും സീറോ ബാലന്‍സ് ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ സാധിച്ചതും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. 27 ട്രില്യണ്‍ തുകയാണ് മുദ്ര വായ്പകള്‍ വഴി വിതരണം ചെയ്തത്. അതില്‍ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായിരുന്നുവെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
വനിതാ സ്വയംസഹായ സംഘങ്ങളെ ബാങ്കിങ് മേഖലയിലേക്ക് എത്തിക്കാന്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് സാധിച്ചു. 10 കോടി ഗ്രാമീണ സ്ത്രീകള്‍ അതിന്റെ നേട്ടം സ്വന്തമാക്കി. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിന് ശക്തമായ അടിത്തറ പാകാന്‍ ജന്‍ധന്‍ യോജന പദ്ധതി വലിയ പങ്കാണ് വഹിച്ചത്. രാജ്യത്ത് 53 കോടിയിലധികം ആളുകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുകളുണ്ട്. ഇന്ന് ലോകത്തിലെ പകുതിയോളം ഡിജിറ്റല്‍ ഇടപാടുകളും നടക്കുന്നത് ഭാരതത്തിലാണ്.
എല്ലാവര്ക്കും ഡിജിറ്റല്‍ ഐഡന്റിറ്റിയുണ്ടായത് ഭാരതത്തിന്റെ സാങ്കേതിക വിപ്ലവത്തിന്റെ നേര്‍സാക്ഷ്യമാണ്. ഭാരതീയര്‍ക്ക് എന്തുകൊണ്ട് ആവശ്യത്തിന് ബാങ്ക് ശാഖകള്‍ ഇല്ല, ആവശ്യത്തിന് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്ല, അപര്യാപ്തമായ വൈദ്യുതി മാത്രം ലഭിക്കുന്ന സാഹചര്യത്തില്‍ എപ്രകാരമാണ് ഫിന്‍ടെക് വിപ്ലവം സംഭവിക്കുകയെന്ന് ചിലര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ‘ചായ്വാല’ പ്രധാനമന്ത്രിയോടായിരുന്നു ചോദ്യം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്ത് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ആറ് കോടിയില്‍ നിന്ന് 94 കോടിയായി ഉയര്‍ന്നു. ഒരു ഡിജിറ്റല്‍ ഐഡന്റിറ്റിയോ ബ്രോഡ്ബാന്‍ഡ് കണക്ഷനോഇല്ലാത്ത, 18 വയസ് പൂര്‍ത്തിയായ വ്യക്തി രാജ്യത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: