ബെംഗളൂരു: അങ്കോള- ഷിരൂര്‍ ദേശീയ പാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ഉടന്‍ പുനരാരംഭിക്കും. തെരച്ചിലിന് ഗോവയില്‍ നിന്നുള്ള ഡ്രഡ്ജര്‍ അടുത്ത ആഴ്ച ഷിരൂരില്‍ എത്തിക്കും. ഡ്രഡ്ജര്‍ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം ഡ്രഡ്ജര്‍ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
നിലവിലെ കാലാവസ്ഥ ഡ്രഡ്ജിങിന് അനുകൂലമല്ലെന്നും മറ്റു പരിശോധനകളെല്ലാം പൂര്‍ത്തിയായെന്നും ഡ്രഡ്ജിങ് കമ്പനി അറിയിച്ചിട്ടുണ്ട്. കടലിലൂടെയും പുഴയിലൂടെയും ഡ്രഡ്ജര്‍ എത്തിക്കാനുള്ള സാഹചര്യം ഷിരൂരില്‍ ഇപ്പോള്‍ സാധ്യമല്ലെന്നും അടുത്ത ആഴ്ചയോടെ സാഹചര്യം അനുകൂലമാകുമെന്നും കമ്പനി എംഡി പറഞ്ഞു.
വ്യാഴാഴ്ച നാവികസേന ഗംഗാവലി പുഴയില്‍ നടത്തിയ പരിശോധയില്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതായി കണ്ടെത്തിയിരുന്നു. പ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ അടിയൊഴുക്ക് കൂടി. ഉത്തര കന്നഡ ജില്ലയില്‍ ഈ ആഴ്ചയും അടുത്ത ആഴ്ചയും കനത്ത മഴ മുന്നറിയിപ്പുമുണ്ട്. പുഴയിലെ അടിയൊഴുക്കിന്റെ നിലവിലെ സാഹചര്യം നാവിക സേന ഉത്തര കന്നഡ ജില്ലാ ഭരണ കൂടത്തിന് കൈമാറും.
ഇതനുസരിച്ചാകും സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുക. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രഡ്ജറിന്റെ സഹായത്തോടെ ഉടന്‍ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, അര്‍ജുന്റെ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനാണ് ഏകോപന ചുമതല. പുഴയിലെ ഒഴുക്കും കാലാവസ്ഥയും അനുകൂലമാണെന്ന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്കിയാല് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് മറ്റു തടസങ്ങളില്ല. പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 16നായിരുന്നു ഗംഗാവലി പുഴയിലെ തെരച്ചില്‍ നാവികസേന നിര്‍ത്തിയത്. തെരച്ചില്‍ നിര്‍ത്തുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അടിയൊഴുക്ക് ഇപ്പോള്‍ ഉള്ളതായാണ് വിവരം.
അടിയൊഴുക്ക് ശക്തമായതിനാല്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതാണ് തെരച്ചിലിനുതടസം നില്ക്കുന്ന ഘടകം.ജൂലൈ 16 നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്.
നേരത്തേ 96 ലക്ഷം രൂപയാണ് ഡ്രഡ്ജര്‍ എത്തിക്കാന്‍ ചിലവ് പ്രതീക്ഷിച്ചിരുന്നത്. പുഴയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള ചെലവ് വേറെ വേണ്ടിവരും. നാല് മീറ്റര്‍ വരെ ആഴത്തില്‍ തെരച്ചില്‍ നടത്താന്‍ ഡ്രഡ്ജറിന് സാധിക്കും. പുഴയുടെ അടിത്തട്ടിലെ മണ്ണും കല്ലും നീക്കിയാല്‍ മാത്രമേ തെരച്ചില്‍ സാധ്യമാകൂവെന്ന് നാവികസേന അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: