മുംബൈ : കങ്കണ റണാവത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന എമർജൻസി എന്ന ചിത്രം നിരോധിക്കാൻ തെലങ്കാന സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. മുൻ ഐപിഎസ് ഓഫീസർ തേജ് ദീപ് കൗർ മേനോന്റെ നേതൃത്വത്തിൽ തെലങ്കാന സിഖ് സൊസൈറ്റിയുടെ ഒരു പ്രതിനിധി സംഘം സർക്കാർ ഉപദേഷ്ടാവ് മുഹമ്മദ് അലി ഷബീറിനെ സെക്രട്ടേറിയറ്റിൽ എത്തി കണ്ടിരുന്നു.
എമർജൻസി എന്ന ചിത്രത്തിന്റെ റിലീസ് സംസ്ഥാനത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിഖ് സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങളുള്ളതിനാൽ ഈ സിനിമയുടെ ചിത്രീകരണം നിയമവിരുദ്ധമാണെന്ന് ആശങ്ക പ്രകടിപ്പിച്ച് 18 അംഗ സിഖ് സൊസൈറ്റി സംഘം നിവേദനം നൽകിയിട്ടുണ്ടെന്നും ഷബീർ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ശ്രദ്ധയിൽ പെടുത്തിയതായി സർക്കാർ ഉപദേഷ്ടാവ് മുഹമ്മദ് അലി ഷബീർ പറഞ്ഞു.
സിനിമയിൽ സിഖുകാരെ തീവ്രവാദികളും ദേശവിരുദ്ധരുമായി ചിത്രീകരിക്കുന്നുണ്ടെന്നും ഇത് സഹിക്കാനാകില്ലെന്നും സംഘം പറഞ്ഞു. തെലങ്കാനയിൽ ചിത്രം നിരോധിക്കുന്ന കാര്യം മുഖ്യമന്ത്രി പരിശോധിക്കണമെന്ന് ഷബീർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞതായും ഷബീർ പറഞ്ഞു. തെലങ്കാനയിലെ ജനസംഖ്യയുടെ 2 ശതമാനമാണ് സിഖ് സമുദായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: