പാലക്കാട്: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാലക്കാട് വ്യവസായ നഗരം പദ്ധതി, സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് ഉണര്‍വേകും. ഫെബ്രുവരി 15ന് പാരിസ്ഥിതിക അനുമതി ലഭിച്ചതോടെയാണ് നടപടികള്‍ ത്വരിതഗതിയിലായത്.
സംസ്ഥാനത്തു രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് പുതുശ്ശേരിയിലാണ് പദ്ധതി. കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം കമ്പനികളാണ് കഞ്ചിക്കോടുള്ളത്. ഇവയില്‍ പലതും പല കാരണങ്ങളാലും പൂട്ടി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് തകര്‍ന്ന കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് ഉത്തേജനമാകും. ഭൂമിയുടെ വില വര്‍ധിക്കും.
ചെന്നൈ- ബെംഗളൂരു ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്കു നീട്ടാന്‍ 2019ലാണ് തീരുമാനമായത്. കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴിക്കാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്. പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജില്‍ 1137 ഏക്കറും, വെസ്റ്റ് വില്ലേജില്‍ 240 ഏക്കറും കണ്ണമ്പ്ര വില്ലേജില്‍ 313 ഏക്കറുമാണ് പദ്ധതിക്ക് ഏറ്റെടുത്തത്. 3806 കോടി രൂപ ചെലവില്‍ 1710 ഏക്കറിലാണ് വ്യവസായ സ്മാര്‍ട്ട് സിറ്റി ഒരുങ്ങുക. 8729 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
പുതുശ്ശേരി വരെ ദേശീയപാതയോരത്ത് 160 കിലോമീറ്ററിലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമുപയോഗിച്ച് ഇടനാഴി. സ്ഥലമേറ്റെടുപ്പ് 80 ശതമാനവും പൂര്‍ത്തിയായി. സ്ഥല ഉടമകള്‍ക്കുള്ള നഷ്ടപരിഹാര വിതരണവും 80 ശതമാനം പൂര്‍ത്തിയായി. കോയമ്പത്തൂരില്‍ നിരവധി വ്യവസായങ്ങളുണ്ട്. ഇതിന്റെ ഗുണവും കേരളത്തിനു ലഭിക്കും. റോഡ്, റെയില്‍ ഗതാഗതങ്ങളുടെ പശ്ചാത്തല സൗകര്യ വികസനവുമുണ്ടാകും. ചരക്ക്- സേവന ഗതാഗതവും ഇരട്ടിയാകും. ദേശീയപാതയുടെ വീതികൂട്ടല്‍ ഉള്‍പ്പെടെ ഉടന്‍ നടക്കും. കോയമ്പത്തൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍, തമിഴ്നാട് തൂത്തുക്കുടി- കൊച്ചി തുറമുഖങ്ങള്‍ എന്നിവയെല്ലാം പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കു ഗുണം ചെയ്യും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം ഓഹരിയുള്ള പദ്ധതിയില്‍ കേന്ദ്രമാണ് വ്യവസായ പാര്‍ക്ക് ഒരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: