കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ കൊല്ലപ്പെട്ട പിജി ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെട്ട് ബംഗാളില്‍ പ്രതിഷേധം കനക്കുന്നു. ഇന്നലെയും ബിജെപി നിരവധി റാലികള്‍ സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ ജനങ്ങളും തെരുവിലിറങ്ങിയിരിക്കുകയാണ്.
റാലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ അത് തടയാന്‍ പോലീസ് ശ്രമങ്ങളാരംഭിച്ചുവെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാര്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തി സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ മൈതാനത്ത് ബിജെപി റാലി സംഘടിപ്പിച്ചു. മുഖ്യമന്ത്രി മമത ഡോക്ടറുടെ കൊലപാതക്കേസ് അന്വേഷണം വഴിതിരിച്ചുവിട്ടു, പ്രധാന കുറ്റവാളികളെ സംരക്ഷിക്കുന്നു അവര്‍ രാജിവയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ആറിന് ശ്യാംബസാറില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. സംഭവത്തില്‍ ആശുപത്രി പരിസരത്തിനുമപ്പുറമുള്ള ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍ജി കര് മെഡിക്കല്‍ കോളജിലെ ഒരു ജൂനിയര്‍ ഡോക്ടര്‍ പറഞ്ഞു. സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനും തങ്ങളുടെ സന്ദേശം സമൂഹത്തിലെത്തിക്കാനുമുള്ള ശക്തമേറിയ ഒരായുധമായാണ് ഇതിനെ കാണുന്നത്. ഡോക്ടറുടെ കൊലയ്ക്ക് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യും വരെ തങ്ങളുടെ പോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ചത്തെ ബന്ദ് പൂര്‍ണമായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം ബന്ദിലും പ്രതിഷേധത്തിലും പങ്കെടുത്ത ബിജെപി നേതാക്കളും പ്രവര്‍ത്തകരുമുള്‍പ്പെടെ 64 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: