ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്‌ട്ര സന്ദര്‍ശിക്കും. രാവിലെ 11ന് മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആഗോള ഫിന്‍ടെക് മേളയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ഉച്ചയ്‌ക്ക് 1.30ന്, പാല്‍ഘറിലെ സിഡ്കോ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ 76,000 കോടി രൂപയുടെ വാധ്വന്‍ തുറമുഖ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 1560 കോടി രൂപയുടെ 218 മത്സ്യബന്ധന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പതിമൂന്ന് തീരദേശ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങളില്‍ ഒരു ലക്ഷം ട്രാന്‍സ്പോന്‍ഡറുകള്‍ സ്ഥാപിക്കുന്നതിനും പ്രധാനമന്ത്രി തുടക്കമിടും.
ഭാരതത്തിലെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖങ്ങളിലൊന്നാണ് വാധ്വന്‍. ഈ തുറമുഖം തുറക്കപ്പെടുന്നതിലൂടെ അന്താരാഷ്‌ട്ര കപ്പല്‍ പാതകളിലേക്ക് നേരിട്ട് സമ്പര്‍ക്ക സൗകര്യമൊരുക്കുകയും യാത്രാസമയവും ചെലവും കുറയ്‌ക്കുകയും ചെയ്യും. ആഗോള വ്യാപാരകേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തും. വലിയ കണ്ടെയ്നര്‍ കപ്പലുകള്‍ കൈകാര്യം ചെയ്യല്‍, ആഴത്തിലുള്ള ഡ്രാഫ്റ്റുകള്‍ ഉറപ്പാക്കല്‍, വളരെ വലിയ ചരക്കു കപ്പലുകളെ ഉള്‍ക്കൊള്ളല്‍ എന്നിവയിലൂടെ രാജ്യത്തിന്റെ വ്യാപാരവും സാമ്പത്തിക വളര്‍ച്ചയും ഉത്തേജിപ്പിക്കുന്ന ലോകോത്തര സമുദ്ര കവാടം സ്ഥാപിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. അത്യാധുനിക സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. തുറമുഖം ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രാദേശിക വ്യവസായങ്ങളെ ഉത്തേജിപ്പിക്കുമെന്നും പ്രദേശത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിനു സംഭാവന നല്കുമെന്നും പ്രതീക്ഷിക്കുന്നു. പാല്‍ഘര്‍ ജില്ലയിലെ ഡഹാണു പട്ടണത്തിനടുത്താണ് വാധ്വന്‍ തുറമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: