തിരുവനന്തപുരം: ചില മാധ്യമങ്ങളും ബുദ്ധിജീവികളും നിന്ദ്യമായ വിധത്തില്‍ വിദേശരാജ്യങ്ങളോട് കൂറുപുലര്‍ത്തുകയും ഭാരതത്തോട് വെറുപ്പുപുലര്‍ത്തുകയും ചെയ്യുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. കേസരി വാരിക സംഘടിപ്പിച്ച ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ് സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇത്തരം ആള്‍ക്കാരാണ് ജീവിത സൂചികയില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യയെക്കാള്‍ മുന്നിലാണെന്ന് പ്രചരണം നടത്തിയത്. ഇവര്‍ വൈദേശിക പണം കൈപ്പറ്റി അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞും പെരുപ്പിച്ചുകാട്ടിയും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യം ഇല്ലാതാക്കുകയും ചെയ്യുന്നു. ഭാരതത്തെ പല കക്ഷണങ്ങളാക്കി വിഭജിക്കുകയാണ് ഇവരുടെ ലക്ഷ്യം.
വിദേശപണത്തിന്റെ സഹായം കൈപ്പറ്റുന്ന ഇത്തരം ഇടതുബുദ്ധിജീവികള്‍ക്ക് ഭാരതത്തിന്റെ ഏകതയെ അംഗീകരിക്കാന്‍ മടിയാണ്. നമ്മുടെ ഏകത ഹിന്ദുത്വമാണെന്ന് തുറന്നുപറയേണ്ടിവരുമെന്നതിനാലാണ് ഇവരുടെ വൈമനസ്യം. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ വിഘടനവാദമുയര്‍ത്തിക്കൊണ്ട് വൈചാരിക മേഖലയില്‍ ഭാരതത്തിനെതിരെ ഒരു യുദ്ധം നടക്കുകയാണ്. എല്ലാവിധ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഇടമായി കേരളം മാറി. ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പിനും വേണ്ടിവന്നാല്‍ ഒരു കടന്നാക്രമണത്തിനും നാം തയ്യാറാകണം.ഭാരതത്തിന്റെ ദക്ഷിണഭാഗത്ത് വിഘടനവാദം വളര്‍ത്താനുള്ള ബോധപൂര്‍വമായ പരിശ്രമം നടക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതീയത അടര്‍ത്തിമാറ്റിയതുകൊണ്ടാണ് വേദം പിറവികൊണ്ട സിന്ധൂതീരവും ഗാന്ധാരവും ധാക്കയുമെല്ലാം ഭാരതത്തില്‍ നിന്ന് വേര്‍പെട്ടുപോയത്. കേരളം മലയാളികളുടെ മാതൃഭൂമിയെന്നും വിശാല ആന്ധ്രയെന്നുമെല്ലാം പുസ്തകമെഴുതി വിഭജനവാദം ഉയര്‍ത്തിയ ഇടതു പ്രത്യയശാസ്ത്രക്കാര്‍ക്ക് ദേശീയപ്രസ്ഥാനങ്ങളുടെ കരുത്തുകൊണ്ട് ശക്തിപ്രാപിക്കാനായില്ല. എന്നാല്‍ അവരുടെ പിന്തലമുറ വിഭജനചിന്തയുടെ വിത്തുപാകാനുള്ള ശ്രമം സജീവമായി തുടരുന്നു. കട്ടിങ് സൗത്ത്പോലുള്ള പ്രചരണങ്ങള്‍ ഇതിന്റെ തുടര്‍ച്ചയാണ്. ഇതിനെ നേരിടാന്‍ ഭാരതീയതയെ ശക്തിപ്പെടുത്തണം. ദേശവിരുദ്ധര്‍ക്കെതിരായ യുദ്ധത്തിനായി ശക്തരായ തലമുറയ വാര്‍ത്തെടുക്കണം.ജെ നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്ര്യം നേടിയ ശേഷവും ഭാരതത്തെ ശിഥിലമാക്കാന്‍ കാനഡ പോലുള്ള വിദേശ രാജ്യങ്ങള്‍ ശ്രമിക്കുന്നതായി അധ്യക്ഷം വഹിച്ച മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.കട്ടിങ്സൗത്ത് മാത്രമല്ല, ശ്രീനാരായണഗുരു ഹിന്ദുവല്ല ഈഴവര്‍ ഹിന്ദുക്കളല്ല തുടങ്ങി എല്ലാതലത്തിലും വിഭജന അജണ്ട നടപ്പാക്കുകയാണ്. ഇതിനെ അതിജീവിക്കാന്‍ എന്താണ് സനാതന ധര്‍മ്മമെന്ന് കുട്ടിക്കാലം മുതല്‍ പഠിപ്പിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ്പിള്ള, ഡോ.ടി.ജി.വിനോദ്കുമാര്‍, അഡ്വ.അഞ്ജന സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
‘ഭിന്നിപ്പിക്കുന്ന ആഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ അക്കാഡമിഷ്യന്മാരുടെ പങ്ക്’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നമ്മല്‍, മദന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജി സുരേഷ,് ഡോ രഞ്ജിത് ഹരി, ഡോ. ലക്ഷമി വിജയന് എന്നിവര്‍ സംസാരിച്ചു. ജ്യോതിഷ് ചന്ദ്രന് അധ്യക്ഷം വഹിച്ചു.
‘എന്തു കൊണ്ട് ചില മാധ്യമങ്ങള്‍ ദേശവിരുദ്ധരാകുന്നു’ എന്ന വിഷയം ഓര്‍ഗനൈസര്‍ ചിഫ് എഡിറ്റര്‍ പ്രഫുല്‍ കേല്‍ക്കര്‍, സംവാദകന് ശ്രീജിത്ത് പണിക്കര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഡോ ടി പി ശങ്കരന് കുട്ടിനായര്‍ അധ്യക്ഷം വഹിച്ചു. ജി കെ സുരേഷ് ബാബു, ഡോ വി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
കോണ്‍ക്ലേവ് ഗോവാ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു. മുന്‍ അംബാസിഡര്‍ ഡോ. ടി.പി.ശ്രീനിവാസന് അധ്യക്ഷതവഹിച്ചു. മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ,കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്.മധു, നാക് മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റ് ഡോ.കെ.എന്‍.മധുസൂദനന്‍പിള്ള, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംഡി റാണി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: