ശ്രീനഗര്‍: ഒരു പതിറ്റാണ്ടിന് ശേഷം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജമ്മുകശ്മീരില്‍ ജനാധിപത്യത്തിന്റെ വഴിയിലേക്ക് മുന്‍ തീവ്രവാദികളും. തെഹ്രീകെ- ഇ- അവാം എന്ന രാഷ്‌ട്രീയ സംഘടനയ്‌ക്ക് രൂപം നല്കിയാണ് വിഘടനവാദ പ്രവര്‍ത്തനത്തില്‍ നേരത്തെ ഏര്‍പ്പെട്ടിരുന്നവര്‍ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത്. തെഹ്രീകെ- ഇ- അവാമിന്റെ പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ മത്സരിക്കുന്നത്. നിരോധിത ജമാഅത്തെ ഇസ്ലാമിയുടെ അംഗങ്ങളും ഇവരോടൊപ്പമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയെയും പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് സജാദ് ഗനി ലോണിനെയും പരാജയപ്പെടുത്തിയ വിഘടനവാദി നേതാവ് എന്‍ജിനീയര്‍ റാഷിദ് എന്നറിയപ്പെടുന്ന അബ്ദുള്‍ റാഷിദ് ഷെയ്ഖിന്റെ വിജയമാണ് പുതിയ സംഘടനാ രൂപീകരണത്തിന് പ്രേരണ.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ കൊടുംഭീകരന്‍ അഫ്സല്‍ ഗുരുവിന്റെ സഹോദരന്‍ അജാസ് അഹമ്മദ് ഗുരുവും സ്ഥാനാര്‍ത്ഥിയാണ്. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സൈനികര്‍ക്കെതിരെ കല്ലേറ് നടത്തി ജയിലിലായ സര്‍ജന്‍ ബര്‍കതിയും മത്സരരംഗത്തുണ്ട്. ഇയാള്‍ ഇപ്പോഴും ശ്രീനഗറില്‍ ജയിലിലാണ്.
സപ്തംബര്‍. 18 മുതല്‍ ഒക്ടോ. ഒന്ന് വരെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: