അമേരിക്കയിലെ സെന്‍റ് ലൂയിസില്‍ നടക്കുന്ന ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായുള്ള സിംഗ്വെഫീല്‍ഡ് ചെസില്‍ പ്രജ്ഞാനന്ദയും ഗുകേഷും മൂന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി എട്ട് റൗണ്ടുകളിലും സമനില പാലിച്ച ഇവര്‍ നാല് പോയിന്‍റുകള്‍ വീതം നേടിയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.
അതേ സമയം ചില കളികളില്‍ ജയിക്കുകയും ബാക്കിയുള്ളവ സമനില പാലിക്കുകയും ചെയ്ത് ഫ്രഞ്ച് താരം അലിറെസ ഫീറൂഷ എട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ അഞ്ചര പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തി. ചൈനയുടെ ഡിങ് ലിറനെയുള്‍പ്പെടെ ഫിറൂഷ തോല്‍പിച്ചിരുന്നു. ഒരു റൗണ്ട് കൂടി കളി ബാക്കിയുള്ളപ്പോള്‍ തന്നെ പോയിന്‍റ് നിലയില്‍ ചാമ്പ്യനായി. അമേരിക്കയുടെ ഫാബിയാനോ കരുവാന നാലര പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.
ഗുകേഷിനും പ്രജ്ഞാനന്ദയ്‌ക്കും പുറമെ ഫ്രാന്‍സിന്റെ ലെഗ്രാവ്, ഉസ്ബെക്കിസ്ഥാന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവ്, യുഎസിന്റെ വെസ്ലി സോ എന്നിവരും നാല് പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്.
എന്തായാലും ഗുകേഷിനെപ്പോലെ പ്രജ്ഞാനന്ദയും വിജയത്തേക്കാള്‍ സമനിലകള്‍ പിടിച്ചുവാങ്ങി സുരക്ഷിതമായി കളിക്കുന്നതാണ് കണ്ടത്. അതിനാല്‍ വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചില്ലെങ്കിലും വലിയ തോല്‍വികള്‍ ഏറ്റുവാങ്ങി പിന്നിലേക്ക് തള്ളപ്പെട്ടില്ല എന്നത് വലിയ കാര്യമാണ്.
വമ്പന്‍താരങ്ങളായ ചൈനയുടെ ഡിങ്ങ് ലിറനും റഷ്യയുടെ ഇയാന്‍ നെപോമ്നെഷിയും മൂന്ന് പോയിന്‍റുകള്‍ വിതം നേടി നാലാം സ്ഥാനത്താണെങ്കില്‍ ഡച്ച് താരം അനീഷ് ഗിരി രണ്ടര പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: