റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍-ഫയ്ഹയ്ക്കെതിരേ അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോള്‍ ഫുടോബോള്‍ ലോകം ആഘോഷിക്കുന്നു. ബുറയ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1നാണ് അല്‍ നസറിന്റെ വിജയം. ക്രിസ്റ്റ്യാനോയ്ക്ക് പുറമേ ടലിസ്കയുടെ ഇരട്ട ഗോളുകളും മാഴ്സലോ ബ്രോസോവിക്കിന്റെ ഗോളുമാണ് അല്‍ നസറിനെ വിജയത്തിലെത്തിച്ചത്. സീസണില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അല്‍ നസറിന്റെ ആദ്യ വിജയമാണിത്. ആദ്യ മത്സരത്തില്‍ അല്‍ റായിദിനോട് 1-1 സമനില വഴങ്ങിയിരുന്നു.
ക്രിസ്റ്റ്യാനോയുടെ ഫുട്ബോള്‍ കരിയറിലെ 899-ാമത്തെ ഗോളാണത്. 39കാരനായ താരം സൗദി ലീഗിലെ കഴിഞ്ഞ സീസണില്‍ 45 മത്സരങ്ങളില്‍നിന്നായി 44 ഗോളുകളടിച്ചിരുന്നു. ഈ സീസണില്‍ സൗദി സൂപ്പര്‍ കപ്പിലെ രണ്ട് ഗോളുകള്‍ ഉള്‍പ്പെടെ നാലു ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.
അതിനിടെ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ കൂടുതല്‍ ഗോളുകള്‍ക്ക് ഉടമയായ ക്രിസ്റ്റ്യാനോയെ ആദരിക്കാന്‍ യുവേഫ തീരുമാനിച്ചു. ലീഗിന്റെ ഗ്രൂപ്പ് ഘട്ടിലെ ഫിക്സ്ച്ചര്‍ തീരുമാനിക്കാന്‍ ഇന്ന് നറക്കെടുക്കുന്ന ചടങ്ങില്‍ ക്രിസ്റ്റ്യോനോയ്ക്ക് പ്രത്യേക പുരസ്കാരം നല്‍കും. വിവിധ ടീമുകള്‍ക്കായി ചാമ്പ്യന്‍സ് ലീഗില്‍ 183 കളികളില്‍ നിന്ന് 140 ഗോളുകളാണ് താരം നേടിയത്. ലീഗ് ചരിത്രത്തിലെ ടോപ് സ്കോററാണ്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകള്‍ക്കായാണ് ക്രിസ്റ്റ്യാനോ കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: