കോട്ടയം : റബ്ബര്‍ കര്‍ഷകരോട് അല്പം എങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ റബര്‍ വില സ്ഥിരതാ ഫണ്ടിലെ കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ എന്‍.ഹരി അഭിപ്രായപ്പെട്ടു.
റബര്‍ കര്‍ഷകര്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ ദൃശ്യമാകുന്നത്.
റബര്‍ വില മാര്‍ക്കറ്റ് വിലയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇനി നയാ പൈസ സബ്‌സിഡി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കേണ്ടി വരില്ല. 800 കോടിയോളം രൂപ കര്‍ഷകര്‍ക്കായി ബജറ്റില്‍ മാറ്റിവെച്ചു എന്ന് വിമ്പിളക്കുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും ആത്മാര്‍ത്ഥത തെളിയിക്കണം.
റബര്‍ വില തറ വിലയേക്കാള്‍ താഴ്ന്നു നില്‍ക്കുമ്പോള്‍ കംപ്യൂട്ടര്‍ സെര്‍വര്‍ തകരാറിലാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനാവാതെ അവര്‍ കഷ്ടപ്പെടുന്നു. ഇത്തരം രേഖകള്‍ റബര്‍ ബോര്‍ഡ് കൃത്യമായി നല്‍കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് സെര്‍വര്‍ തകരാറ് കാരണം അത് പ്രയോജനപ്പെടുത്താന്‍ കഴിയാറില്ല.ഇത്തരം സാങ്കേതിക തകരാറുകള്‍ സൃഷ്ടിച്ച് പണം നല്‍കാതിരിക്കാന്‍ ബോധപൂര്‍വ്വം കളം ഒരുക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തിരുന്നത്
റബര്‍ വില തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ജോസ് കെ മാണി എംപി ഉള്‍പ്പെടെയുള്ളവര്‍ സമര രംഗത്ത് ആയിരുന്നു ഇത്രയും നാള്‍ .കേന്ദ്രസര്‍ക്കാരിനെതിരെ ആയിരുന്നു വിമര്‍ശനം. രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തിയ ജോസ് കെ മാണിയും കൂട്ടരും ഇനി പിണറായിയുടെ അനങ്ങാപ്പാറ നയത്തിനെതിരെ ക്ലിഫ് ഹൗസില്‍ സമരം നടത്താന്‍ മുന്നോട്ടുവരണം.
അന്ന് പ്രതികരിക്കാന്‍ കാണിച്ച ആര്‍ജ്ജവം പാവപ്പെട്ട റബര്‍ കര്‍ഷകര്‍ക്ക് ഓണത്തിന് മുമ്പ് കുടിശിക സബ്‌സിഡി നല്‍കാന്‍ എങ്കിലും കാണിക്കണം. സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ കവാത്ത് മറക്കുന്ന പതിവ് ശീലം ഇനിയെങ്കിലും ഉപേക്ഷിക്കണം.
റബര്‍ കര്‍ഷകര്‍ക്കായി വാഗ്ദാന പെരുമഴയായിരുന്നു ഒരു ഘട്ടത്തില്‍. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മകമായ നടപടികളുടെ ഭാഗമായി വില സ്വപ്നതുല്യമായ അവസ്ഥയിലേക്ക് ഉയരുമ്പോള്‍ അതിന്റെ നേട്ടം സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു കേരള കോണ്‍ഗ്രസുകള്‍.
റബ്ബര്‍ വില സ്ഥിരതാ ഫണ്ട് 9-ാം ഘട്ടത്തില്‍ 62.09 കോടി രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ഇത് എത്രയും വേഗം വിതരണം ചെയ്യാന്‍ നടപടിയെടുക്കണം.
റബ്ബര്‍ സബ്‌സിഡി 250 രൂപയാക്കുമെന്ന് പറഞ്ഞ് കര്‍ഷകരെ വഞ്ചിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. പ്രകടനപത്രിയിലെ വാഗ്ദാനം പാലിക്കാന്‍ പോലും കഴിഞ്ഞില്ല.കഴിഞ്ഞ ലോക്‌സഭാ ഇലക്ഷന്‍ തൊട്ടുമുമ്പ് 10 രൂപ വര്‍ദ്ധിപ്പിച്ച് 180 രൂപയായി തറവില ഉയര്‍ത്തി.
എന്നാല്‍ ഇറക്കുമതി നിരോധിച്ചും ഉല്‍പാദനശേഷി വര്‍ദ്ധിപ്പിച്ചും കര്‍ഷകര്‍ക്ക് ഇതര സഹായങ്ങള്‍ നല്‍കിയും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെ വിപണി ച ലിച്ചു തുടങ്ങി.ഇപ്പോള്‍ 250 രൂപയില്‍ അധികം വിലയുള്ളതിനാല്‍ ഒരു പൈസ പോലും സംസ്ഥാന സര്‍ക്കാരിന് വില സ്ഥിരതാനിധിയില്‍ നിന്നും വിനിയോഗിക്കേണ്ടി വരില്ല.
റബര്‍ തറവില 180 രൂപയായി വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പുള്ള സബ്‌സിഡിയാണ് കുടിശിക ആയിട്ടുള്ളത്.അത് കരുതല്‍ നിധിയായുള്ള 600 കോടിയില്‍ നിന്ന് എത്രയും വേഗം നല്‍കണം.അതിന് മുടന്തന്‍ ന്യായം പറഞ്ഞ് കര്‍ഷകരെ വഞ്ചിക്കരുതെന്നും എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: