ആഫ്രിക്കയിലെ പല രാജ്യങ്ങളിലും വരൾച്ച അതിശക്തമാകുകയാണ് . ഈ വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത് നമീബിയയെയാണ്. ഭക്ഷണം പോലും കിട്ടാത്തവരാണ് ഇവിടെയുള്ളത് . ഇത്തരമൊരു സാഹചര്യത്തിൽ, 83 ആനകൾ ഉൾപ്പെടെ 723 വന്യമൃഗങ്ങളെ കൊല്ലാനും അവയുടെ മാംസം പൊതുജനങ്ങൾക്ക് നൽകാനും ഉത്തരവിട്ടിരിക്കുകയാണ് നമീബിയൻ സർക്കാർ .
നമീബിയ സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. 83 ആനകൾ, 300 സീബ്രകൾ, 30 ഹിപ്പോകൾ, 60 എരുമകൾ എന്നിവയുൾപ്പെടെ 723 മൃഗങ്ങളെ കൊല്ലാനാണ് സർക്കുലറിൽ പറയുന്നത് . ഇങ്ങനെ ഭക്ഷണത്തിന്റെ ആവശ്യകത നിറവേറ്റുമെന്നും മൃഗസംരക്ഷണത്തിനുള്ള സർക്കാരിന്റെ ചെലവ് കുറയ്‌ക്കുമെന്നും സർക്കുലറിൽ പറയുന്നു.
നമീബ് നൗക്ലഫ്റ്റ് പാർക്ക്, മങ്ങാട്ടി നാഷണൽ പാർക്ക്, ബ്വാബ്‌വത നാഷണൽ പാർക്ക്, എൻകാസ രൂപാര നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ മൃഗങ്ങളെ കൊല്ലാൻ സർക്കാർ ഉത്തരവിട്ടതായി സർക്കുലറിൽ പറയുന്നു. വരൾച്ച നേരിടുന്ന രാജ്യങ്ങളിലെ ഭക്ഷ്യശേഖരം ഏതാണ്ട് തീർന്ന നിലയിലാണ്. ഇതിനെ അതീജിവിക്കാനാണ് അധികൃതരുടെ ശ്രമം. വരും മാസങ്ങളിൽ നമീബിയയിൽ കൂടുതൽ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന് ഐക്യരാഷ്‌ട്രസഭ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപും വരൾച്ചക്കാലത്ത് 200 ലധികം മൃഗങ്ങളെ കൊല്ലാൻ നമീബിയൻ സർക്കാർ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: