India

ഏകീകൃത പെന്‍ഷന്‍ പദ്ധതി; സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കുടിശികയായി ലഭിക്കുക 800 കോടി

Published by

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയെ സ്വാഗതം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍. പുതിയ പദ്ധതി വഴി പെന്‍ഷനില്‍ 19 ശതമാനത്തിന്റെ വര്‍ധന ലഭിക്കുമെന്നാണ് കണക്ക്. കേന്ദ്രത്തിന് 6,250 കോടിയുടെ അധികച്ചെലവ് വരുന്ന പദ്ധതി 23 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കാണ് നേട്ടമാകുന്നത്. കൂടാതെ ദേശീയ പെന്‍ഷന്‍ സംവിധാനത്തില്‍ (എന്‍പിഎസ്) നിലവിലുള്ള, 2025 മാര്‍ച്ച് 31ന് മുമ്പ് വിരമിക്കുന്ന ജീവനക്കാര്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി തെരഞ്ഞെടുത്താല്‍ മുന്‍കാല പ്രാബല്യം ലഭിക്കുന്നതും ജീവനക്കാര്‍ക്ക് നേട്ടമാണ്. ഇതുവഴി ജീവനക്കാര്‍ക്ക് ലഭിക്കുന്ന കുടിശിക 800 കോടിയാണ്.

പത്തു വര്‍ഷമെങ്കിലും കുറഞ്ഞ സര്‍വീസുള്ളവര്‍ക്ക് 10,000 രൂപ കുറഞ്ഞ പെന്‍ഷനായി വ്യവസ്ഥ ചെയ്തതും ജീവനക്കാര്‍ക്ക് നേട്ടമായി. പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ വിഹിതം 14 ശതമാനത്തില്‍ നിന്ന് 18.5 ശതമാനമാക്കി വര്‍ധിപ്പിച്ചപ്പോള്‍ ജീവനക്കാരുടെ വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം മാത്രമാക്കി നിലനിര്‍ത്തിയതും ജീവനക്കാരുടെ പിന്തുണ ഉയര്‍ത്തി. കുറഞ്ഞത് 25 വര്‍ഷം സര്‍വീസുള്ളവര്‍ക്ക് അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി തുകയുടെ പകുതി പെന്‍ഷന്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതി വിരമിക്കാനിരിക്കുന്ന മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നേട്ടമാണ്.

പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനം സ്വീകരിച്ചു കഴിഞ്ഞു. മറ്റു ബിജെപി ഭരണ സംസ്ഥാന സര്‍ക്കാരുകളും പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. കേരളമടക്കമുള്ള സര്‍ക്കാരുകളും ഇക്കാര്യം ആലോചിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by