ഉരുള്‍പൊട്ടലില്‍ നാശം വിതച്ച വയനാടിന്റെ പുനരധിവാസത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ 20 കോടി രൂപയും, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 കോടി രൂപയും ധനസഹായം പ്രഖ്യാപിച്ചത് മാതൃകാപരമായ കാര്യമാണ്. ദുരന്തകാലത്ത് അതിജീവനത്തിനായി ശ്രമിക്കുന്ന ജനങ്ങളോടൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വാക്കുകളില്‍ നിറയുന്നത് മനുഷ്യസ്‌നേഹമാണ്. പ്രകൃതിദുരന്തം അനുഭവിക്കുന്ന ത്രിപുരയ്‌ക്കും ധനസഹായമായി 20 കോടി നല്‍കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയതിന്റെ ഫലമായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും കേരളത്തിന് 10 കോടി രൂപ നല്‍കുന്നത്. മനുഷ്യന്റെ കണ്ണീരിന് രാഷ്‌ട്രീയത്തിന്റെ നിറമില്ലെന്നും, ദുരന്തമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നുമുള്ള സന്ദേശമാണ് മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ നല്‍കുന്നത്. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി സര്‍ക്കാരുകളാണ്. ഈ ഒറ്റക്കാരണംകൊണ്ട് അന്ധമായി എതിര്‍ക്കുന്ന ഒരു കക്ഷിയും മുന്നണിയുമാണ് കേരളം ഭരിക്കുന്നത്. അവിടങ്ങളില്‍ നടക്കുന്ന ചില സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കുന്നതില്‍ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ദുരന്തനിവാരണത്തിന് കേരളത്തെ സഹായിക്കാന്‍ മനസ്സുകാണിച്ച മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് ബിജെപി സര്‍ക്കാരുകളുടെ നടപടി മാതൃകാപരമാകുന്നത്.
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടല്‍ സംഭവിച്ചയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ദുരിതാശ്വാസ നിധിയില്‍നിന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. പിന്നീട് ദുരന്ത മേഖല സന്ദര്‍ശിച്ച പ്രധാനമന്ത്രി ദുരന്തബാധിതര്‍ക്ക് കേന്ദ്രത്തിന്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരനും ദുരന്ത ബാധിതമേഖലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും, കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും പറയുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ഉത്തര്‍പ്രദേശും കേരളത്തിനുള്ള സഹായവുമായി രംഗത്തുവന്നത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചാണല്ലോ പലപ്പോഴും ചര്‍ച്ചകള്‍ നടക്കാറുള്ളത്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമെന്നതാണ് ബിജെപിയുടെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും നയം. കേന്ദ്ര-സംസ്ഥാനങ്ങള്‍ തമ്മിലെ ബന്ധങ്ങള്‍ക്കപ്പുറം രാജ്യത്തെ സംസ്ഥാന ബന്ധങ്ങളിലും ആരോഗ്യകരമായ ബന്ധം നിലനില്‍ക്കേണ്ടത് ആവശ്യമാണ്. രാഷ്‌ട്രീയത്തിന്റെ പേരില്‍ പരസ്പരം ചെളിവാരിയെറിയുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളില്‍ ജനക്ഷേമം മുന്‍നിര്‍ത്തി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയണം. ഇങ്ങനെയൊരു സമീപനം കൈക്കൊണ്ടാല്‍ അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണകരമായിരിക്കും. മധ്യപ്രദേശിന്റെയും ഉത്തര്‍പ്രദേശിന്റെയും സാമ്പത്തിക സഹായത്തില്‍ കേരളത്തിന് കൃതജ്ഞതയുണ്ടാവണം.
വിടപറയും മുമ്പേ
മലയാള സിനിമയ്‌ക്ക് മൗലികമായ സംഭാവനകള്‍ നല്‍കിയ ആളാണ് സംവിധായകന്‍ മോഹന്‍. മലയാള സിനിമയുടെ സുവര്‍ണകാലമായി കണക്കാക്കപ്പെടുന്ന എണ്‍പതുകളിലെ മുന്‍നിര സംവിധായകനായിരുന്ന മോഹന്‍ കലാമൂല്യമുള്ളതും പ്രേക്ഷക മനസ്സുകളില്‍ ഇടംപിടിച്ചതുമായ നിരവധി സിനിമകള്‍ സമ്മാനിക്കുകയുണ്ടായി. ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇസബെല്ല, പക്ഷേ, രചന, മുഖം, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ പുതിയൊരു ഭാവുകത്വം കൊണ്ടുവന്നു.
എം. കൃഷ്ണന്‍ നായരുടെയും ഹരിഹരന്റെയുമൊക്കെ അസിസ്റ്റന്റായി സിനിമാ രംഗത്തെത്തിയ മോഹന്‍ ഇരുപതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും, ഏഴ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും ചെയ്തു. തനതായ സിനിമാ സങ്കല്‍പ്പങ്ങള്‍ വച്ചുപുലര്‍ത്തുകയും, പ്രേക്ഷകരുടെ ഹൃദയംതൊടുന്ന വിധത്തില്‍ സിനിമയെടുക്കുകയും ചെയ്ത ഒരാളാണ്. വിവാദങ്ങളിലൊന്നും ചെന്നുപെടാതെ സിനിമയെ സ്‌നേഹിച്ചയാളുമായിരുന്നു. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലൂടെ ശോഭ എന്ന നടിയുടെയും, വിടപറയും മുമ്പേയിലൂടെ നെടുമുടി വേണുവിന്റെയും അഭിനയപാടവം പൂര്‍ണമായും പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞ സംവിധായകനാണ്. പില്‍ക്കാലത്ത് വലിയ നടനായി പേരെടുത്ത ഇന്നസെന്റിനെ സിനിമാ രംഗത്തേക്ക് കൊണ്ടുവന്നത് മോഹനാണ്. മോഹന്റെ പല സിനിമകളുടെയും നിര്‍മാതാവ് ഇന്നസെന്റായിരുന്നു. കലാപരമായും സാമ്പത്തികമായും വിജയം നേടാന്‍ മോഹന്റെ ചിത്രങ്ങള്‍ക്ക് കഴിഞ്ഞു. ബാലചന്ദ്ര മേനോന്‍ നായകനായ ഇസബെല്ല, മോഹന്‍ലാല്‍ നായകനായ മുഖം, പക്ഷേ എന്നീ സിനിമകളില്‍ മോഹന്‍ എന്ന സംവിധായകന്റെ കൈമുദ്ര പതിഞ്ഞുകിടപ്പുണ്ട്. പ്രതിഭാധനനായിരുന്ന ആ ഫിലിം മേക്കര്‍ക്ക് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: