ന്യൂദല്‍ഹി: കങ്കണ റണാവത്ത് ഏറ്റവും ഒടുവില്‍ ഉടനെ നടക്കാനിരിക്കുന്ന കര്‍ഷകസമരത്തെ വിമര്‍ശിച്ച് നടത്തിയ പ്രസ്താവന വിവാദമായി. കര്ഷകസമരത്തിന്റെ മറവില്‍ ഇന്ത്യയെ ബംഗ്ലാദേശിലേതുപോലെ കലാപഭൂമിയാക്കി മാറ്റാന്‍ ശ്രമമുണ്ടെന്നായിരുന്നു കങ്കണയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസമാണ് വീണ്ടും കര്‍ഷകസമരം ആരംഭിക്കാന്‍ പോകുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ വക്താവായ രാകേഷ് ടികായത്ത് പ്രസ്താവിച്ചിരുന്നു. ആര്‍ ജി കര്‍ ആശുപത്രിയിലെ സമരത്തിന് എന്തിനാണ് ഇത്രയും പ്രാധാന്യം നല്‍കുന്നത്? അത് ബംഗാള്‍ സര്‍ക്കാരിന് എതിരായ സമരമാണ്. മോദി സര്‍ക്കാരിന് ബംഗ്ലാദേശിന്റെ അതേ വിധിയാണ് വരാന്‍ പോകുന്നത്. അന്ന് ട്രാക്ടര്‍ പരേഡ് നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് ചെങ്കോട്ടയിലേക്ക് പോകേണ്ടിവന്നു. ഞങ്ങള്‍ 25 ലക്ഷം പേരുണ്ട്. അന്നേ അത് നടത്തിയേനെ”- ഈയിടെ രാകേഷ് ടികായത്ത് നടത്തിയ ഈ പ്രസ്താവന വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കര്‍ഷകസമരത്തെ മറയാക്കി ഇന്ത്യയില്‍ ബംഗ്ലാദേശിന്‍റേതുപോലെ കലാപം അഴിച്ചുവിടാന്‍ പദ്ധതിയുണ്ടെന്ന് കങ്കണ റണാവത്ത് പ്രസ്താവിച്ചത്. ചൈനയും യുഎസും ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നതായും വരാനിരിക്കുന്ന കര്‍ഷക സമരത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കങ്കണ പറഞ്ഞു. കര്‍ഷകസമരത്തിന്റെ പേരില്‍ ബംഗ്ലാദേശിലേതുപോലെ ശവശരീരങ്ങള്‍ തൂങ്ങിക്കിടക്കുമെന്നും സ്ത്രീകള്‍ ബലാത്സംഗത്തിന് വിധേയരാകുമെന്നും പറഞ്ഞിടത്താണ് കങ്കണയ്‌ക്ക് പിഴച്ചത്. അത് അല്‍പം അതിരുവിട്ട പ്രസ്താവനയായി. അവിടെയാണ് ബിജെപിയ്‌ക്ക് കങ്കണയെ തിരുത്തേണ്ടിവന്നത്.
ഇതോടെ കര്‍ഷകസംഘടനകള്‍ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു. കര്‍ഷകരെ സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുന്നു എന്ന വിമര്‍ശനമാണ് അവര്‍ കങ്കണയ്‌ക്കെതിരെ ഉയര്‍ത്തിയത്. ഇതോടെ ബിജെപിയും കങ്കണയുടെ പ്രസ്താവന അവരുടെ വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്നും ബിജെപിയുടെ നയങ്ങളുമായും അതിന് ബന്ധമില്ലെന്നും ബിജെപി അഭിപ്രായപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക