ന്യൂദല്‍ഹി: പുലിറ്റ്സര്‍ സമ്മാനം ലഭിച്ച ഡാനിയേല്‍ യെര്‍ഗിന്‍ തന്റെ ‘പ്രൈസ്’ എന്ന പുസ്തകത്തില്‍ കുറിച്ചു:”20ാംനൂറ്റാണ്ടിലെ ഏറ്റവും പ്രധാന ഉല്‍പന്നം എണ്ണയാണ്. അത് കയ്യിലുള്ളവര്‍ ലോകം ഭരിയ്‌ക്കും”. പക്ഷെ 21ാം നൂറ്റാണ്ടില്‍ ആ സ്ഥാനം കയ്യടക്കാന്‍ പോകുന്നത് സെമി കണ്ടക്ടറാണ്. 20 നൂറ്റാണ്ടില്‍ എണ്ണ എങ്ങിനെയാണോ ലോകത്തെ പ്രധാനസംഭവങ്ങളെ സ്വാധീനിച്ചത്, അതുപോലെ 21നൂറ്റാണ്ടില്‍ സെമികണ്ടക്ടര്‍ ലോകത്തെ സ്വാധീനിക്കും. ഈ സെമികണ്ടക്ടറില്‍ പിടിച്ച് നാളത്തെ ലോകത്തിന്റെ മുഖ്യശക്തിയായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.
എന്താണ് സെമികണ്ടക്ടര്‍?
ഇന്ത്യയും മോദിയും സെമികണ്ടക്ടറിന് ഉള്ള ഈ സ്വാധീനം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. സിലിക്കണ്‍ ഉള്‍പ്പെടെയുള്ള സെമികണ്ടക്ടിവിറ്റിയുള്ള(അര്‍ധചാലക സ്വഭാവമുള്ള) വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചെറിയ ഇലക്ട്രോണിക് ഉപകരണമാണ് ചിപുകള്‍. വൈദ്യുതി ഭാഗികമായി മാത്രം കടത്തിവിടുന്ന പദാര്‍ത്ഥങ്ങളാണ് അര്‍ധചാലകപദാര്‍ത്ഥങ്ങള്‍. സിലിക്കണ്‍, ജര്‍മാനിയം എന്നിവ അര്‍ധചാലക പദാര്‍ത്ഥങ്ങളാണ്. ഇവയാണ് സെമികണ്ടക്ടറിന്റെ നട്ടെല്ല്. ഇലക്ട്രോണിക് സര്‍ക്യൂട്ടുകളുടെ നട്ടെല്ലാണ് ഈ ചിപുകള്‍. കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, കാറുകള്‍, അപ്ലൈയന്‍സുകള്‍, ഗെയിമിങ് ഹാര്‍ഡ് വെയറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിങ്ങനെ ആധുനിക ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന ഏതാണ്ടെല്ലായിടത്തും ചിപുകളുടെ ഉപയോഗം ഉണ്ട്. ചിപുകള്‍ അത്യന്താപേക്ഷിതമാണ് എന്ന് പറയുന്നതാണ് ശരി. കോവിഡ് കാലത്ത് ചിപ് ഉല്‍പാദനം കുറഞ്ഞുപോയതോടെ കാറുകളുടെ ഉല്‍പാദനം മാസങ്ങളോളം സ്തംഭിച്ചത് ഇതിന് ഒരു ഉദാഹരണമാണ്.
ചൈനയില്‍ നിന്നും ചിപ് കടിഞ്ഞാണ്‍ കയ്യാളാന്‍ മോദി
ചൈനയായിരുന്നു ചിപ് നിര്‍മ്മാണത്തിലെ അതികായര്‍. അവരോട് കിടപിടിക്കുന്ന മറ്റൊരു രാജ്യമാണ് തായ് വാന്‍. ആപ്പിള്‍ ഐ ഫോണുകള്‍ക്കുള്‍പ്പെടെ ചിപുകള്‍ നിര്‍മ്മിക്കുന്നത് തായ് വാനിലെ കമ്പനികളാണ്. തായ് വാന്റെ ഈ കരുത്ത് മനസ്സിലാക്കിയതാണ് മോദി തായ് വാന്‍ കമ്പനികളുമായി അടുത്തുത്. ചൈന ഇന്ത്യയ്‌ക്ക് നിഷിദ്ധമാണല്ലോ.
യുഎസ് ചൈനയില്‍ നിന്നും ചിപുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളും ചൈനയെ ചിപുകളുടെ കാര്യത്തില്‍ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ജപ്പാന്‍, ഇന്ത്യ, തായ് വാന്‍, മറ്റ് തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ എന്നിവയെ യുഎസും യുറോപ്യന്‍ രാജ്യങ്ങളും ചിപുകള്‍ക്ക് വേണ്ടി ആശ്രയിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകും. ഇവിടെയാണ് ഇന്ത്യ വന്‍ശക്തിയാകാന്‍ പോകുന്നത്. ഇത് മുന്‍കൂട്ടി കണ്ടാണ് മോദി സര്‍ക്കാര്‍ വന്‍തുക സെമികണ്ടക്ടര്‍മേഖലയില്‍ നിക്ഷേപിക്കുന്നത്. അതുകൊണ്ട് സെമികണ്ടക്ടര്‍ ഉല്‍പാദനരംഗത്തെ അതികായരായ തായ് വാനുമായി മോദി ഏറെ അടുത്തത്. സാമ്പത്തിക ഉത്തേജക പദ്ധതികള്‍ നല്‍കി തായ് വാനിലെ പ്രമുഖ സെമികണ്ടക്ടര്‍ കമ്പനികളെ ഇന്ത്യയിലേക്ക് മോദി ആകര്‍ഷിച്ചുകഴിഞ്ഞു.
ടാറ്റയും തായ് വാനിലെ പിഎസ് എംസിയും തമ്മിലുള്ള ചിപ് നിര്‍മ്മാണക്കരാര്‍
തായ് വാനിലെ സുപ്രസിദ്ധമായ പവര്‍ചിപ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പറേഷന്‍ (പിഎസ് എംസി) എന്ന കമ്പനിയുമായി ചിപുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത സംരംഭത്തില്‍ ടാറ്റ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 1000 കോടി ഡോളറിന്റെ ഉത്തേജക പദ്ധതിയുടെ ഭാഗമായി ഗുജറാത്തില്‍ ടാറ്റയും തായ് വാന്റെ പവര്‍ചിപ് സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കോര്‍പും ചേര്‍ന്ന് സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ സൗകര്യം ഒരുക്കാന്‍ പോവുകയാണ്. ഇവരുടെ സംയുക്തസംരംഭമെന്ന നിലയില്‍ 2026ല്‍ ആദ്യ ചിപ് പുറത്തുവരാനിരിക്കുകയാണ്. 28 നാനോമീറ്റര്‍ ചിപുകളുടെ വന്‍ഉല്‍പാദനമാണ് ടാറ്റയും പിഎസ് എംസിയും ലക്ഷ്യമാക്കുന്നത്. ഇലക്ട്രിക് വാഹന നിർമാണ മേഖലയിലെ മുൻനിര അമേരിക്കൻ കമ്പനിയായ ടെസ്‌ല, ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന പ്രധാന വാഹന വിപണിയായ ഇന്ത്യയിൽ പ്രവേശിക്കാൻ ഉള്ള ശ്രമത്തിലാണ്. ഈ ടെസ് ലയ്‌ക്ക് ആവശ്യമായ ചിപുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള ശ്രമങ്ങളിലാണ് ടാറ്റ. ഇതിന്റെ ഭാഗമായി ടാറ്റാ ഇലക്ട്രോണിക്സും ടെസ് ല ഉടമ ഇലോണ്‍ മസ്കും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചതായും വാര്‍ത്തയുണ്ട്.
സെമികണ്ടക്ടര്‍ വിതരണശൃംഖല സ്ഥാപിക്കാനും ശ്രമം
ഇന്ത്യ സ്വന്തം സെമികണ്ടക്ടര്‍ വിതരണ ശൃംഖല സൃഷ്ടിക്കാനും മോദിക്ക് പദ്ധതിയുണ്ട്. അതിന്റെ ഭാഗമായാണ്. തായ് വാന്‍ കമ്പനികളുടെ വിതരണശംഖല ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. തായ് വാന്‍ ചൈനയില്‍ നിന്നും അവരുടെ വിതരണ ശൃംഖല ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണ്. അതിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് മോദി സര്‍ക്കാര്‍. യുഎസ്, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്‌ക്ക് അവരുടേതായ സെമികണ്ടക്ടര്‍ വിതരണശൃംഖല 1980 മുതലേ ഉണ്ട്. ചിപുകള്‍ ഇറക്കുമതി ചെയ്യുക മാത്രം ചെയ്തിരുന്ന ഇന്ത്യ ആ രംഗത്തേക്ക് ഇന്ത്യ ചുവടുവെയ്‌ക്കാന്‍ പോകുന്നതേയുള്ളൂ. ഇന്ത്യയ്‌ക്ക് ഇതിന് കഴിവുറ്റ തലച്ചോര്‍ ഉണ്ട്. അതിന് വളരാനുള്ള ഒരു ശൃംഖലയും പരിസരവും സൃഷ്ടിക്കുകയേ വേണ്ടൂ. അതിനാണ് മോദി ശ്രമിക്കുന്നത്.
“ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇന്ത്യയ്‌ക്കകത്ത് നിന്നു തന്നെ വികസനം കൊണ്ടുവരണമെന്ന അജണ്ടയുണ്ട്. അതിന്റെ ഭാഗമാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പദ്ധതികള്‍. അതായത് പുതിയൊരു വികസന കാഴ്ചപ്പാടാണ് മോദിയും ബിജെപിയും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗം തന്നെയാണ് സെമികണ്ടക്ടര്‍മേഖളയിലെ ഈ കുതിപ്പിനുള്ള ശ്രമം.ഇന്ത്യയുടെ ജിഡിപി 5ലക്ഷം കോടി ഡോളര്‍ ആക്കി ഉയര്‍ത്താനുള്ള പദ്ധതിയും മോദി സര്‍ക്കാരിനുണ്ട്.”-നാഷണല്‍ സയന്‍സ് ആന്‍റ് ടെക്നോളജി കൗണ്‍സില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് റിസര്‍ച്ച് ഓഫീസറായ തായ് വാനില്‍ നിന്നുള്ള റോജര്‍ ലിയു പറയുന്നു.
“മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു ഉല്‍പാദന രാഷ്‌ട്രമായി മാറാന്‍ ശ്രമിക്കുകയാണ്. ഇത് തായ് വാന് നല്ല ഒരു അവസരമാണ്. അവര്‍ അവരുടെ വിതരണശൃംഖല ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നതാണ് നല്ലത്. കാരണം യുഎസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങള്‍ ഉല്‍പന്നങ്ങള്‍ ചൈനയ്‌ക്ക് പുറമെ നിന്നും സംഭരിക്കാനുള്ള ശ്രമത്തിലാണ്”-റോജര്‍ ലിയു പറയുന്നു.
“ഇന്ത്യയുമായുള്ള കൂട്ടുകെട്ടില്‍ തായ് വാനും ഒട്ടേറെ നേട്ടങ്ങളുണ്ട്. അതില്‍ ഒന്ന് ഇന്ത്യയ്‌ക്ക് സമൃദ്ധമായ കഴിവുള്ള തൊഴിലാളികള്‍ ഉണ്ട്. ഈ ടാലന്‍റിനെ മുഴുവന്‍ ആകര്‍ഷിക്കാം എന്നത് തായ് വാനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. ചിപ് നിര്‍മ്മാണത്തിലെ പ്രധാനമേഖലയായ ഐസി ഡിസൈന്‍ തായ് വാനിലെ നാഷണല്‍ സയന്‍സ് ആന്‍റ് ടെക്നോളജി കൗണ്‍സില്‍ ചിപ് അടിസ്ഥാനത്തിലുള്ള നവീകരണ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനായി ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവാക്കളെ വിളിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നും ധാരാളം യുവാക്കള്‍ പരിശീലനത്തിനും ഗവേഷണത്തിനും എത്തിച്ചേരും.”-റോജര്‍ ലിയു വിശദീകരിച്ചു.
ഫോക്സ് കോണും ഇന്ത്യയിലേക്ക്
ലോകനമ്പര്‍വണ്‍ ചിപ് നിര്‍മ്മാണക്കമ്പനിയായ തയ് വാനിലെ ഫോക്സ് കോണ്‍ ബെംഗളൂരുവില്‍ പ്രധാനമായും രണ്ട് നിര്‍മ്മാണ പദ്ധതികള്‍ ആരംഭിയ്‌ക്കുമെന്ന് ഈയിടെ വാര്‍ത്താഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടക്കത്തില്‍ രണ്ട് പദ്ധതികള്‍ക്കുമായി 60 കോടി ഡോളര്‍ ആണ് മുടക്കുക.
ആപ്പിള്‍ ഐഫോണുകളുടെ കേസിംഗ് കമ്പോണന്‍റുകള്‍ (ക്യാമറ ലെന്‍സുകള്‍, ലെന്‍സ് കവറുകള്‍, മൈക്രോഫോണ്‍ മെഷ് സെറ്റ് തുടങ്ങിയവ…) നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റിന് 35കോടി ഡോളര്‍ ചെലവഴിക്കും. ഇവിടെ 12000 പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെടും. ചിപുകള്‍ ഉണ്ടാക്കുന്നതിനുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതാണ് രണ്ടാമത്തെ യൂണിറ്റ്.(ഫാബ്രിക്കേഷന്‍ യൂണിറ്റ്) ഇതിന് 25കോടി ഡോളര്‍ ചെലവഴിക്കും. ഇത് ഇന്ത്യയുടെ സെമികണ്ടക്ടര്‍ നിര്‍മ്മാണസ്വപ്നത്തിലേക്കുള്ള വന്‍ ചുവടുവെയ്പാണ്.
ഇതോടെ ചൈന പ്ലസ് വണ്‍ എന്ന ഫോക്സ് കോണിന്റെ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: