കോട്ടയം: വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും ചലച്ചിത്ര മേഖലയെയും മാധ്യമങ്ങളെയും സര്‍ക്കാരിനെപ്പോലും ചൂണ്ടുവിരലില്‍ നിര്‍ത്താനുള്ള കരുത്താര്‍ജിച്ച് ഡബ്ല്യുസിസി. നടിമാരായ രേവതിയുടെയും പാര്‍വതി തിരുവോത്തിന്റെയും നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന ഈ ചെറു സംഘടനയെ വിമര്‍ശിക്കാന്‍ സാംസ്‌കാരിക ലോകം ധൈര്യപ്പെടുന്നില്ല.
മലയാളത്തിലെ ഒരു രാഷ്‌ട്രീയ നേതാവും ചലച്ചിത്ര പ്രവര്‍ത്തകനും ഡബ്ല്യുസിസിക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത വിധം സംഘടന ആജ്ഞാശക്തി ആര്‍ജ്ജിച്ചു. താര സംഘടനയായ അമ്മ ഡബ്ല്യുസിസിയുടെ നിയന്ത്രണത്തിലേക്കെത്തുമെന്ന് കരുതുന്നവര്‍ ചലച്ചിത്ര മേഖലയിലുണ്ട്. പ്രസിഡന്റ് പദമോ സെക്രട്ടറി പദമോ രേവതിയോ പാര്‍വതി തിരുവോത്തോ ഏറ്റെടുക്കണമെന്ന് ചിലര്‍ നിര്‍ദേശിക്കുന്നു. അമ്മയുടെ പ്രധാന നേതൃത്വത്തിലേക്ക് വനിതകള്‍ വരണമെന്ന നിര്‍ദ്ദേശം പൃഥ്വിരാജ് മുന്നോട്ടു വച്ച് കഴിഞ്ഞു.
ഡബ്ല്യുസിസിയുടെ ചില നിലപാടുകളെ കുറിച്ച് മാധ്യമങ്ങള്‍ ആരായുമ്പോഴെല്ലാം കരുതല്‍ പാലിക്കാന്‍ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സിനിമ കോണ്‍ക്‌ളേവ് നടത്താന്‍ വൈകുന്നതിലെ പ്രധാന തടസം ഡബ്ല്യുസിസിയുടെ എതിര്‍പ്പാണ്. ഇരയും വേട്ടക്കാരനും ഒരേ വേദിയില്‍ വേണ്ട എന്ന നിലപാടാണ് ഡബ്ല്യുസിസി പുലര്‍ത്തുന്നത്. സിപിഐയുടെ സെക്രട്ടറി അവരുടെ നിലപാടുകളോട് അങ്ങേയറ്റം ബഹുമാനം പുലര്‍ത്തുന്നുവെന്നാണ് പറഞ്ഞത്.
പീഡന പരാതികളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘത്തില്‍ പുരുഷ പോലീസ് വേണ്ടെന്ന ഡബ്ല്യുസിസി യുടെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മിലും ഡബ്ല്യുസിസിയുടെ നിലപാടിനോട് അമര്‍ഷം ഉള്ളവര്‍ ഉണ്ടെങ്കില്‍ പോലും അത് പുറത്തു കാണിക്കാന്‍ ധൈര്യപ്പെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: