റായ്പൂര്‍: മയക്കുമരുന്ന് രാജ്യത്തെ യുവതലമുറയെ നശിപ്പിക്കുകയാണെന്നും മയക്കുമരുന്ന് വ്യാപാരത്തിലുടെ സമ്പാദിക്കുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത് ദേശ സുരക്ഷയ്ക്ക് തന്നെ വെല്ലുവിളിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ സോണല്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047 ഓടെ മയക്കുമരുന്ന് വിമുക്ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമെന്നും അമിത് ഷാ ഓര്‍മിപ്പിച്ചു.
ഛത്തീസ്ഗഢില്‍ നിരോധിത വസ്തുക്കളുടെ ഉപയോഗങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. മയക്കുമരുന്നുകളുടെ ഉപയോഗം 1.45 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. സംസ്ഥാനത്ത് കഞ്ചാവിന്റെ ഉപയോഗം 4.98% ആണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണിത്.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മയക്കുമരുന്ന് കടത്തിനെതിരെ നാര്‍കോട്ടിക്സ് കണ്ടോള് ബ്യൂറോയുടെ(എന്‍സിബി) പ്രകടനം എടുത്ത് പറയേണ്ടതാണ്. 2004 മുതല്‍ 2014 വരെ 1,250 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2014 മുതല്‍ 2024 വരെയുള്ള 10 വര്‍ഷങ്ങളില്‍ 230% വര്‍ധിച്ച് 4,150 കേസുകളാണ് എന്‍സിബി രജിസ്റ്റര്‍ ചെയ്തത്. 2004 നും 2014
നും ഇടയില്‍ ആകെ 1,360 അറസ്റ്റുകള്‍ ഉണ്ടായപ്പോള്‍ കഴിഞ്ഞ പത്തുവര്ഷത്തിനിടെയത് 6,300 ആയി.
മയക്കുമരുന്ന് വേട്ടയിലും വര്‍ധനവുണ്ടായി. 2004 നും 2014 നും ഇടയില്‍ 1.52 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയപ്പോള്‍ 2014 നും 2024 നും ഇടയില്‍ 5.43 ലക്ഷം കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു, 257% വര്‍ധിച്ചു. 2004 മുതല്‍ 2014 വരെ 5,900 കോടി രൂപയുടേയും 2014 മുതല്‍ 2024 വരെ 22,000 കോടി രൂപയുടെയും മയക്കുമരുന്ന് പിടികൂടി.
മയക്കുമരുന്ന് കടത്തിനെതിരെയുള്ള അന്വേഷണങ്ങള്‍ക്കായി ശാസ്ത്രീയ രീതികള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും അമിത് ഷാ പറഞ്ഞു. രാജ്യത്ത് നിന്ന് മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കാന്‍ എന്‍സിബി എല്ലാഘടകങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും എന്‍സിബിയുടെ സാന്നിധ്യം ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: