ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി.
സപ്തംബര്‍ 18ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രതെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.
കശ്മീരിലെ വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന പ്രമുഖര്‍ക്ക് കശ്മീരിലെ സീറ്റുകളില്‍ ബിജെപി അവസരം നല്‍കിയിട്ടുണ്ട്. പാംപോറില്‍ സയ്യിദ് ഷൗക്കത്ത് ഗയൂര്‍ അന്ദ്രാബി, രാജ്പോറയില്‍ അര്‍ഷിദ് ഭട്ട്, ഷോപ്പിയാനില്‍ ജാവേദ് അഹമ്മദ് ഖ്വാദ്രി, അനന്ത്നാഗ് വെസ്റ്റില്‍ മുഹമ്മദ് റാഫിഖ് വാണി, അനന്ത്നാഗില്‍ അഡ്വ. സയ്യിദ് വസാഹത്ത്, അനന്ത് നാഗ് ഈസ്റ്റില്‍ വീര്‍ സറാഫ്, ബനിഹാളില്‍ സലിംഭട്ട്, കോക്കര്‍നാഗില്‍ ചൗധരി റോഷന് ഹുസൈന് ഗുജ്ജര്‍ എന്നിവരടക്കമുള്ള 16 മണ്ഡലങ്ങളിലെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്.
കിഷ്ത്വാറില്‍ വനിതയായ ഷാഗുന്‍ പരിഹര്‍ ആണ് സ്ഥാനാര്‍ത്ഥി. ഷാഗുണിന്റെ പിതാവ് അജിത് പരിഹാറിനെയും അജിതിന്റെ സഹോദരനും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ അനില്‍ പരിഹാറിനെയും 2018 നവംബറില്‍ കിഷ്ത്വാറില്‍ വെച്ച് ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയ്ക്കും സ്ഥാനാര്‍ത്ഥിത്വത്തിന് നന്ദി പറയുന്നതായി ഷാഗുണ്‍ പരിഹാര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: