ന്യൂദല്‍ഹി: മിസ് ഇന്ത്യ മത്സരപ്പട്ടികയിലും ജാതി തെരഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍. പ്രയാഗ് രാജില്‍ നടന്ന പരിപാടിയിലാണ് രാഹുലിന്റെ വിചിത്രമായ പ്രസ്താവന. പക്വതയില്ലാത്ത ബാലക ബുദ്ധിയാണ് താനെന്ന് രാഹുല്‍ ആവര്‍ത്തിച്ച് തെളിയിക്കുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.
മിസ് ഇന്ത്യയിലേക്ക് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് സര്‍ക്കാരിന്റെ ജോലിയല്ലെന്ന മിനിമം ബോധം പോലും പ്രതിപക്ഷനേതാവിനില്ല. രാഹുല്‍ കുടിലമായ ജാതിവിഭാഗീയത ആവര്‍ത്തിക്കുകയാണ്. ബജറ്റ് രൂപീകരണവേളയിലെ ഹലുവ വിരുന്ന് മുതല്‍ എല്ലായിടത്തും അദ്ദേഹം ജാതി പറയുന്നു. ഒളിംപിക്സിനുള്ള കായിക താരങ്ങളുടെ പട്ടികയിലും സിനിമകളിലെ അഭിനേതാക്കളുടെ പട്ടികയിലും ജാതി തെരയുന്ന ഒരു വിചിത്രമായ മാനസികാവസ്ഥയിലാണ് രാഹുലെന്ന് കിരണ്‍ റിജിജു പറഞ്ഞു.
ഇതൊന്നും നല്ല ബുദ്ധിയുടെ ലക്ഷണമല്ല. രാഹുല്‍ ഇങ്ങനെയാകുന്നതില്‍ ഇതൊക്കെക്കേട്ട് കൈയടിക്കുന്നവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികള്‍ അപകടകരമായ കളി കളിക്കും. അത് വിലക്കേണ്ടത് മുതിര്‍ന്നവരാണ്. വിഭജന ബുദ്ധി വിനോദമല്ലെന്ന് ആരെങ്കിലും അദ്ദേഹത്തെ പറഞ്ഞുമനസിലാക്കണം, റിജിജു പറഞ്ഞു.
പ്രയാഗ്രാജില് സംഘടിപ്പിച്ച പരിപാടിയിലാണ് രാഹുല്‍ മിസ് ഇന്ത്യയുടെ പട്ടിക പരാമര്‍ശിച്ചത്. പട്ടികയില്‍ ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീയും ഇല്ലെന്നാണ് രാഹുല്‍ ആക്ഷേപിക്കുന്നത്. ഒരു വശത്ത് പ്രധാനമന്ത്രി മോദി പറയുന്നത് രാജ്യം സൂപ്പര്‍ പവറാണെന്നാണ്. എങ്ങനെ സൂപ്പര്‍ പവര്‍ ആകും? 90 ശതമാനം ആളുകളും സിസ്റ്റത്തിന് പുറത്താണ്. അതിന്റെ തെളിവാണ് മിസ് ഇന്ത്യ മത്സരാര്‍ത്ഥികളുടെ പട്ടിക, രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: