ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍, ടോട്ടനം ടീമുകള്‍. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടിന്റെ ഹാട്രിക് കരുത്തില്‍ സിറ്റി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇപ്സിച്ച് ടൗണിനെ തകര്‍ത്തപ്പോള്‍ ആഴ്സണല്‍ മറുപടിയല്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ തകര്‍ത്തു. ടോട്ടനം മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് എവര്‍ട്ടണെയാണ് കീഴടക്കിയത്.
ഇപ്സിച്ചിനെതിരായ കളിയില്‍ സിറ്റി താരങ്ങളുടെ ആധിപത്യമായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ഇസ്പിച്ചാണ് ആദ്യം ഗോളടിച്ചത്. ഏഴാം മിനിറ്റില്‍ സാമ്മി സമോഡിക്സാണ് സിറ്റിയെ ഞെട്ടിച്ച് ഗോളടിച്ചത്. എന്നാല്‍ ഈ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. 12-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാളണ്ട് ഗോള്‍ മടക്കി. സാവിഞ്ഞോയെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്തത് സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട്. ഇപ്സിച്ച് ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ ഹാളണ്ടിന്റെ കിക്ക് വലയില്‍ കയറി. രണ്ട് മിനിറ്റിനുശേഷം അവര്‍ ലീഡും സ്വന്തമാക്കി. സാവിഞ്ഞോ ഒരുക്കിയ അവസരത്തില്‍ നിന്ന് കെവിന് ഡി ബ്രൂയനെയാണ് ലക്ഷ്യം കണ്ടത്. 16-ാം മിനിറ്റില്‍ സിറ്റി മൂന്നാം ഗോളും നേടി. ഇത്തവണ ഹാളണ്ടാണ് ഗോളടിച്ചത്. ഇതോടെ സിറ്റി 3-1ന് മുന്നിലെത്തി. ഈ നിലയില്‍ അവര്‍ ഇടവേളക്ക് കയറുകയും ചെയ്തു.
പിന്നീട് 88-ാം മിനിറ്റിലാണ് ഹാളണ്ട് ഹാട്രിക്കും സിറ്റിയുടെ ഗോള്‍ പട്ടികയും തികച്ചത്. സിറ്റിയുടെ സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇപ്സിച്ച് ടൗണിന്റെ രണ്ടാം പരാജയവും.
ആഴ്സണല്‍ ആസ്റ്റണ്‍ വില്ലയെയാണ് 2-0ന് പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 67-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡും 77-ാം മിനിറ്റില്‍ തോമസ് പാര്‍ട്ടിയും നേടിയ ഗോളുകളിലാണ് ആഴ്സണല്‍ വിജയക്കുതിപ്പ് തുടര്‍ന്നത്.
ക്യാപ്റ്റന്‍ ഹ്യൂങ് മിന് സണ്ണിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് ടോട്ടനം സ്വന്തം തട്ടകത്തില്‍ എവര്ട്ടണെനതിരെ ആധികാരിക ജയം നേടിയത്. 25, 77 മിനിറ്റുകളിലായിരുന്നു സണ്ണിന്റെ ഗോളുകള്‍. 14-ാം മിനിറ്റില്‍ ബിസോമയിലൂടെയാണ് ടോട്ടനം ഗോള്‍ പട്ടിക തുറന്നത്. കുളുസേവ്സ്കിയുടെ അസിസ്റ്റില്‍ പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് ബിസോമ പായിച്ച ഷോട്ടാണ് എവര്ട്ടണ് വലയില്‍ കയറിയത്. 25-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന് ടീമിന്റെ രണ്ടാം ഗോളും നേടി. എവര്ട്ടണ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡിന്റെ പിഴവില്‍ നിന്നായിരുന്നു സണ്ണിന്റെ ഗോള്‍ പിറന്നത്. പിക്ഫോര്ഡില് നിന്ന് പന്ത് തട്ടിയെടുത്ത സണ്‍ അനായാസം വലകുലുക്കി. ഇതോടെ രണ്ട് ഗോള്‍ ലീഡോടെ ടോട്ടനം ആദ്യ പകുതി അവസാനിപ്പിച്ചു.
71-ാം മിനുട്ടില്‍ അര്‍ജന്റൈന്‍ പ്രതിരോധ താരം ക്രിസ്റ്റിയന്‍ റൊമേറൊയാണ് മൂന്നാം ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് 77-ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളും നേടി സണ്‍ ഗോള്‍ പട്ടിക തികച്ചു. ആദ്യ മത്സരത്തില്‍ ടോട്ടനം ലെസ്റ്റര്‍ സിറ്റിക്കെതിരേ സമനില വഴങ്ങിയിരുന്നു. എവര്‍ട്ടന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്.
മറ്റു മത്സരങ്ങളില്‍ വെസ്റ്റ്ഹാം ക്രിസ്റ്റല്‍ പാലസിനെ 2-0നും ഫുള്‍ഹാം ലെസ്റ്റര്‍ സിറ്റിയെ 2-1നും നോട്ടിങ്ഹാം ഫോറസ്റ്റ് 1-0ന് സതാംപ്ടണെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: