ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പരമേശ്വര്‍ജിയുടെ സഹായിയായി 1967 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമാണ് ഞാന്‍ നിയോഗിക്കപ്പെട്ടത്. ജനസംഘത്തില്‍ പ്രവര്‍ത്തിച്ചുവന്ന മുതിര്‍ന്ന പ്രചാരകന് രാ. വേണുഗോപാല്‍ ഭാതീയ മസ്ദൂര്‍ സംഘത്തില്‍ ദത്തോപന്ത് ഠേംഗ്ഡിയെ സഹായിക്കാന്‍ നിശ്ചയിക്കപ്പെട്ടു. നേരത്തെ ആ സ്ഥാനത്തേക്ക് ഞാനായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്. 1942 ല്‍ താന്‍ പ്രചാരകനായി കോഴിക്കോട്ടെത്തിയതു മുതല്‍ വേണുഗോപാലും കുടുംബവുമായി ഹൃദയംഗമമായി താദാത്മ്യം പ്രാപിച്ചിരുന്നതിനാല്‍ ബിഎംഎസില്‍ അദ്ദേഹവും സ്വാഭാവികമായും തനിക്കു ഇണങ്ങുകയെന്ന ഠേംഗ്ഡിജിയുടെ മനോഗതം അറിഞ്ഞ സംഘനേതൃത്വം അതിനു സമ്മതിക്കുകയായിരുന്നു. അങ്ങനെ തികച്ചും പുതിയ ഒരു പ്രവര്‍ത്തന മേഖലയിലേക്ക് ഞാന്‍ പ്രവേശിച്ചു.
ഒരു ദിവസം കോഴിക്കോട് ജനസംഘത്തിന്റെ സംസ്ഥാന കാര്യാലയത്തിലെത്തി. ജനസംഘം പോലെ കോഴിക്കോടും എനിക്കു തികച്ചും പുതിയ ഇടമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുശേഷം പരമേശ്വര്‍ജി അവിടെയെത്തുകയും, ആ ജില്ലയിലെ പ്രമുഖ ജനസംഘ പ്രവര്‍ത്തകരുടെ യോഗം സംഘടിപ്പിക്കുകയും ചെയ്തു. നാലു നിലയിലുള്ള വെങ്കടേശ് ബില്‍ഡിങ്ങെന്ന ആ കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ (ടെറസ്) ആയിരുന്നു ബൈഠക്. അവിടെ വിഭാഗ് പ്രചാരകനായി വന്ന ഹരിയേട്ടനും പങ്കെടുത്തു. കോഴിക്കോട്ടെ ജനസംഘ പ്രവര്‍ത്തകരുമായി അടുത്ത് പരിചയപ്പെടാന്‍ അദ്ദേഹത്തിനും അതു ആദ്യാവസരമായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷം പേരും പഴയ സംഘപ്രവര്ത്തകരെന്ന നിലയ്ക്കു ഹരിയേട്ടനും എനിക്കും പരിചിതരായിരുന്നു താനും.
അവിടെ പങ്കെടുത്ത തലനരയ്ക്കാത്ത വയസ്സന് കെ.സി. ശങ്കരന് ജില്ലാ ഉപാധ്യക്ഷനായിരുന്നു. പാളയം ജംഗ്ഷനില്‍ സിറാമിക് പാത്രങ്ങളുടെയും മറ്റും കട നടത്തിവന്ന അദ്ദേഹം നാലു പതിറ്റാണ്ടുകാലം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സ്ഫുടം ചെയ്യപ്പെട്ടയാളായിരുന്നു. കോണ്‍ഗ്രസ്സിലും കമ്യൂണിസ്റ്റു പാര്‍ട്ടിയിലും പയറ്റിയശേഷമാണ് പരമേശ്വര്‍ജിയുടെ സമ്പര്‍ക്കത്തില്‍ ജനസംഘത്തിലേക്കെത്തിയത്. മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഉത്ഭവ വികാസ പരിണാമങ്ങള്‍ അവരുടെ തന്നെ രീതിയില്‍ നിരത്തിവച്ചുകൊണ്ടുള്ള ശങ്കരേട്ടന്റെ പ്രസംഗങ്ങള്‍ സ്റ്റഡി ക്ലാസ് കേള്‍ക്കുന്നതുപോലെ കേള്‍വിക്കാര്‍ ഇരുന്നു കേള്‍ക്കുമായിരുന്നു.
ആയിടെ കേരളത്തില്‍ സര്‍ക്കാര്‍ പ്രേരിതമായ ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. ജനസംഘവും കോണ്‍ഗ്രസ്സും അതിനെതിരായ നിലപാടെടുത്തു. ജനസംഘാനുഭാവികള് പലരും ബന്ദില്‍ സഹകരിച്ചില്ല. കോഴിക്കോട്ടും നന്മണ്ടയിലും പയ്യോളിയിലും അതിന്റെ ഫലമായി ചെറുത്തുനില്‍പ്പ് വേണ്ടിവന്നു. നന്മണ്ടയില് അടുത്ത ദിവസം പരമേശ്വര്‍ജി പങ്കെടുത്ത അക്രമവിരുദ്ധ യോഗം നടന്നു. നൂറുകണക്കിനാളുകളുടെ പ്രതിഷേധ പ്രകടനമുണ്ടായി. പരമേശ്വര്‍ജിയുടെ അന്നത്തെ പ്രസംഗം അത്യന്തം ഊര്‍ജസ്വലവും വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു. ഭരണമുന്നണിയില്‍ മുസ്ലിംലീഗു കൂടി ഉണ്ടായിരുന്നതാണ് മാര്‍ക്സിസ്റ്റുകളുടെ ആക്രാന്തം ഇരട്ടിപ്പിച്ചത്. അന്നത്തെ പ്രതിഷേധ യോഗം കലക്കാന്‍ പരമേശ്വര്‍ജി മാര്‍ക്സിസ്റ്റുകളെയും ലീഗുകാരെയും വെല്ലുവിളിച്ചു.
മാര്‍ക്സിസ്റ്റു പാര്‍ട്ടി ലീഗുമായി മുന്നണിയുണ്ടാക്കിയതില്‍ ഒട്ടേറെ സഖാക്കള്‍ക്കു പ്രതിഷേധമുണ്ടായിരുന്നു. മാത്രമല്ല ഭാരതമാകെ നോക്കുമ്പോള്‍ ഭാരതീയ ജനസംഘത്തിന് ഗണ്യമായ വളര്‍ച്ചയും ദൃശ്യമായിരുന്നു. പഞ്ചാബ് മുതല്‍ ബംഗാള്‍ വരെ കോണ്‍ഗ്രസ് ഭരിക്കാത്ത സ്ഥലങ്ങളിലൂടെ എത്താം എന്ന പരമേശ്വര്‍ജിയുടെ വിശദീകരണത്തിന് നല്ല സ്വീകാര്യതയും ലഭിച്ചു. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായ ധാരാളം യുവാക്കള്‍ ജനസംഘത്തിലേക്കു വരാന്‍ താല്‍പ്പര്യം കാണിച്ചു. പല സഖാക്കളും തങ്ങളുടെ പാര്‍ട്ടി കാര്‍ഡുകള്‍ ജനസംഘപ്രവര്‍ത്തകരെ ഏല്‍പ്പിച്ചു തുടങ്ങി. ജില്ലാക്കമ്മറ്റിയംഗങ്ങളടക്കം ഏല്‍പ്പിച്ച കാര്‍ഡുകള്‍ അക്കാലത്തും ജനസംഘ കാര്യാലയത്തില്‍ സൂക്ഷിച്ചിരുന്നു.
ബാലുശ്ശേരി മണ്ഡലത്തിലെ ഒരു മലയാളാധ്യാപകനായിരുന്ന ശേഖരന് കുട്ടി മാസ്റ്റര്‍ അക്കാലത്തു കടുത്ത ഇടതുപക്ഷക്കാരനായിരുന്നു. സാഹിത്യ സംപുഷ്ടമായ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രഭാഷണങ്ങള്‍ ധാരാളം ജനങ്ങളെ ആകര്‍ഷിക്കുന്നതായിരുന്നു. പാര്‍ട്ടി കാര്‍ഡ് ഹോള്‍ഡര്‍ ആയിരുന്നോ എന്നറിയില്ല. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നതു മൂലം കാര്‍ഡ് കരസ്ഥമാക്കാതിരുന്നതാവാം. ഏതായാലും പരമേശ്വര്‍ജിയുടെ ഒന്നു രണ്ടു പ്രസംഗം അദ്ദേഹത്തിന്റെ മനസ്സില്‍ ശക്തമായ മുദ്രണം ചേര്‍ത്തു. ജനസംഘത്തെയും സംഘത്തെയും പറ്റി കൂടുതല്‍ അറിയാന്‍ തല്പ്പരനാക്കി. ജോലിയില്‍ നിന്നു വിരമിച്ച ശേഷം ജനസംഘം അംഗത്വവുമെടുത്തു.
വടകര താലൂക്കില്‍പ്പെട്ട കുറ്റിയാടി, നാദാപുരം മുതലായ സ്ഥലങ്ങളില്‍ ഞാന്‍ 1957-63 കാലത്തു സംഘ പ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ യുവ സ്വയംസേവകര്‍ മുതിര്‍ന്നപ്പോള്‍ രാഷ്ട്രീയ താല്‍പ്പര്യമുള്ളവരായി. അവിടങ്ങളിലും ജനസംഘപ്രവര്‍ത്തനം ശക്തമായി തുടങ്ങി. കുറ്റിയാടിക്കു സമീപം തളിക്കരയില്‍ അവര്‍ ജനസംഘത്തിന്റെ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. ശേഖരന് കുട്ടി മാസ്റ്ററും ഞാനും പ്രസംഗകരുടെ ലിസ്റ്റില്‍പ്പെട്ടു. മാസ്റ്ററുടെ വീട്ടില്‍ ചെന്ന് ഒരു ജീപ്പിലാണ് ഞങ്ങള്‍ മുപ്പതു കി.മീ.അകലേക്കു പോയത്. തരക്കേടില്ലാത്ത യോഗത്തിനുശേഷം തിരിച്ചുവന്നപ്പോള്‍ ഏറെ വൈകി. പേരാമ്പ്രയിലെത്തിയപ്പോള്‍ മാസ്റ്ററുടെ ഒരു ബന്ധു വീട്ടില്‍ കയറി പോകാന്‍ അദ്ദേഹം ക്ഷണിച്ചു. മാസ്റ്റര്‍ നേരത്തെ അറിയിച്ചോ എന്നറിയില്ല. ഏതായാലും അവിടെ ഭക്ഷണം കഴിച്ചു. മാസ്റ്റര്‍ എന്നെ പരിചയപ്പെടുത്തി. ഞാന്‍ പത്തുവര്‍ഷം മുന്‍പ് സംഘപ്രചാരകനായി അവിടെ ചെന്നിട്ടുണ്ടെന്നും, അന്നത്തെ ഓര്‍മയുണ്ടാവുമെന്നും മറുപടി നല്കി.
ആ ഓര്മ വളരെ രസകരമാണ്. 1957-58 വേനല്ക്കാലത്തു പേരാമ്പ്രയില്‍ പോയപ്പോള്‍ വലിയ ജനലക്ഷമായിരുന്നു. എളമാരന്‍കുളങ്ങര ക്ഷേത്രക്കുളത്തില്‍ വെള്ളം അടിയിലെത്തി, തിരക്കു മൂലം ഇറങ്ങാന്‍ അസാധ്യമായിരുന്നു. അല്‍പ്പം നടന്നാല്‍ ഒരു വീട്ടില്‍ നല്ല കുളമുണ്ടെന്നു എന്റെ ആതിഥേയനായിരുന്ന കൈലാസം പറഞ്ഞു. അവിടെ ചെന്ന് പരിചയപ്പെട്ടു. സംഘപ്രചാരകനാണെന്നു പറഞ്ഞപ്പോള്‍ ‘ങ്ങളാരാ’ എന്ന ചോദ്യം ആവര്‍ത്തിച്ചു. എല്ലാവരെയും ഇവിടെ കുളിക്കാന്‍ അനുവദിക്കാറില്ല. നായന്മാര്ക്കു മേലുള്ളവര്‍ക്കു മാത്രമേ കുളം ഉപയോഗിക്കാവൂ” എന്നു തെളിച്ചു പറഞ്ഞു. കുളിക്കാതെ വന്നു കൈലാസത്തിന്റെ കിണറ്റില്‍ കോരിക്കുളിച്ചു.
ജാതിചിന്ത ആഴത്തില്‍ വേരൂന്നിയ അക്കാലത്ത് മറക്കാനാവാത്ത അനുഭവങ്ങള്‍ വേറെയുമുണ്ട്. കടലുണ്ടിയിലെ ജനസംഘപ്രവര്ത്തകനായ നളരാജന് ഏതാണ്ട് മുഴുവന്‍ സമയവും ജനസംഘത്തിന് നല്കിയ ആളായിരുന്നു. വയനാട്ടില്‍ ഏതാനും വര്‍ഷം മുഴുസമയ പ്രവര്‍ത്തകനായി. ഗണപതിവട്ടത്തായിരുന്നു മേല്‍വിലാസം. താമസം ഏതെങ്കിലും പ്രവര്‍ത്തകന്റെ വീട്ടിലും. നളരാജന് കടലുണ്ടിയിലായിരുന്നപ്പോള് തിരൂരങ്ങാടി മണ്ഡലത്തിന്റെ ചുമതല നല്കപ്പെട്ടു. ആ മണ്ഡലത്തില്‍ ഏറ്റവും കുറവ് ഹിന്ദുക്കളുണ്ടായിരുന്നതു കൊടുവായൂര്‍ പഞ്ചായത്തിലാണ്. പാലക്കാട്ടും ഒരു കൊടുവായൂര്‍ ഉണ്ടല്ലോ. അതിനാല്‍, മലപ്പുറത്തെ കൊടുവായൂരിന് അബ്ദുറഹിമാന് നഗര്‍ എന്നു പേരാക്കി. മലബാറിലെ പ്രശസ്ത കോണ്‍ഗ്രസ് നേതാവായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്റെ പേരാണ് നല്കപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബ വീട് അങ്ങകലെ മുക്കത്തായിരുന്നുവെന്നോര്ക്കണം. മാപ്പിള ലഹളക്കാലത്ത് ഏറ്റവും ക്രൂരമായ ഹിന്ദു കൂട്ടക്കൊല നടന്ന സ്ഥലങ്ങളുടെ മുന്‍നിരയില്‍ ഈ സ്ഥലവുമുണ്ട്.
പരമേശ്വര്‍ജിയുടെ മലപ്പുറം ജില്ലാ പര്യടന വേളയില്‍ ഇവിടത്തെ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പരിപാടിയിട്ടു. മുപ്പതോളം വീടുകളുള്ള ചാലിയത്തെരുവും, ഏതാനും പുലയ വീടുകളും ആയിരുന്നു ആകെ ഹിന്ദു ഭവനങ്ങള്‍.
പരമേശ്വര്‍ജിയെയും കൊണ്ട് ആ വീട്ടില്‍ പോയി. വീട്ടിലുള്ളവര്‍ വികാരാധീനരായി. അദ്ദേഹത്തിനിരിക്കാന്‍ പുതിയ പുല്പായ വിരിച്ചു. പരമേശ്വര്‍ജി എത്ര നിര്‍ബന്ധിച്ചിട്ടും വേവിച്ച ആഹാരം കൊടുക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. അവര്‍ തെങ്ങില്‍ കയറി ഇളനീര് പറിച്ചു വെട്ടി തയ്യാറാക്കിയ ശേഷം അതു തുളച്ചുകൊടുക്കാന് ഞങ്ങളെയേല്പ്പിക്കുകയായിരുന്നു. അദ്ദേഹത്തെ മഹാബ്രാഹ്മണനായി ധരിച്ച്, തങ്ങള്‍ തൊട്ടു വേവിച്ച ഭക്ഷണം നല്കി ആ ‘പാപം’ ഏല്ക്കാന് അവര്‍ തയ്യാറല്ലായിരുന്നു. പിന്നീട് പലതവണ കൊടുവായൂരിലെ ആ വീട്ടില്‍ പോയശേഷം ജാതിബോധം സംബന്ധിച്ച അവരുടെ അപകര്‍ഷ ചിന്താഗതിയില്‍ മാറ്റമുണ്ടാക്കാനായി.
ജന്മഭൂമിയുടെ ചുമതലയേറ്റ് എറണാകുളത്തേക്കു പോകുന്നതിനു മുന്‍പ് ഉള്ള്യേരിയില്‍ ശേഖരന്കുട്ടി മാസ്റ്ററെ കണ്ടു യാത്ര പറയാന്‍ പോയി. അദ്ദേഹത്തിന്റെ മൂന്നാം ക്ലാസുകാരിയായ മകള്‍ എഴുതിയ ഒരു കവിത ആ കുട്ടി തന്നു. മാസ്റ്ററുടെ സാഹിത്യവാസനയും കവിത്വസിദ്ധിയും മകളിലേക്കു പകര്‍ന്നു കഴിഞ്ഞു.
സംഘ പ്രചാരകനായി ഏതു മേഖലയില്‍ എത്തിയാലും നമുക്കു ലഭിക്കുന്ന അനുഭവങ്ങള്‍ അമൂല്യങ്ങളാണ്. ജീവിതകാലം മുഴുവന്‍ അത് ആനന്ദനിര്‍വൃതി നല്‍കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: