രാജസദസില്‍ അപമാനിക്കപ്പെട്ട ദ്രൗപദിയെ സംരക്ഷിച്ച ഭഗവാന് ശ്രീകൃഷ്ണന്റെ ഇടപെടലിന്റെ ഓര്‍മകൂടിയാണ് ഹൈന്ദവവിശ്വാസികള്‍ക്ക് രക്ഷാബന്ധന്. രാജ്യം രക്ഷാബന്ധന് ആഘോഷിച്ച അതേ ദിവസമാണ് കേരളത്തില്‍ ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്’ പുറത്ത് വന്നത്. സിനിമാലോകത്ത് വസ്ത്രാക്ഷേപം ചെയ്യപ്പെട്ട നിരവധി സഹോദരിമാരുടെ കഥ കേട്ട് കേരളം ഞെട്ടി. എന്നാല്‍ ഈ കഥകളെല്ലാം അറിഞ്ഞിട്ടും നാലു വര്‍ഷം അവ മറച്ചുവച്ച പിണറായി വിജയന് സര്‍ക്കാരിന്റെ ധൃതരാഷ്ട്രഭാവമാണ് അതിലേറെ ഹീനമായത്. അധികാരമോഹം അന്ധനാക്കിയ പിണറായി വിജയന് സിനിമയ്ക്ക് മാത്രമല്ല, കേരളത്തിനാകെയും അപമാനമായി.
രാജ്യത്താദ്യമായി ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കപ്പെട്ടയിടമാണ് മലയാള സിനിമാരംഗം. ഓടുന്ന വണ്ടിക്കുള്ളില്‍ പട്ടാപ്പകല്‍ യുവനടി ആക്രമിക്കപ്പെട്ടു. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന ക്രിമിനലുകളുള്ള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് ഹൈക്കോടതി മുന്‍ ജഡ്ജ് കൂടിയായ ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയമിച്ചത്. ലൈംഗികാതിക്രമങ്ങളും തൊഴില്‍ പീഡനവും നേരിട്ടവര്‍ക്ക് ഭയംകൂടാതെ പരാതികള്‍ ബോധിപ്പിക്കാന്‍ കൂടിയാണ് പൊതുഖജനാവില്‍ നിന്ന് ഒരു കോടിയിലേറെ രൂപ ചിലവിട്ട് മൂന്നംഗ കമ്മിറ്റി പ്രവര്‍ത്തിച്ചത്. സ്വന്തം ജീവന് പണയപ്പെടുത്തിയാണ് സ്ത്രീകളും പെണ്കുട്ടികളുമടക്കം സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആ കമ്മിറ്റിക്ക് മുന്നില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
സ്ത്രീത്വം അപമാനിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ്. സ്ത്രീകളോ പെണ്‍കുട്ടികളോ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി വിവരം ലഭിച്ചാല്‍ ഉടനടി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ പടി. പിന്നീട് മതി അന്വേഷണം. സ്ത്രീയുടെ മൊഴി മാത്രം മതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍. ഇതില്‍ അമാന്തം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാമെന്ന് ഐപിസി 166 വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ലളിത കുമാരി കേസിലെ സുപ്രീംകോടതി ഉത്തരവുമുണ്ട്.
നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഗുരുതര കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് എവിടെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവും. മാത്രമല്ല, സ്ത്രീയുടെ അന്തസിനെ ബാധിക്കുന്ന ഏത് പ്രവര്‍ത്തിക്കും ബിഎന്‍എസ് കര്‍ശനശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബലാത്സംഗം മാത്രമല്ല, സ്ത്രീകളെ ദുരുദ്ദേശത്തോടെ പിന്തുടരുക, സ്വകാര്യതയിലേക്ക് കടന്നുകയറുക, മാനഹാനി വരുത്തുക, കുട്ടികളെ തട്ടിക്കൊണ്ടുപോയി അസാന്മാര്ഗിക പ്രവര്‍ത്തിക്ക് പ്രേരിപ്പിക്കുക തുടങ്ങിയവയെല്ലാം കടുത്ത ശിക്ഷയ്ക്ക് വിധേയമാവും.
പതിനെട്ടുവയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തിയാല്‍ അത് പോക്സോ നിയമത്തിന്റെ പരിധിയില്‍ വരും. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരായ ലൈംഗിക അതിക്രമം നടന്നുവെന്നത് അറിഞ്ഞുകൊണ്ട് മറച്ചുവയ്ക്കുന്നതും തടവുശിക്ഷയര്ഹിക്കുന്ന കുറ്റകൃത്യവുമാണ്. ഇതിനെല്ലാം പുറമെ തൊഴിലിടങ്ങളിലെ ചൂഷണം തടയുന്നതിനുള്ള നിയമങ്ങളുമുണ്ട്.
ഭാരതീയ നിയമവ്യവസ്ഥ ഇത്ര സുതാര്യവും കര്ശനവുമാണെന്നിരിക്കെയാണ് പിണറായി സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്ന സമീപനം സ്വീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ സിനിമയിലെ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാനുള്ള തത്രപ്പാടായിരുന്നു ആദ്യം. വിവരാവകാശപ്രകാരമുള്ള ആദ്യ അപേക്ഷ തള്ളിയത് സാംസ്്കാരിക വകുപ്പിന്റെ വിവരാവകാശ ഓഫീസറായിരുന്നു. നിയമസഭാ ചോദ്യത്തിന് മറുപടി നല്‍കാനുണ്ട് എന്ന വിചിത്രവാദമായിരുന്നു റിപ്പോര്‍ട്ട് നല്കാതിരിക്കാനുള്ള ന്യായം. എ.കെ. ബാലനായിരുന്നു അന്ന് സാംസ്കാരിക മന്ത്രി. പിന്നീടാണ് വ്യക്തിവിവരങ്ങള്‍ പുറത്തുവിടരുത് എന്ന് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.
നാലുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. എന്നിട്ടും അത് പുറത്തുവരുന്നത് തടയാന്‍ അവസാനനിമിഷം പോലും അരങ്ങേറിയ നാടകങ്ങള്‍ കേരളം കണ്ടു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ ഭയക്കുന്നത് വമ്പന്‍ സ്രാവുകളാണെന്ന് അടിവരയിടുന്നതായി ഈ നീക്കങ്ങള്‍. വിവരാവകാശ അപേക്ഷകര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ടിന്റെ കോപ്പിയില്‍ പ്രമുഖര്‍ ലൈംഗിക ചൂഷണം നടത്തിയതായി പറയുന്ന പതിനൊന്ന് ഖണ്ഡികകള്‍ സജി ചെറിയാന്റെ സാംസ്കാരിക വകുപ്പ് ഒഴിവാക്കി. പ്രതിയുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് ഒരു നിയമവും പറയുന്നില്ല എന്നോര്‍ക്കണം.
”സ്ത്രീകളും പെണ്‍കുട്ടികളും” എന്ന് കമ്മിറ്റി പറയുന്നതിലൂടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും ചൂഷണത്തിന് ഇരയാവുന്നു എന്നാണ് മനസിലാവുന്നത്. പോക്സോ കുറ്റകൃത്യം മറച്ചുവയ്ക്കുക കൂടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. അതിജീവിതകള്‍ നേരിട്ടു വന്ന് പരാതി നല്‍കിയാലേ കേസെടുക്കൂ എന്നാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി പറഞ്ഞത്. പ്രാണഭയമുള്ള അതിജീവിതകള്‍ ഇനി മറ്റൊരിടത്തുകൂടി പരാതി നല്‍കണം എന്ന് ശഠിക്കുന്നത് വേട്ടക്കാരെ സംരക്ഷിക്കാനാണെന്ന് വ്യക്തം. ശാരീരികമായി ഉപദ്രവിച്ച വ്യക്തിക്കൊപ്പം പിറ്റേന്ന് അടുത്തിടപഴകി അഭിനയിക്കേണ്ടി വന്ന അതിജീവിതയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നീതി വേണമെങ്കില്‍ ആ സ്ത്രീ ഇനി പോലീസ് സ്റ്റേഷനില്‍ പോയി പരാതികൊടുക്കണം എന്നാണ് പിണറായി വിജയന് ആവശ്യപ്പെടുന്നത്.
വേട്ടക്കാരനൊപ്പമാണ് സര്‍ക്കാര്‍ എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായി ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനോടുള്ള നിലപാട്. രഞ്ജിത് അപമര്യാദയായി പെരുമാറി എന്നും സിനിമ സെറ്റില്‍ നിന്ന് രക്ഷപെട്ടോടേണ്ടി വന്നു എന്നും പരസ്യമായി പറഞ്ഞത് പ്രമുഖ ബംഗാളി നടിയാണ്. അവിടെയും പ്രതിക്ക് ലഭിക്കേണ്ട പരിരക്ഷയെക്കുറിച്ചായിരുന്നു സജി ചെറിയാന്റെ ആശങ്ക. രഞ്ജിത്തിനെതിരെ വേറെയും സ്ത്രീകള്‍ പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ അയാള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയാണ്.
ഒരു വ്യവസായമെന്ന നിലയില്‍ സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന് മാത്രമല്ല, അന്തസോടെ തൊഴിലെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു എന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൊഴില്‍ ലഭിക്കാന്‍ ശരീരം നല്‍കണമെന്നും ഇതിന് ഇടനിലക്കാരുണ്ടെന്നും സ്ത്രീകള്‍ മൊഴി നല്കി. സിനിമയില്‍ തുടരണമെങ്കില്‍ ഇത്തരം അഡ്ജസ്റ്റ്മെന്റും വിട്ടുവീഴ്ചയും അനിവാര്യമാണത്രെ. സിനിമയിലെ മിന്നുംതാരങ്ങള്പ്പോലും സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ ദുരുപയോഗം ചെയ്യുന്നതായി മൊഴികളുണ്ട്. സഹകരിക്കാത്തവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കും. പ്രാണഭയം മൂലമാണ് പുറത്തുപറയാത്തതെന്ന് സ്ത്രീകള്‍ കമ്മിറ്റിയോട് വിശദീകരിച്ചു.
ഇത്തരം ഗുരുതര കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ എന്ന ഹൈക്കോടതിയുടെ ചോദ്യം സര്‍ക്കാരിന്റെ കരണത്തേറ്റ അടിയായി. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും അതുവരെ പറഞ്ഞ ന്യായങ്ങളെല്ലാം കള്ളമായിരുന്നു എന്ന് തെളിയിക്കുന്നതായി ഹൈക്കോടതി ഇടപെടല്‍. വാസ്തത്തില്‍, ” നിയമംമൂലം സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് കൂറും വിശ്വസ്ഥതയും പുലര്‍ത്തും” എന്ന സത്യവാചകത്തിന്റെ ലംഘനമാണ് പിണറായി വിജയനും സജി ചെറിയാനും നടത്തിയത്. ഉന്നതരെ സംരക്ഷിക്കാന്‍ നടത്തിയ ഇടപെടലിലൂടെ, ഭീതിയോ പ്രീതിയോ കൂടാതെ ഉത്തരവാദിത്തം നിറവേറ്റിക്കൊള്ളാം എന്ന സത്യവാചകവും ഇരുവരും ലംഘിച്ചു. അതിനാല്‍ത്തന്നെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും അധികാരക്കസേരയില്‍ തുടരാന്‍ ഇനി അവകാശമില്ല.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച സിനിമകള്‍ പുറത്തിറക്കുന്ന മലയാള സിനിമ ലോകത്തെയാകെ ലജ്ജിപ്പിക്കുന്നതാണ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍. സ്ത്രീക്ക് ജോലി ലഭിക്കാന്‍ ശരീരം നല്‍കേണ്ടി വരുന്നു എന്നത് പരിഷ്കൃത സമൂഹത്തെയാകെ നാണിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. ഇവിടെ സ്ത്രീകള്‍ക്കല്ല, വാസ്തവത്തില്‍ സിനിമയിലെ പുരുഷന്മാര്ക്കാണ് ലജ്ജ തോന്നേണ്ടത്. ഏത് സൂപ്പര്‍ താരമായാലും സ്ത്രീ ശരീരത്തില്‍ കടന്നുകയറുന്നയാളുടെ താരമൂല്യം വട്ടപ്പൂജ്യമാണ്. തൊഴിലിടത്ത് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന ചൂഷണത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന താരസംഘടനാ ഭാരവാഹികളുടെ പ്രസ്താവനയും പരിഹാസ്യമാണ്. സഹപ്രവര്‍ത്തകരുടെ മാനവും തൊഴിലവകാശങ്ങളും സംരക്ഷിക്കാനാവുന്നില്ലെങ്കില്‍ എന്തിനാണ് ഇത്തരമൊരു സംഘടന എന്ന് അവര്‍ സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു.
(മുന്‍ വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: