ന്യൂദല്‍ഹി: ലക്ഷാധിപതി ദീദി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കായി 2,500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.
4.3 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 48 ലക്ഷം അംഗങ്ങള്‍ക്കാണ് ഈ റിവോള്‍വിങ് ഫണ്ട് പ്രയോജനപ്പെടുക. 2.35 ലക്ഷം സ്വയംസഹായ സംഘങ്ങളിലെ 25.8 ലക്ഷം അംഗങ്ങള്‍ക്ക് ഉപകരിക്കുന്ന 5,000 കോടിയുടെ ബാങ്ക് വായ്പയും പ്രധാനമന്ത്രി വിതരണം ചെയ്യും. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍, രാവിലെ 11.15ന് ലക്ഷാധിപതി ദീദി സമ്മേളനത്തിലാണ് പ്രധാനമന്ത്രി തുക കൈമാറുക. ലക്ഷാധിപതി ദീദിമാരായ 11 ലക്ഷം പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി കൈമാറും. അവരെ ആദരിക്കും. രാജ്യത്തുടനീളമുള്ള ലക്ഷാധിപതി ദീദിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയ വിനിമയം നടത്തും.
ലക്ഷാധിപതി ദീദി പദ്ധതിയിലൂടെ ഒരു കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കി. മൂന്നു കോടി സ്ത്രീകളെ ലക്ഷാധിപതികളാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ലക്ഷാധിപതി ദീദി പദ്ധതിക്കു കീഴില്‍ സ്ത്രീകള്‍ക്ക് ഡ്രോണുകളുടെ പ്രവര്‍ത്തനവും നന്നാക്കലും, പ്ലംബിങ്, എല്‍ഇഡി ബള്‍ബ് നിര്‍മാണം തുടങ്ങിയവയിലുമാണ് പരിശീലനം.
ജോധ്പൂരില്‍ ഇന്ന് വൈകിട്ട് 4.30ന് രാജസ്ഥാന് ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. രാജസ്ഥാന് ഹൈക്കോടതി മ്യൂസിയ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ആകാശവാണിയിലെ ‘മന് കി ബാത്ത്’ പരിപാടിയിലൂടെ രാവിലെ 11ന് പ്രധാനമന്ത്രി ഇന്ന് തന്റെ ചിന്തകള്‍ പങ്കുവയ്ക്കും. മന് കി ബാത്തിന്റെ 113-ാം എപ്പിസോഡാണിത്. മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ എപ്പിസോഡും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: