കൊല്‍ക്കത്ത: പിജി വിദ്യാര്‍ത്ഥിയായ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ആര്‍ജി കര് മെഡിക്കല്‍ കോളജിന്റെ മുന്‍ പ്രിന്‍സിപ്പലിനെ സിബിഐ നുണപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ ഒരാഴ്ചയോളം പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയതിരുന്നു. ഇയാളുടെ പ്രതികരണത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും സിബിഐ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയത്.
സന്ദീപ് ഘോഷിനെ കൂടാതെ കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയിയെയും സിബിഐ നുണപരിശോധനയ്ക്ക് ഹാജരാക്കിയിരുന്നു. അതിനിടെ സഞ്ജയ് റോയിയെ ആരെങ്കിലും കുടുക്കിയതാകാമെന്ന് ആരോപിച്ച് ഇയാളുടെ അമ്മ രംഗത്തെത്തി. സംഭവത്തിന് ശേഷം മകനെ കണ്ടിട്ടില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്റെ പെണ്മക്കളും മരുമക്കളും ആരും ഇപ്പോള്‍ ഇവിടേക്ക് വരുന്നില്ല. എല്ലാവരും എന്നെ ഉപേക്ഷിച്ച് പോയി. കോടതിയില്‍ എങ്ങനെ അപ്പീല്‍ നല്‍കണമെന്ന് എനിക്ക് അറിയില്ല. അവന് കോളജില്‍ പഠിച്ച് ബിരുദം നേടിയിട്ടുണ്ട്. എന്‍സിസിയുടെ ഭാഗമായിരുന്നു. അവന് ബോക്സിങ്ങും പഠിച്ചിട്ടുണ്ട്. സഞ്ജയ്യുടെ അച്ഛന് വളരെ കര്‍ക്കശക്കാരനായിരുന്നു. അദ്ദേഹം മരിച്ചതിന് ശേഷമാണ് എല്ലാം താളംതെറ്റിയത്. ഞാനും അതുപോലെ ആയിരുന്നുവെങ്കില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നും, അവര്‍ വിശദീകരിച്ചു.
സംഭവദിവസം രാത്രി അത്താഴം കഴിക്കാതെയാണ് അവന് ആശുപത്രിയിലേക്ക് പോയത്. അസാധാരണമായ രീതിയിലുള്ള പെരുമാറ്റം ഒരിക്കലും തോന്നിയിട്ടില്ല. അവന് ആരേയും ഉപദ്രവിക്കുന്ന ആളല്ല. ആരെങ്കിലും അവനെ കുടുക്കിയതാണെങ്കില്‍ ആ വ്യക്തിക്ക് ശിക്ഷ ലഭിക്കും. അവന് കുറ്റക്കാരനാണെങ്കില്‍ അവനുള്ള ശിക്ഷ ദൈവം കൊടുക്കും. അവനെ കാണാന്‍ പറ്റിയാല്‍ എന്തിനിങ്ങനെ ചെയ്തുവെന്ന് ചോദിക്കുമെന്നും, അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: