തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മൂന്നുലക്ഷം കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനായി കൈറ്റ് കസ്റ്റമൈസ് ചെയ്തതാണ് കൈറ്റ് ഗ്നൂലിനക്സ് 22.04 എന്ന പുതിയ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട്. സ്‌കൂളുകളിലെ ഐ.സി.ടി. പഠനത്തിനു മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പി സെന്ററുകള്‍, പത്രസ്ഥാപനങ്ങള്‍, സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കള്‍, എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കും സമ്പൂര്‍ണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമായി ഈ ഒ.എസ് സ്യൂട്ട് സൗജന്യമായി ഉപയോഗിക്കാനാകും.
പ്രമുഖ സ്വതന്ത്ര ജനകീയ ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി കസ്റ്റമൈസ് ചെയ്ത ഒ.എസ്. സ്യൂട്ടില്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കുന്ന ജി-കോമ്പ്രിസ്, ടക്സ്പെയിന്റ്, പിക്റ്റോബ്ലോക്സ്, ട്രാഫിക് ഗെയിം, വേസ്റ്റ് ചാലഞ്ച്, ഒമ്നി ടക്സ്, എജുആക്ടിവേറ്റ്, ഫെറ്റ്, ജിയോജിബ്ര, ലിബര്‍ഓഫീസ് പാക്കേജ്, കളര്‍പെയിന്റ്, സ്‌ക്രാച്ച് ക്രിറ്റ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.
മലയാളം കമ്പ്യൂട്ടിങ് സാധ്യമാക്കുന്നതിനുള്ള വിപുലമായ സംവിധാനങ്ങള്‍ക്കു പുറമെ ഇ-ബുക്ക് റീഡര്‍, ഡെസ്‌ക്ടോപ് പബ്ലിഷിങ് സോഫ്റ്റ്വെയര്‍, ലാടെക് എഡിറ്റര്‍, ഗ്രാഫിക്സ്-ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറുകള്‍, സൗണ്ട് റിക്കോര്‍ഡിങ്-വീഡിയോ എഡിറ്റിങ്-ത്രിഡി അനിമേഷന്‍ പാക്കേജുകള്‍, സ്‌ക്രീന്‍ റിക്കോര്‍ഡിങ്-ബ്രോഡ്കാസ്റ്റര്‍ ടൂളുകള്‍, പ്രോഗ്രാമിങ്ങിനുള്ള ഐ.ഡി.ഇ.കള്‍, ഡാറ്റാബേസ് സര്‍വറുകള്‍, ഡാറ്റാബേസ് ആപ്ലിക്കേഷനുകള്‍, മൊബൈല്‍ ആപ്പുകളുടെ ഡെസ്‌ക്ടോപ് വേര്‍ഷനുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. kite.kerala.gov.in ലെ ഡൗണ്‍ലോഡ്സ് ലിങ്കില്‍ നിന്നും ഒ.എസ് സ്യൂട്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിന്‌റെ പ്രകാശനം കഴിഞ്ഞ ദിവസം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: