Kerala

വിദേശ പഠന വായ്പ മുപ്പത് ലക്ഷമാക്കും: ജോര്‍ജ് കുര്യന്‍

Published by

പാലാ: ഉന്നത പഠനത്തിന് വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 20 ലക്ഷം രൂപ പലിശരഹിതമായി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വകുപ്പിനു കീഴിലുള്ള പദ്ധതി വിപുലീകരിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ വായ്പ എടുക്കുന്നവര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. 30 ലക്ഷം രൂപയായി വായ്പാ തുക വര്‍ധിപ്പിക്കും. വര്‍ധിപ്പിച്ച തുകയ്‌ക്ക് ചെറിയ പലിശ ഈടാക്കാന്‍ ഉദ്ദേശിക്കുന്നതായും ഡിസംബറില്‍ കേരളത്തില്‍ ഇതിന്റെ സമ്മേളനം നടക്കുമെന്നും മന്ത്രി പറഞ്ഞു.

യുവതലമുറ വലിയ തോതില്‍ വിദേശത്തേക്ക് പോകുമ്പോഴുണ്ടാകുന്ന അനഭിമതമായ അധിനിവേശങ്ങളെ ചെറുക്കാന്‍ കഴിയണം. വിജനമായ വീടുകളും സ്ഥലങ്ങളും അന്യാധീനപ്പെടാതിരിക്കാനും ഏറ്റെടുക്കാനും സഭ മുന്നിട്ടിറങ്ങണം. കൃഷിയില്ലാതെ കിടക്കുന്ന ഭൂമിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ചിന്തിക്കണം.

കുടിയേറ്റ കര്‍ഷകര്‍ പ്രകൃതിക്ക് ദോഷം ഉണ്ടാക്കുന്നില്ല. ഇടുക്കി പോലുള്ള മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകരെ സംരക്ഷിക്കാന്‍ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. കൃഷി, ബിസിനസ് മേഖലകളില്‍ വലിയ സംഭവനയാണ് സിറോ മലബാര്‍ സഭ നല്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തന്റെ ഇടവകയായ കുറവിലങ്ങാടിനടുത്തുള്ള നമ്പ്യാകുളത്തെ സിറോ മലബാര്‍ സഭ വിശ്വാസികളുടെ നന്മയാണ് തന്നെ വളര്‍ത്തിയതെന്നു പറഞ്ഞ മന്ത്രി, തന്റെ വിശ്വാസം ഇന്നും നാളെയും ഉറക്കെ വിളിച്ചുപറയുമെന്നും സഭയോടൊപ്പം എന്നുമുണ്ടാകുമെന്നും വ്യക്തമാക്കി.

മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയില്‍ ബിഷപ്പുമാരും പുരോഹതരും സമര്‍പ്പിതരും അല്‍മായരുമടക്കം 348 അംഗങ്ങളാണ് പങ്കെടുക്കുന്നത്. അസംബ്ലിയുടെ രണ്ടാംദിനം ഉദ്ഘാടനം ചെയ്തത് ഭാരതത്തിന്റെ അപ്പസ്‌തോലിക്ക് ന്യുണ്‍ഷോ ആര്‍ച്ച്ബിഷപ്പ് ലിയോപോള്‍ദോ ജിറെല്ലിയാണ്.

മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെയാണ് അസംബ്ലിയുടെ രണ്ടാംദിനം ആരംഭിച്ചത്. ഫാ. സെബാസ്റ്റ്യന്‍ ചാലക്കല്‍, ഫാ. തോമസ് മേല്‍വെട്ടത്ത്, ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഫാ. മാത്യു വാഴയില്‍, പ്രഫ. കെ.എം ഫ്രാന്‍സിസ്, റവ. ഡോ. സിബിച്ചന്‍ ഒറ്റപ്പുരയ്‌ക്കല്‍, ഫാ. ജോമോന്‍ അയ്യങ്കനാല്‍ എംഎസ്ടി, ഡോ. കൊച്ചുറാണി ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പൊതുചര്‍ച്ചയില്‍ കാഞ്ഞിരപ്പിള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഡോ. ജോസ് തോമസ് എന്നിവര്‍ മേഡറേറ്റര്‍മാരായി. മേജര്‍ ആര്‍ച്ച്ബിഷപ്പായി ഒരുവ്യാഴവട്ടക്കാലം സഭയെ നയിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആദരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക