Entertainment

‘അമ്മയിൽ പൊട്ടിത്തെറി ‘സിദ്ദിഖിനോട് വിയോജിച്ച് ജഗദീഷ് ;ക്ഷമ ചോദിക്കുന്നു അമ്മയുടെ പ്രതികരണം വൈകി ;ഒറ്റപ്പെട്ട സംഭവമാണെങ്കിലും അന്വേഷിക്കണം

അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാവില്ല

Published by

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ മൗനം വെടിഞ്ഞ് മാധ്യമങ്ങോട് സംസാരിച്ചിരിക്കുകയാണ് മലയാളം സിനിമയിലെ താരസംഘടനയായ ‘അമ്മ.’ ഹേമ കമ്മറ്റി റിപ്പോർട്ട് പരിപൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും, ശക്തമായ അന്വേഷണം വേണമെന്നുമാണ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചുവെന്നും പല കാര്യങ്ങളും ആദ്യമായാണ് കേൾക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായ കാര്യവും സിദ്ദിഖ് ചൂണ്ടികാട്ടി. “2006ൽ നടന്ന സംഭവത്തെ കുറിച്ച് 2018ൽ പരാതിപ്പെട്ടിരുന്നു എന്നു പറഞ്ഞ് ഇപ്പോൾ ഒരു ഇമെയിൽ വന്നിട്ടുണ്ട്. ആ പരാതി വന്ന സമയത്ത് ഞാനും ആ കമ്മറ്റിയിൽ ഉണ്ടായിരുന്നു. പക്ഷേ അന്ന് ആ പരാതി എന്റെ ശ്രദ്ധയിൽ പെട്ടില്ല. ഞാനന്ന് എക്സിക്യൂട്ടീവ് മെമ്പർ മാത്രമാണ്. ഇപ്പോഴാണ് അത് ശ്രദ്ധയിൽ പെട്ടത്. അത് അന്വേഷിച്ച് മറുപടി കൊടുക്കും. പരാതി അവഗണിക്കുന്നത് തെറ്റാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ,” എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.

അമ്മയുടെ പത്രസമ്മേളനത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറിയുടെ പല പ്രസ്താവനകളോടും വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് അമ്മയുടെ വൈസ് പ്രസിഡന്റായ ജഗദീഷ്. പരാതികൾ പറയാനൊരു വേദിയൊരുങ്ങിയത് ഹേമ കമ്മീഷൻ വന്നതോടെയാണ്. റിപ്പോർട്ട് കാരണം ഒരുപാട് മാറ്റങ്ങൾ സിനിമാമേഖലയിൽ ഉണ്ടായിട്ടുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും ജഗദീഷ് പറഞ്ഞു.

അമ്മയുടെ പ്രതികരണം വൈകി എന്നു ഞാൻ തുറന്നു സമ്മതിക്കാം, ആദ്യമേ ഞാൻ പൊതുസമൂഹത്തോട് ക്ഷമ ചോദിക്കുന്നു.ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ പേരെടുത്തു പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അതിനെ കുറിച്ചെല്ലാം സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. അതിൽ നിന്നും അമ്മയ്‌ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാവില്ല. നമ്മുടെ പേര് വന്നിട്ടില്ല, നമ്മുടെ പേര് പറഞ്ഞിട്ടില്ല എന്നു കരുതി നമ്മൾ ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നാണ് എന്റെ അഭിപ്രായം. ഈ സംഭവങ്ങൾ നടന്നിട്ടുണ്ട്, ഹേമ കമ്മിറ്റി ഇങ്ങനെ കാര്യം പറയുമ്പോൾ അതിൽ കാര്യമുണ്ട്. വാതിലിൽ മുട്ടി എന്നൊരു നടി പറയുമ്പോൾ അത് അന്വേഷിക്കണം. ആ കുട്ടിയുടെ പരാതി നമ്മൾ പരിഹരിക്കണം. ഒറ്റപ്പെട്ട പരാതിയാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ പറ്റില്ല. മറിച്ച് ഒറ്റപ്പെട്ട സംഭവങ്ങൾ പോലും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവന്ന് അന്വേഷിച്ച്, ഇനിയും അത് ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായി ശിക്ഷിക്കണം,” ജഗദീഷ് പറഞ്ഞു.

“കുറ്റക്കാരുടെ പേരു പുറത്തുവരണം, അതിനു ഹൈക്കോടതി അനുവദിക്കുമെങ്കിൽ. അവർക്കെതിരെ നിയമനടപടി വരട്ടെ. അക്കാര്യങ്ങളിൽ ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടത്. അവർക്കെതിരെ കേസ് എടുക്കാൻ കോടതി പറഞ്ഞാൽ അവരെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കും,” എന്നും ജഗദീഷ് പറഞ്ഞു.

“ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രനാളും എന്തുകൊണ്ടാണ് കോൾഡ് സ്റ്റോറേജിൽ ആയി പോയതെന്ന കാര്യത്തിൽ ഇതുവരെ വിശദീകരണം ലഭിച്ചില്ല. ഇത്രയും നാൾ വയ്‌ക്കാൻ പാടില്ലായിരുന്നു. അന്നു തന്നെ പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഇന്നെത്തുമ്പോൾ ഒരുപാട് കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാകുമായിരുന്നു. ഇന്ന് ആളുകൾക്കൊരു ഭയം ഉണ്ട്, ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനു ശേഷം. ഇങ്ങനെ എന്തെങ്കിലും നടന്നാൽ ചോദിക്കാൻ നിയമസംവിധാനമുണ്ടെന്ന്,” ജഗദീഷ് അഭിപ്രായപ്പെട്ടു.

അതേസമയം, നിലവിൽ ഹേമ കമ്മിറ്റിയ്‌ക്ക് മൊഴി കൊടുത്ത നടിമാരെ വീണ്ടും മൊഴി കൊടുക്കാൻ നിർബന്ധിക്കരുത് എന്നും ജഗദീഷ് അഭിപ്രായപ്പെട്ടു. “വീണ്ടും മൊഴി കൊടുക്കണം എന്നു പറയുന്നത് അവരെ വേദനിപ്പിക്കുന്നതിനു തുല്യമാണ്,” എന്നായിരുന്നു ജഗദീഷിന്റെ വാക്കുകൾ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക