ലഖ്നൗ: അയോദ്ധ്യയില്‍ പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയുടെ ബേക്കറിയും അനധികൃത ഷോപ്പിങ് കോംപ്ലക്സുകളും തകര്‍ത്ത് യുപി സര്‍ക്കാര്‍. പ്രതിയും സമാജ്വാദി പാര്‍ട്ടിനേതാവുമായ മൊയ്ദ് ഖാന്റെ കെട്ടിടങ്ങളാണ് ഇന്നലെ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. പൊതുമുതല്‍ കൈയേറി നിര്‍മിച്ച കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് അധികൃതര്‍ വിശദീകരിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെ അയോദ്ധ്യ ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥ സംഘം ബുള്‍ഡോസറുകളുമായി ഭാദര്‍സ ടൗണിലെ ഷോപ്പിങ് സെന്ററിലെത്തുകയായിരുന്നു. മാളില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും നടപടിക്ക് മുമ്പ് ഒഴിപ്പിച്ചു. അയോദ്ധ്യ ലോക്സഭാ എംപി അവധേഷ് പ്രസാദിന്റെ അടുത്ത അനുയായിയാണ് പ്രതി.
ഇരയായ പെണ്‍കുട്ടി ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ചികിത്സയ്ക്ക് ശേഷം കുടുംബത്തോടൊപ്പം ഭാദര്‍സ ടൗണിലെ വസതിയിലേക്ക് മാറി. യുവതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രണ്ട് മാസം മുമ്പാണ് മൊയ്ദ് ഖാനും അയാളുടെ ജീവനക്കാരനായ രാജു ഖാനും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 2012 മുതല്‍ ഇയാളുടെ ഭൂമിയിലാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷന് ഇന്‍ ചാര്‍ജ് രത്തന്‍ലാല്‍ ശര്‍മയെയും ഔട്ട്പോസ്റ്റ് ഇന്‍ ചാര്‍ജ് അഖിലേഷ് ഗുപ്തയെയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: