മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഒമ്പതാമതിറങ്ങി 72 റണ്‍സെടുത്ത് ശ്രീലങ്കന്‍ താരം മിലന്‍ രത്നായകെ റിക്കാര്‍ഡ് പട്ടികയില്‍. ടെസ്റ്റില്‍ ഒമ്പതാം നമ്പറില്‍ ഒരു അരങ്ങേറ്റക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. നാല്പത് കൊല്ലം മുമ്പ് 71 റണ്‍സെടുത്ത ഭാരതത്തിന്റെ ബല്‍വീന്ദര്‍ സിങ് സന്ധുവിന്റെ നേട്ടമാണ് മിലന്‍ തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ തകര്‍ത്തത്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ വന്‍ തകര്‍ച്ചയാണ് ലങ്ക നേരിട്ടത്. 113 റണ്‍സെടുക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് മിലന്‍ ക്രീസിലെത്തുന്നത്. ഇംഗ്ലീഷ് ബൗളര്‍മാരെ കരുതലോടെ നേരിട്ട താരം ടീമിന്റെ രക്ഷകനായി. ലങ്കന്‍ നായകന്‍ ധനഞ്ജയ ഡിസില്‍വയുമായി 63 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. 135 പന്തില്‍ നിന്ന് 72 റണ്‍സെടുത്താണ് മിലന്‍ രത്നായകെ മടങ്ങിയത്. ടീം സ്‌കോര്‍ 200 കടത്തുകയും ചെയ്തു.
നാലു പതിറ്റാണ്ട് മുന്‍പ് പാക്കിസ്ഥാനെതിരെ ഹൈദരാബാദ് ടെസ്റ്റിലായിരുന്നു സന്ധുവിന്റെ പ്രകടനം. വിക്കറ്റൊന്നും പോകാതെ 60 റണ്‍സ് എടുത്തു നില്‍ക്കുകയായിരുന്ന പാക്കിസ്ഥാന്റെ ആദ്യ രണ്ടു വിക്കറ്റുകള്‍ അടുത്തടുത്ത പന്തില്‍ വീഴ്‌ത്തി സന്ധു വരവ് അറിയിച്ചു, പക്ഷേ മൂന്നാം വിക്കറ്റില്‍ ജാവദ് മിയാന്‍ദാദും(280) മുദാസ്സര്‍ നാസറും(231) ചേര്‍ന്ന് 451 റണ്‍സിന്റെ റെക്കോര്‍ഡ് റണ്‍ നേടി മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 581 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങ്ങിലാണ് സന്ധു ടെസ്റ്റ് ക്രിക്കറ്റിലെ ചരിത്രം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ ഒമ്പതാമനായി ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരം. 71 റണ്‍സായിരുന്നു അന്ന് സിന്ധു അടിച്ചത്. ഇന്നിങ്്സിലെ ടോപ് സക്കോര്‍. 189 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.
ഭാരതം കിരീടം ചൂടിയ 1983 ലോകകപ്പ് ഫൈനലില്‍ പതിനൊന്നാമനായി ഇറങ്ങി 11 റണ്‍സ് എടുത്തും ശ്രദ്ധേയനായി. രണ്ടു വിക്കറ്റ് എടുത്ത് ഇന്ത്യന്‍ ജയത്തിലേക്ക് വഴിതുറക്കുകയും ചെയ്തു.
സന്ധുവിന്റെ കരിയറിലെ അവസാന ടെസ്റ്റ് അഹമ്മദാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു. മത്സരത്തില്‍ അദ്ദേഹം ഒരു വിക്കറ്റ് വീഴ്‌ത്തി. അതേ ഇന്നിംഗ്സില്‍ 83 റണ്‍സിന് 9 വിക്കറ്റ് വീഴ്‌ത്തിയ കപില്‍ ദേവിന് നഷ്ടമായ വിക്കറ്റായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: