ന്യൂഡല്‍ഹി : വ്യാപകമായി ഉപയോഗിക്കുന്ന പഞ്ചസാര, ഉപ്പ് തുടങ്ങിയ ഭക്ഷ്യോത്്പന്നങ്ങളിലടക്കം മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതു സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) രംഗത്തുവരുന്നു.
മൈക്രോ/നാനോ-പ്ലാസ്റ്റിക് വിശകലനത്തിനായി സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കുക, ഇന്‍ട്രാ-ഇന്റര്‍-ലബോറട്ടറി താരതമ്യങ്ങള്‍ നടത്തുക, മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം സംബന്ധിച്ച് നിര്‍ണായക ഡാറ്റ സമാഹരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസര്‍ച്ച് (ലഖ്നൗ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (കൊച്ചി), ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് (പിലാനി) എന്നിവയുള്‍പ്പെടെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് അതിന്റെ സമീപകാല റിപ്പോര്‍ട്ടില്‍ പഞ്ചസാര, ഉപ്പ് തുടങ്ങിയ സാധാരണ ഭക്ഷ്യവസ്തുക്കളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തിയെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. മൈക്രോപ്ലാസ്റ്റിക്സിന്റെ ആഗോള വ്യാപനത്തെ റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ടെങ്കിലും, മനുഷ്യന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും, പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍, പ്രത്യാഘാതങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിന് കൂടുതല്‍ ഡാറ്റയുടെ ആവശ്യമുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് എഫ്എസ്എസ്എഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: