പ്രധാനമന്ത്രി നരേന്ദ്ര മോദി, ചെങ്കോട്ടയില്‍ നിന്നുള്ള തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ഭാരതത്തില്‍ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുന്നതിനായി ശക്തമായ വാദം ഉന്നയിച്ചു, നിലവിലെ സിവില്‍കോഡിനെ മതേതരം എന്നാണ് വിശേഷിപ്പിച്ചത്. പൊതു സിവില്‍ നിയമത്തെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും ആരംഭിക്കുന്നത് ഭരണഘടനയില്‍ നിന്നാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നതുപോലെ ഭാരതീയരായ നാം, എല്ലാ പൗരന്മാരുടെയും പരസ്പരമുള്ള സാഹോദര്യവും, അന്തസ്സും, രാഷ്ട്രത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഒരു രാഷ്ട്രം അഥവാ ദേശത്തിന് അതിന്റേതായ സവിശേഷതകളുണ്ട്. വൈവിധ്യങ്ങളില്‍ നിന്ന് വേറിട്ടുനിക്കുന്ന ഒരു അസ്തിത്വത്തിലാണ് ഏതൊരു രാഷ്ട്രത്തിന്റേയും നിലനില്‍പ്പ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. ഒരു രാജ്യത്തിന് എക്കാലവും നിലനില്ക്കാന് ആവശ്യമായിട്ടുള്ളത് ഒരൊറ്റ ജനതയും ഒരൊറ്റ നിയമവും ആണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ വിവേചനരഹിതമായി സാമാന്യജനതയ്ക്ക് പര്യാപ്തമാക്കിത്തീര്‍ക്കുന്നതിനുള്ള ധാര്‍മിക ബാധ്യത ഭരിക്കുന്ന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ പറയുന്നത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേപോലെയുള്ള നിയമം നടപ്പില്‍ വരുത്താന്‍ ഭരണകൂടം പരിശ്രമിക്കണം എന്നാണ്. വളരെ അര്‍ത്ഥവത്തായ ‘ പരിശ്രമം’ എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, അതിനെ സംബന്ധിച്ചിടത്തോളം ആത്മാര്‍ത്ഥമായ പ്രയത്നം നടത്തണം എന്ന ഉദ്ദേശ്യത്തോടെയാണ്.
ഭരണഘടന പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് വിവിധ വിഭാഗക്കാര്‍ക്ക് വ്യത്യസ്തമായ വിവാഹ- വിവാഹമോചന നിയമങ്ങള്‍ നിലനിന്നിരുന്നു. അവയെല്ലാം തന്നെ ഭരണഘടനയുടെ 372-ാം അനുച്ഛേദത്തിന്റെ പിന്‍ബലത്തില്‍ തുടരുകയും ചെയ്തു. എന്നാല്‍ സാമൂഹിക സമത്വവും, തുല്യതയും നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു മതനിരപേക്ഷരാഷ്ട്രം എന്ന കാഴ്ചപ്പാടാണ് ഭരണഘടനയുടെ ഏറ്റവും പ്രാധാന്യമേറിയ കാതലായി നിലകൊള്ളുന്നത്. 14-ാം അനുച്ഛേദം ഏവര്‍ക്കും രാജ്യത്തിന്റെ നിയമത്തിനു മുന്പില് തുല്യത പ്രദാനം ചെയ്യുമ്പോള്‍, മതത്തിന്റേയും, ലിംഗത്തിന്റേയും പേരില്‍ വിവേചനം പാടില്ല എന്ന് 15-ാംഅനുച്ഛേദം അനുശാസിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെന്ന് ഏവരും അംഗീകരിക്കുന്ന കാര്യങ്ങളാണ് ഇവ രണ്ടും. ഈ അവസരത്തില്‍ ഭരണഘടനയുടെ 37,44 അനുച്ഛേദങ്ങള്‍ 14ഉം 15ഉം അനുച്ഛേദങ്ങളോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇവ പൊതു സിവില്‍ നിയമം നടപ്പിലാക്കേണ്ട സാധ്യത ചൂണ്ടിക്കാണിക്കുന്നു.
ഭരണനിര്‍വ്വഹണത്തിന് അടിസ്ഥാനപരമെന്ന് ഭരണഘടനയുടെ 37-ാം അനുച്ഛേദത്തില്‍ പറഞ്ഞ ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഭരണഘടനയുടെ 44-ാംഅനുച്ഛേദം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കണം എന്ന് ഉദ്ഘോഷിക്കുന്നു. പൊതു സിവില്‍ നിയമം നടപ്പിലാക്കണം എന്ന നിര്‍ദേശം സര്‍ക്കാരിന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പല പല സന്ദര്‍ഭങ്ങളില്‍ നിര്‍ദേശ രൂപേണ നല്കിയിട്ടുള്ളതാണ്. എന്നാല്‍ അവയെല്ലാം ബധിരകര്‍ണ്ണങ്ങളില്‍ പതിക്കുകമാത്രമാണ് ഉണ്ടായിട്ടുള്ളത്.
ഷാബാനു കേസ്, സരള മുഗ്ദല്‍ കേസ് തുടങ്ങിയവയിലെല്ലാം പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകതയെപ്പറ്റി ഉന്നത നീതിപീഠം പ്രതിപാദിച്ചിരുന്നു. അതുപോലെതന്നെ എസ്.ആര്.ബൊമ്മയ് കേസിലും ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവമാണ് നീതിപീഠം ചൂണ്ടിക്കാണിക്കുന്നത്. എന്നാലിപ്പോള്‍ 44-ാം അനുച്ഛേദം നടപ്പിലാക്കുന്നതിനെ മതത്തിന്റെ പേരില്‍ മത-മൗലികവാദികളും, വോട്ടുബാങ്കുരാഷ്ട്രീയം ലക്ഷ്യമിട്ട് കപട-മതേതര രാഷ്ട്രീയക്കാരും എതിര്‍ക്കുന്നു. വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനം ഇല്ലാതാക്കുക എന്നതാണ് പൊതു സിവില്‍ നിയമത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനം.
ബഹുഭാര്യാത്വം, പുരുഷന് നടത്തുന്ന ഏകപക്ഷീയമായ വിവാഹമോചനം, സ്ത്രീകള്‍ക്ക് തുല്യത നിഷേധിക്കല്‍ എന്നിവ നിയമ വിരുദ്ധമാകുമ്പോള്‍ ഇവയെല്ലാം ശരിയത്തില്‍ അനുശാസിക്കുന്നു എന്നും ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുക വഴി മുസ്ലീങ്ങളുടെ സാംസ്കാരികത്തനിമ തകരുമെന്നും പൊതു സിവില്‍ നിയമത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍ സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ ഏകീകരിക്കുകയും വ്യക്തിനിയമങ്ങളുടെ അടിസ്ഥാനത്തില്‍ പലതിലും മാറ്റം വരുത്തിയും, നിഷേധിച്ചും ജനങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ വന്‍തോതില്‍ നടക്കുകയുണ്ടായി. പ്രത്യേകിച്ച് ഇന്ത്യന്‍ ശിക്ഷാനിയമവും, ക്രിമിനല്‍ നടപടിക്രമവും നടപ്പില്‍ വരുത്തിയപ്പോള്‍ ആ മേഖലയില്‍ നിലനിന്നിരുന്ന ഇസഌമിക ക്രിമിനല്‍ നിയമങ്ങള്‍ റദ്ദുചെയ്യപ്പെട്ടു. തത്ഫലമായി മുസ്ലീങ്ങളുടെ സാംസ്കാരികത്തനിമയ്ക്ക് കോട്ടമൊന്നും തട്ടിയിട്ടില്ലെങ്കില് ഇപ്പോള്‍ വിവാഹം, വിവാഹമോചനം, അനന്തര സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ ശരിയത്തേതര നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അവരുടെ സാംസ്കാരികത്തനിമ നഷ്ടപ്പെടുന്നതെങ്ങനെ?
ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കുനേരെയുള്ള വിവേചനമാണ് വ്യക്തിനിയമത്തിലെ ചട്ടങ്ങളെങ്കില്‍ മതത്തിന്റെ പേരിലുള്ള ഇത്തരം വിവേചനങ്ങള്‍ 372 -ാംഅനുച്ഛേദപ്രകാരം റദ്ദുചെയ്യപ്പെട്ടിട്ടുള്ള കാര്യം നാം വിസ്മരിച്ചുകൂടാ.
പ്രായപൂര്‍ത്തിയായ സ്ത്രീ – പുരുഷന്മാര്ക്ക് വംശീയവും, മതപരവും, ദേശീയവുമായ വേര്‍തിരിവില്ലാതെ വിവാഹം ചെയ്യാവുന്നതാണ്. വിവാഹത്തിനും, വിവാഹമോചനത്തിനും അവര്‍ക്ക് തുല്യാധികാരം ഉണ്ടായിരിക്കുന്നതാണ്. അന്താരാഷ്ട്ര പൗരാവകാശ സമ്മേളനത്തില്‍ ഇന്ത്യ കൂടെ ഒപ്പുവെച്ച രേഖയില്‍ വിവാഹത്തിനും, വിവാഹമോചനത്തിനും മതിയായ നടപടികള്‍ ഉറപ്പുവരുത്താനും, ഭാര്യാ-ഭര്ത്താക്കന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സ്റ്റേറ്റ് ബാധ്യസ്ഥരാണെന്ന് പറയുന്നു. ആയതിനാല്‍, ഏക പൗരത്വവും, തുല്യനീതിയും അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനാ സംവിധാനത്തിനുകീഴില്‍ എല്ലാ പൗരന്മാര്ക്കും ബാധകമായ ഒരു പൊതു നിയമം അനിവാര്യമാണ്. അത്തരത്തിലുള്ള ഒരു പൊതുസിവില്‍ നിയമം നമ്മുടെ രാജ്യത്തിന്റെ തുടര്‍ന്നുള്ള ഐക്യത്തിനും അഖണ്ഡതക്കും അത്യന്താപേക്ഷിതമാണ്.
ഭരണഘടന നിര്‍വചിച്ചിരിക്കുന്നത് മുഴുവന്‍ രാജ്യത്തിനും വേണ്ടിയാണ്. ആയതിനാല്‍, 44-ാം അനുച്ഛേദം അടക്കമുള്ളവ അനുസരിക്കാനും സ്വീകരിക്കാനും നാം ഓരോ ഭാരതീയനും ബാധ്യസ്ഥനാണ്. അല്ലാതെ പൊതു സിവില്‍ നിയമം എങ്ങനെയാവണം, അതെന്തിനുവേണ്ടി നടപ്പാക്കണം, ഏതെല്ലാം രീതിയില്‍ അത് വ്യാഖ്യാനിക്കണം എന്ന് തീരുമാനിക്കേണ്ടത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളോ, ജാതി-മത നേതാക്കന്മാരോ അല്ല. അതിന് ഭരണഘടനാപരമായ സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ദേശീയോദ്ഗ്രഥനവും, മതനിരപേക്ഷതയും, ദേശീയ ഐക്യവും, തുല്യ നീതീ സങ്കല്‍പ്പവുമെല്ലാം നിലനിര്‍ത്താന്‍ ഏകീകൃത സിവില്‍ നിയമം അത്യാവശ്യമാണ്. നമുക്ക് ഒരൊറ്റ രാഷ്ട്രമായി നിലനില്ക്കണമെങ്കില്, ഭരണഘടനയുടെ അന്തസ്സത്തയില്‍പ്പെട്ട മതേതരത്വം ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ പൊതു സിവില്‍ നിയമം നടപ്പിലാക്കുകയല്ലാതെ മറ്റുപോംവഴികളില്ല. എന്നിരുന്നാലും, ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും ശ്രദ്ധാപൂര്‍വ്വം വിലയിരുത്തുന്നതിന് ദേശീയ തലത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും നിര്‍ണായകമാണ്. എല്ലാ വശങ്ങളും പരിഗണിക്കുകയും ഉള്‍പ്പെട്ട എല്ലാ കക്ഷികളുടെയും അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തതിനുശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ. എല്ലാ ആശങ്കകളും പരിഹരിച്ചുകൊണ്ട് രാജ്യത്ത് പൊതു സിവില്‍ നിയമം ഉടനടി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളാണ് ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കേണ്ടത്.
(നിയമ വിദഗ്ധനും സ്വതന്ത്ര ഗവേഷകനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: