ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിരതാരം ഫില്‍ ഫോഡന് ഇക്കൊല്ലത്തെ പ്രൊഫഷണല്‍ ഫുട്ബോളേഴ്സ് അസോസിയേഷന്(പിഎഫ്എ) പുരസ്കാരം. സിറ്റിയെ തുടരെ നാലാം പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിന് പ്രധാന പങ്കുവഹിച്ചതിന്റെ ബലത്തിലാണ് ഫില്‍ ഫോഡന് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ സീസണില്‍ സിറ്റിക്കായി 53 കളികള്‍ കളിച്ച ഫോഡന് 27 ഗോളുകളടിച്ചു. ലീഗ് ടൈറ്റില്‍ കൂടാതെ യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവയിലും ജേതാക്കളായി. ഇതു കൂടാതെ എഫ്എ കപ്പ് റണ്ണറപ്പുകളാകുകയും ചെയ്തു.
പുരസ്കാരത്തിനായി ഫോഡന് വലിയ വെല്ലുവിളിയുയര്‍ത്തിയത് സിറ്റിയില്‍ ഒപ്പം കളിക്കുന്ന നോര്‍വേ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ട് ആണ്. കഴിഞ്ഞ വര്‍ഷം ഹാളണ്ട് ആണ് ഈ പുരസ്കാരം നേടിയത്. റോഡ്രി, ചെല്‍സിയുടെ കോള്‍ പാല്‍മര്‍, ആഴ്സണലിന്റെ മാര്ട്ടിന് ഒഡേഗാര്‍ഡ് ആസ്റ്റണ്‍ വില്ലയുടെ ഓല്ലീ വാറ്റ്കിന്‍സ് എന്നിവരും ഫോഡന് വെല്ലുവിളിയുയര്‍ത്തി പുരസ്കാര നിര്‍ണയ മത്സരത്തിനുണ്ടായിരുന്നു.
ചെല്‍സിയുടെ 22കാരനായ കോള്‍ പാല്‍മര്‍ ആണ് പിഎഫ് എ ഇക്കൊല്ലത്തെ യുവതാരമായി തെരഞ്ഞെടുത്തത്. പോയ സീസണില്‍ 34 മത്സരങ്ങളില്‍ നിന്ന് 22 ഗോളുകളാണ് പാല്‍മര്‍ നേടിയത്.
മികച്ച വനിതാ ഫുട്ബോള്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതും സിറ്റി താരമാണ്. ജമൈക്കയില്‍ നിന്നുള്ള ഖദീജ ഷാ ആണ് മികച്ച വനിതാ താരമായത്. വനിതകളിലെ യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ടോട്ടനം ഹോട്സ്പറിലേക്ക് ലോണ്‍ അടിസ്ഥാനത്തില്‍ പോയ ഗ്രെയ്സ് ക്ലിന്റണും. 21കാരിയായ ഗ്രെയ്സ് ഇംഗ്ലണ്ടില്‍ നിന്നുള്ള മധ്യനിരതാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: