തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷത്തിന് മാറ്റ് കുറവാണെങ്കിലും കേരളീയര്‍ കാണം വിറ്റും ഓണം ഉണ്ണുന്നവരാണല്ലോ. മറുനാട്ടുക്കാരായ ബന്ധുക്കളടക്കം കുടുംബങ്ങളില്‍ ഒത്തുചേര്‍ന്ന് ആഘോഷമാക്കുന്നദിനം. ഇത്തവണയുംഓണത്തിരക്കിന് യാതൊരുകുറവും ഇല്ല.
ഓണക്കച്ചവടം പൊടിപൊടിക്കുന്നതിന് ചെറുകിട കച്ചവടക്കാരടക്കം ബ്രാന്‍ഡഡ് കമ്പനികള്‍ വരെ പരസ്യങ്ങളുമായി ചാനലുകളിലും മാധ്യമങ്ങളിലും നിറഞ്ഞു കഴിഞ്ഞു. ഇതൊക്കയാണെങ്കിലും യാതൊരു പരസ്യവുമില്ലാതെ മലയാളികള്‍ ഓണക്കാലത്ത് ഏറ്റവും ലാഭകരമാക്കി മാറ്റുന്ന ഒരേ ഒരു ഇടം ബിവറേജസ് കോര്‍പ്പറേഷനാണ്. ഓണത്തിന്റെ ഒത്തുകൂടലിന് അത്യാവശ്യമാണ് മദ്യം.
എന്നാല്‍ ഇത്തവണ ഒന്ന് ഇരുത്തി ചിന്തിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് നെറ്റിസണ്‍സ്. ഈ ഓണത്തിന് മദ്യം ഒഴിവാക്കാം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന്‍ നടക്കുന്നത്. ആര് പോസ്റ്റ് ചെയ്തതാണെന്ന് അറിയില്ല.
മദ്യപാനം ആരോഗ്യത്തിനും പോക്കറ്റിനും ഒരുപോലെ ഹാനികരമാണെന്നാണ്. അതുകൊണ്ട് ഓണത്തിന് മദ്യം വേണ്ട. ബഹിഷ്‌കരിക്കാം ബീവറേജസിനെ സംരക്ഷിക്കാം നാടിനേയും കുടുംബത്തേയും എന്ന മുദ്രാവാക്യത്തോടെയാണ് ഈ ക്യാംപയിന്‍ നടക്കുന്നത്.
മദ്യപാനം ആരോഗ്യത്തിനും പോക്കറ്റിനും ഹാനികരം കൂടാതെ മദ്യം നാടിന്റെയും വീടിന്റെയും ജീവന്റെയും ശത്രു എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. നിരവധി പേരാണ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ നടക്കില്ല മോനെ…, ബിവറേജസിനെ മാത്രം ബഹിഷ്‌ക്കരിച്ചാല്‍ മതിയോ ബാറിനെ ബഹിഷ്‌ക്കരിക്കേണ്ടേ എന്ന മറുചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എന്തായാലും ഓണം കഴിയുമ്പോള്‍ പോസ്റ്റര്‍ ഗുണം ചെയ്‌തോ എന്നറിയാം. ഏത് ജില്ലയാണ് മുന്നിലെന്നും.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ ദിവസം കഴിയുംതോറും ഷെയറിംഗ് കൂടിവരുന്നുണ്ട്. കേരളം ഇത്തവണ ഈ ക്യാംപയിനൊപ്പമുണ്ടാകും എന്ന് പ്രതീക്ഷിക്കാം. ഇതുകൂടി ഒന്ന് പറഞ്ഞോട്ടെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: