തൃശൂർ: അരിമ്പൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ പോഷക ബാല്യം പദ്ധതിപ്രകാരം കുട്ടികള്‍ക്കായി നല്‍കി വന്നിരുന്ന മുട്ടയും പാലും മുടങ്ങിയിട്ട് ഒന്നര മാസമായി. മുട്ടയും പാലും വാങ്ങാന്‍ കൈയില്‍ നിന്ന് പണം മുന്‍കൂര്‍ എടുക്കാന്‍ അങ്കണവാടി ജീവനക്കാര്‍ വിസ്സമ്മതിച്ചതാണ് കുട്ടികളുടെ പോഷകാഹാരം മുടങ്ങാന്‍ ഇടയാക്കിയത്.
അങ്കണവാടി ജീവനക്കാരും വനിതാ ശിശു വികസന ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുകയാണെന്ന് പരാതിഉയര്‍ന്നു. തൊഴിലാളികളുടെ പ്രതിഷേധം സംഘടന നിര്‍ദ്ദേശപ്രകാരം മുന്നോട്ട് പോയെങ്കിലും സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പിന്മാറേണ്ടി വന്നു.
കുട്ടികളുടെ ആരോഗ്യത്തില്‍ പോഷകാഹാര ലഭ്യതയുടെ പ്രാധാന്യം ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതാണ് പോഷകബാല്യം പദ്ധതി. ആഴ്ചയില്‍ രണ്ടു ദിവസം അങ്കണവാടി കുട്ടികള്‍ക്ക് ഓരോ മുട്ടയും 125 എംഎല്‍ പാലും നല്‍കുന്നതാണ് പദ്ധതി. ഇത് വിതരണം ചെയ്യാനായി ടെണ്ടര്‍ വിളിച്ച് ഒരാളെ ഏല്‍പ്പിക്കും. എന്നാല്‍ അരിമ്പൂരില്‍ ആകെയുള്ള 34 അങ്കണവാടികളില്‍ മിക്കയിടത്തും പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണുള്ളത്. കൂടുതല്‍ സ്ഥലത്ത് സഞ്ചരിച്ച് കുറഞ്ഞ അളവില്‍ മുട്ടയും പാലും എത്തിക്കാനുള്ള ടെണ്ടര്‍ എടുക്കാന്‍ അതിനാല്‍ തന്നെ ആളെ കിട്ടാനും ബുദ്ധിമുട്ടാണ്. അത്തരം സാഹചര്യങ്ങളില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ സമീപത്തെ കടകളില്‍ നിന്ന് ‘ലോക്കല്‍ പര്‍ച്ചേയ്സ് ‘ നടത്തി കുട്ടികള്‍ക്ക് പോഷകാഹാരം മുടങ്ങാതെ നോക്കണം.
മുന്‍കൂര്‍ പണമെടുത്ത് ചിലവഴിക്കാന്‍ ഇവരാരും തയ്യാറായിരുന്നില്ല. ഇടക്ക് വച്ച് പ്രതിഷേധം യൂണിയനുകള്‍ ഏറ്റെടുത്തതായി പറയുന്നു. അന്തിക്കാട് സി ഡി പി ഒ മുട്ടയും പാലും വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് സി ഐ ടി യു യൂണിയന്‍ അംഗം കൂടിയായ അങ്കണവാടി വര്‍ക്കര്‍ പറഞ്ഞു. ജൂലൈ 23 നു ഓര്‍ഡര്‍ വന്നിട്ടും ആഗസ്ത്് 15 വരെ സി ഡി പി ഒ ഒളിപ്പിച്ച് വച്ചതായും ഇവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: