ചെന്നൈ: ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകന്‍ നെല്‍സണിന്റെ ഭാര്യ മോനിഷയെ സി.ബി.സി.ഐ.ഡി ചോദ്യം ചെയ്തു. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണന്‍ എന്ന ഗുണ്ടയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ചോദ്യംചെയ്യൽ.
കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ മൊട്ട കൃഷ്ണന്‍ വിദേശത്തേക്ക് കടന്നുവെന്ന് വിവരം.വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് മോനിഷയുമായി കൃഷ്ണന്‍ ഫോണില്‍ സംസാരിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
നെല്‍സണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ആംസ്ട്രോങ് കൊലക്കേസില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആര്‍ക്കോട് സുരേഷിന്റെ ഭാര്യ പോര്‍ക്കൊടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ അഞ്ചിന് തമിഴ്നാട്ടിലെ പെരമ്പൂരിൽ വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അറിയപ്പെടുന്ന ദളിത് നേതാവായ ആംസ്ട്രോങ്ങിനെ പരസ്യമായി കൊലപ്പെടുത്തിയത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടർന്ന് കേസ് സി.ബി.സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു.
ഈ കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് സാംബോ സെന്തിലിന്റെ അടുത്ത കൂട്ടാളിയായ മൊട്ട കൃഷ്ണനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സാംബോ സെന്തിലിനായും കൂട്ടാളി സീസിംഗ് രാജയ്‌ക്കായും പോലീസ് ഊർജിതമായി തിരച്ചിൽ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: