ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ അന്ത്യം കാണാന്‍ കാത്തിരുന്നതുപോലെയാണ് മലയാള സിനിമാ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാന്‍ പൊതുസമൂഹം കാത്തിരുന്നത്. റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയും പ്രശസ്ത നടി ശാരദയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്‌സലകുമാരിയും ഉള്‍പ്പെടുന്ന കമ്മിറ്റി 2019 അവസാനം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സ്‌ഫോടനാത്മകമാണെന്ന് സൂചനകള്‍ ലഭിച്ചതോടെ അത് പുറത്തുവരാതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദങ്ങളാണ് പല കോണുകളില്‍നിന്നുണ്ടായത്. സര്‍ക്കാരിന് ഒന്നും മറച്ചുപിടിക്കാനില്ലെന്നും, റിപ്പോര്‍ട്ട് പുറത്തുവിടുമെന്നുമൊക്കെ വീരവാദം മുഴക്കിയെങ്കിലും അതൊക്കെ വാചകമടികള്‍ മാത്രമായിരുന്നു. ഒന്നും സംഭവിച്ചില്ല. സിനിമാരംഗത്തെ നിരവധി പേര്‍ പ്രത്യേകിച്ച് നടിമാര്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് കമ്മിറ്റിക്ക് നേരിട്ട് മൊഴി നല്‍കിയിരുന്നു. ഇതൊക്കെ പുറത്തുവന്നാലുള്ള ഭൂകമ്പം ഭയന്നവരാണ് കമ്മിറ്റി റിപ്പോര്‍ട്ട് ശീതീകരണിയില്‍ വയ്‌ക്കാന്‍ ചരടുവലിച്ചത്. ഒടുവില്‍ കോടതിയിലെത്തിയപ്പോള്‍പ്പോലും തടസ്സങ്ങളുമായി ചിലര്‍ രംഗത്തെത്തി. മറ്റാര്‍ക്കൊക്കെയോ വേണ്ടിയുള്ള ഡമ്മികളും ഡ്യൂപ്പുകളുമാണ് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ന്യായവാദങ്ങളുമായി രംഗത്തുവന്നത്. ഇവര്‍ക്കു പിന്നില്‍ വമ്പന്മാരായിരുന്നു എന്നു വ്യക്തം. ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സ്വകാര്യതയുടെ പേരു പറഞ്ഞ് പല ഭാഗങ്ങളും ഒഴിവാക്കിയാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. സിനിമാതാരങ്ങളായാല്‍ അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ സ്വകാര്യതയുടെ ഭാഗമാണെന്നത് വിചിത്രംതന്നെ!
വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് വെളിച്ചം കണ്ടപ്പോള്‍ അടിമുടി സ്ത്രീവിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ ചിത്രീകരണ സമയത്തും അല്ലാതെയും നടിമാര്‍ പലതരത്തിലുള്ള സാമ്പത്തിക ചൂഷണങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും മറ്റു വിധത്തിലുള്ള അപമാനങ്ങള്‍ക്കും വിധേയരാവുന്നു എന്നാണ് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം റിപ്പോര്‍ട്ടില്‍ പറയുന്നത്. അല്‍പ്പവസ്ത്രം ധരിച്ചാല്‍ അവസരം നല്‍കുന്നതും, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതും, അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതിനായി ശരീരം ചോദിക്കുന്നതുമൊക്കെ പതിവുരീതികളാണത്രേ. ഷൂട്ടിങ് സെറ്റുകളില്‍ ലഹരിയുടെ ഉപയോഗം വ്യാപകമാണ്. രാത്രിയില്‍ നടിമാരുടെ വാതിലുകളില്‍ മുട്ടിവളിക്കുകയും, വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സുരക്ഷിതമായ താമസസൗകര്യം ഏര്‍പ്പെടുത്തുന്നതുപോയിട്ട് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍പോലും വനിതകളായ അഭിനേതാക്കള്‍ക്ക് ഒരുക്കിക്കൊടുക്കുന്നില്ല. ഇതില്‍നിന്ന് സാഹചര്യങ്ങളുടെ ശോചനീയാവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നടന്മാര്‍ ഡ്രൈവര്‍മാരായി നിയോഗിക്കുന്നത് നടിമാരെ അരക്ഷിതാവസ്ഥയിലാക്കുന്നു. ചുരുക്കത്തില്‍ നടിമാര്‍ക്ക് ഷൂട്ടിങ് സെറ്റുകളില്‍ കുടുംബാംഗങ്ങളെയുംകൊണ്ട് വരേണ്ട സ്ഥിതിയാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ലൈംഗിക ചൂഷണത്തിന് നിന്നുകൊടുക്കാന്‍ നടിമാരെ പ്രേരിപ്പിക്കുന്ന അമ്മമാരുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
മലയാള സിനിമാ മേഖലയെ നിയന്ത്രിക്കുന്നത് പതിനഞ്ച് പേരടങ്ങുന്ന പവര്‍ഗ്രൂപ്പാണെന്ന ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍ സിനിമാക്കഥകളെ വെല്ലുന്നു. ഇവരെ എതിര്‍ക്കുന്ന നടീനടന്മാര്‍ക്ക് ഈ രംഗത്ത് അതിജീവിക്കാന്‍ സാധ്യമല്ല. ഇവരെ ഒറ്റപ്പെടുത്തും. വിലക്കേര്‍പ്പെടുത്തും. അനശ്വര നടന്‍ തിലകന്‍ പറഞ്ഞ ദുരനുഭവങ്ങള്‍ ഓര്‍മയില്‍ കൊണ്ടുവരുന്നതാണ് പവര്‍ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍. തന്റെ അച്ഛനെ ദ്രോഹിച്ചവര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് തിലകന്റെ മകള്‍ രംഗത്തുവന്നുകഴിഞ്ഞു. ഇത്തരമൊരു റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍, അധോലോകം പോലെയായി മാറിയിരിക്കുന്ന സിനിമാരംഗത്തെ കുറ്റവാളികളെ സംരക്ഷിക്കുകയായിരുന്നുവെന്നു പറയാതെവയ്യ. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് ഹേമ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടും നാലര വര്‍ഷമാണ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചത്. ആഭ്യന്തരമായ പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍പോലും തയ്യാറായില്ല. മറ്റു പല കാര്യങ്ങളിലുമെന്നപോലെ സിനിമാരംഗത്തും വേട്ടക്കാര്‍ക്കൊപ്പമാണ്, ഇരകള്‍ക്കൊപ്പമല്ല സര്‍ക്കാര്‍. ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടായിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല എന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. പരാതിയില്ലാതെ നടപടികളെടുക്കാനാവില്ലെന്ന് സാംസ്‌കാരികമന്ത്രിയും മറ്റും പറഞ്ഞുകൊണ്ടിരുന്നത് കമ്മിറ്റിയുടെ ഈ ശുപാര്‍ശയ്‌ക്കുനേരെ കണ്ണടച്ചുകൊണ്ടാണ്. പൂഴ്‌ത്തിവയ്‌ക്കാന്‍ മാത്രം ഒന്നുമില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ടിനെ പരിഹസിച്ച് സിപിഎം നേതാവ് എ.കെ. ബാലന്‍ രംഗത്തുവന്നത് സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന് ആര്‍ജവമുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. ബ്ലാക്‌മെയിലിങ്ങിനുള്ള അവസരങ്ങള്‍ തുറന്നുകിടക്കുമ്പോള്‍ പിണറായി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നടപടികളുണ്ടാവാന്‍ പ്രയാസമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: