കോട്ടയം: ജസ്ന തിരോധാനക്കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവിയറിന്റെ മൊഴി സിബിഐ രേഖപ്പെടുത്തി.ലോഡ്ജിലും സിബിഐ സംഘം പരിശോധന നടത്തി.കേസിന്റെ മറ്റ് വിവരങ്ങളും ശേഖരിച്ചു.
ജസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടിയെ ലോഡ്ജില്‍ കണ്ടെന്ന് വെളിപ്പെടുത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴി ഇനി രേഖപ്പെടുത്തേണ്ടതുണ്ട്.മുണ്ടക്കയം സ്വദേശിനിയുടെ മൊഴിയെടുക്കാന്‍ സിബിഐ ചൊവ്വാഴ്ച എത്തുമെന്ന് അറിയിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജില്‍ വച്ച് ജസ്നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനി ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്.ജസ്നയെന്ന് കരുതുന്ന പെണ്‍കുട്ടിക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. നേരത്തേ ഇക്കാര്യം പുറത്തു പറയാതിരുന്നത് ലോഡ്ജ് ഉടമ ഭീഷണിപ്പെടുത്തിയത് കൊണ്ടാണെന്നാണ് മുണ്ടക്കയം സ്വദേശിനി പറയുന്നത്.
നേരത്തെ ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തെ കുറിച്ചും സിബിഐ പരിശോധിക്കും. വെളിപ്പെടുത്തലിന് പിന്നാലെ ഇത് നിഷേധിച്ചുകൊണ്ട് ജെസ്നയുടെ പിതാവ് തന്നെ രംഗത്ത് വന്നിരുന്നു. വിവരം പരിശോധിച്ചുവെന്നും, അന്വേഷണം വഴിതെറ്റിക്കാനാണ് ശ്രമമെന്നും പിതാവ് വെളിപ്പെടുത്തി.തന്നോടുള്ള വൈരാഗ്യമാണ് നിലവിലെ ആരോപണത്തിന് പിന്നില്‍ എന്നാണ് ലോഡ്ജ് ഉടമ ബിജു സേവിയര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: