ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 170ാമത് തിരുജയന്തി സമ്മേളനം ശിവഗിരിയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു.
ചെറുപ്പകാലത്ത് കൊല്ലത്ത് ശ്രീനാരയാണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘മഞ്ഞള്‍ പ്രദിക്ഷണം’ കണ്ട അനുഭവം പറഞ്ഞ് പ്രസംഗം തുടങ്ങിയ സുരേഷ് ഗോപി , ശിവഗിരില്‍ തന്നെ എത്തിച്ച തൃശ്ശൂരിലെ ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞു.
തനിക്ക് 3 വയസ്സ് ഉള്ളപ്പോള്‍ പീതാംബരധാരികളായി ഗുരുദേവഭക്തര്‍ കൊല്ലം പട്ടണത്തില്‍ നടത്തിയിട്ടുള്ള ചതയദിന ഘോഷയാത്ര അച്ഛനൊപ്പം പോയി കണ്ടിട്ടുള്ള കാര്യം മനസ്സില്‍ കടന്നുവരികയാണ്. തൃശൂരിലെ ഗുരുദേവ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് തനിക്ക് ഈ നിലയില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞതെന്നു താന്‍ വിശ്വസിക്കുന്നു.യുഗ പുരുഷന്റെ ജന്മദിനം ഉദ്ഘാടനം ചെയ്യുക എന്നത് ഈശ്വരാനൂഗ്രഹമാണ്. ഗുരുവിന്റെ പാരമ്പര്യത്തില്‍ നിന്ന് പ്രചേദനം ഉള്‍ക്കൊണ്ട് ഭിന്നതകളെ ഇല്ലാതാക്കി പരസ്പര ധാരണയുടേയും ഐക്യത്തിന്റേയും പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഒന്നിക്കാം. ഗുരുവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധരാകണം.
ശ്രീ നാരായണഗുരുവിന്റെ മഹത്വം മലയാളികളായ എല്ലാവര്‍ക്കും അറിയാമെന്നതിനാല്‍ മറ്റുളളവര്‍ക്കായി തന്റെ പ്രസംഗം ഇംഗ് ളീഷിലാക്കുന്നു എന്നു പറഞ്ഞാണ് സുരേഷ് ഗോപി തുടര്‍ന്നത്.
ഭാരതത്തിലെ ഏറ്റവും പ്രഗത്ഭനായ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷിക്കാൻ ഒത്തുകൂടുന്നത് വളരെ ആദരവോടെയും അഭിമാനത്തോടെയുമാണ്. ഈ സന്ദർഭം കേവലം അദ്ദേഹത്തിന്റെ ജനനസ്മരണ മാത്രമല്ല, അദ്ദേഹം ഉയർത്തിപ്പിടിച്ച കാലാതീതമായ മൂല്യങ്ങളുടെയും നമ്മുടെ സമൂഹത്തിൽ അദ്ദേഹം അവശേഷിപ്പിച്ച മായാത്ത സ്വാധീനത്തിന്റെയും ആഘോഷമാണ്.
ജാതിമത വ്യത്യാസമില്ലാതെ സാമൂഹിക നീതി യഥാര്‍ത്ഥ്യമാകണമെന്നതാണ് ശ്രീനാരായണ ഗുരുദര്‍ശനം ചൂണ്ടിക്കാട്ടുന്നത്. ഗുരുദേവന്റെ ഒരു ജാതി, ഒരുമതം , ഒരുദൈവം മനുഷ്യന് എന്ന സന്ദേശത്തിന് എക്കാലവും പ്രസക്തിയുണ്ടാകും.
സമത്വത്തിനും നീതിക്കും അധഃസ്ഥിതരുടെ ഉന്നമനത്തിനും ജീവിതം സമർപ്പിച്ച ശ്രീനാരായണ ഗുരു, ജ്ഞാനത്തിന്റെ പ്രകാശവുമായിരുന്നു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്ന സന്ദേശം ആഹ്വാനം ചെയ്തു. ഗുരുവിന്റെ ജീവിതം അഹിംസയുടെയും സമാധാനത്തിന്റെയും ശക്തി തെളിയിച്ചു, സ്‌നേഹത്തിലും അനുകമ്പയിലും അടിയുറച്ച് ഒരു സമൂഹം രൂപപ്പെടുത്തിയതിന് ഉദാഹരണമായി.
ജാതിവ്യവസ്ഥക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെ ഗുരു നടത്തിയ പോരാട്ടം, ഇന്നത്തെ സാഹചര്യത്തിൽ കൂടി ഏറെ പ്രാസക്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നമുക്ക് ഗുരുവിന്റെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഭിന്നതകളെ തകർത്ത് ധാരണയുടെയും ഐക്യദാർഢ്യത്തിന്റെയും പാലങ്ങൾ പണിയാനായി ഒരുമിച്ച് പ്രവർത്തിക്കാം.
സമത്വവും സ്നേഹവും മതിലുകളെ പൊളിച്ചെഴുതേണ്ട അനിവാര്യതയും ചൂണ്ടിക്കാട്ടി, ഗുരുവിന്റെ സുദീർഘ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാനിരതരാവാൻ സുരേഷ് ഗോപി ആഹ്വാനം ചെയ്തു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. സച്ചിദാനന്ദ സ്വാമി രചിച്ച ‘ശ്രീനാരായണ പ്രസ്ഥാനം ഒരു ചരിത്ര അവലോകനം’ എന്ന പുസ്തകം അടൂര്‍ പ്രകാശ് എം. പിക്ക് കോപ്പി നല്‍കി സുരേഷ് ഗോപി പ്രകാശനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂര്‍ പ്രകാശ് എം.പി., വി. ജോയ് എം.എല്‍.എ. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം ലാജി , ഗുരുധര്‍മ്മ പ്രചരണസഭാ ഉപദേശകസമിതി ചെയര്‍മാന്‍ വി.കെ. മുഹമ്മദ് ഭിലായ്, സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം., മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സൂര്യപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്‌ക്കാപിള്ളി, ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജപയജ്ഞം ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുദേവന്‍ ഉപയോഗിച്ച പേടകം ചിറയിന്‍കീഴ് എസ.്എന്‍.ഡി.പി. യൂണിയന്‍ മുന്‍ പ്രസിഡന്റ് എസ്. ആര്‍ ജ്യോതി ശിവഗിരിക്കായി സമര്‍പ്പിച്ചു.
പുലര്‍ച്ചെ വിശേഷാല്‍ ആരാധനകളെത്തുടര്‍ന്ന് 6 മുതല്‍ 6:30 വരെ ഗുരുദേവ അവതാര മുഹൂര്‍ത്ത പ്രാര്‍ത്ഥന നടന്നു. 7 ന് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാമി സുകൃതാന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, തുടങ്ങിയവരും ഭക്തജനങ്ങളും സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് വൈദികമഠത്തില്‍ ആരംഭിച്ച ജപയജ്ഞത്തിന് ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ ദീപം പകര്‍ന്നു.
വൈകുന്നേരം ശിവഗിരി കുന്നുകളിലാകെ ചതയദീപം തെളിച്ചു. മഹാസമാധിയില്‍ നിന്നും തിരിച്ച നാമസങ്കീര്‍ത്തന ജയന്തി ഘോഷയാത്രയ്‌ക്ക് ഖള& ഗുരുദേവന്‍ സ്ഥാപിച്ച ശിവഗിരി സ്‌കൂളിലെത്തി എസ്.എന്‍. കോളേജ് നാരായണ ഗുരുകുലം വഴി തിരികെ മഹാസമാധിയില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: