ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ 170-ാമത് തിരുജയന്തിയ്ക്ക് ആര്‍ഭാടത്തോടെയുള്ള ഘോഷയാത്ര ഒഴിവാക്കി ഭക്തിനിര്‍ഭരമായ നാമ സങ്കീര്‍ത്തന ശാന്തി ഘോഷയാത്ര ലോകമെങ്ങും നടക്കും. വയനാട്ടിലെ മഹാദുരന്ത പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ ജയന്തി. ചതയപൂജ, പ്രാര്‍ത്ഥന, ജയന്തിസമ്മേളനം, അന്നദാനം എന്നിവയെത്തുടര്‍ന്ന് ഗുരുദേവനാമം ഉരുവിട്ടുള്ള നാമസങ്കീര്‍ത്തനയാത്ര എവിടെയും ഉണ്ടാകും. ഘോഷയാത്ര ആര്‍ഭാട രഹിതമായി സംഘടിപ്പിച്ച ശേഷം സായാഹ്നത്തില്‍ വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും ക്ഷേത്രങ്ങളിലും ശാന്തിദീപം (ചതയദീപം) തെളിച്ചു പ്രാര്‍ത്ഥിക്കും.
ശിവഗിരിയില്‍ കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി 170-ാമത് തിരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അടൂര്‍ പ്രകാശ് എം.പി., അഡ്വ. വി. ജോയ് എം.എല്‍.എ , മുനിസിപ്പല്‍ ചെയര്മാന് കെ.എം. ലാജി, എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി രചിച്ച ശ്രീനാരായണ പ്രസ്ഥാനം ഒരു ചരിത്രാവലോകനം എന്ന പുസ്തകം കേന്ദ്രമന്ത്രി സുരേഷ്ഗോപി അടൂര്‍ പ്രകാശ് എം.പി.ക്ക് നല്കി. 20ന് ഗുരുദേവ ജയന്തി സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.
ജപയജ്ഞം ധര്‍മ്മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആഘോഷകമ്മിറ്റി ചെയര്മാന് കെ. ജി. ബാബുരാജന്, ഗുരുധര്‍മ്മ പ്രചരണസഭാ ഉപദേശകസമിതി ചെയര്മാന് വി.കെ. മുഹമ്മദ് ഭിലായ്, സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍ എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി അജി എസ്.ആര്.എം., അമ്പലത്തറ രാജന്, (സേവനം യു.എ.ഇ.) മുന്‍ മുനിസിപ്പല്‍ ചെയര്മാന് സൂര്യപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി എന്നിവര്‍ പ്രസംഗിക്കും.
വൈകിട്ട് 5.30ന് മഹാസമാധിയില്‍ നിന്നും നാമസങ്കീര്‍ത്തന ഘോഷയാത്ര തിരിച്ച് ഗുരുദേവന് സ്ഥാപിച്ച മാതൃകപാഠശാലയിലെത്തി (ശിവഗിരി) എസ്.എന്‍.കോളേജ്, നാരായണ ഗുരുകുലം ജംഗ്ഷനിലൂടെ മഹാസമാധിയില്‍ തിരിച്ചെത്തി പ്രാര്‍ത്ഥനയോടെ സമാപിക്കും. ഘോഷയാത്രയില്‍ മുന്‍ പതിവ് ഫ്ളോട്ടുകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്. നാടിന്റെ നാനാഭാഗത്ത് നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് ഘോഷയാത്രയില്‍ അണിചേരും. ശിവഗിരി കുന്നുകളിലും പരിസരപ്രദേശങ്ങളിലും ശാന്തി ദീപം തെളിയും ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം മഹാസമാധി എന്നിവിടങ്ങളിലൊക്കെയും ദീപം തെളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: