പെരുമ്പാവൂർ : അങ്കമാലി ടിബി ജംഗ്ഷനിൽ വാഹന പരിശോധനക്കിടെ പോലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച് കടന്ന വാഹനം പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. വാഹനത്തിലുണ്ടായ തൊടുപുഴ കാരിക്കോട് കിഴക്കൻ പറമ്പിൽ വീട്ടിൽ അജ്മൽ സുബൈർ (29), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലിൽ വീട്ടിൽ റിൻഷാദ് (30) എന്നിവരെ അങ്കമാലി അയ്യമ്പുഴ പെരുമ്പാവൂർ പോലീസ് സംഘങ്ങൾ ചേർന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. തൃശൂർ ഭാഗത്ത് നിന്ന് വരികയായിരുന്നു മൂന്ന് പേർ ഉൾപ്പെട്ട വാഹനം. കാറിന് മുമ്പിലും പുറകിലും നമ്പർ ഇല്ലായിരുന്നു. വാഹന പരിശോധനയുടെ ഭാഗമായി കൈകാണിച്ചു. ഡാൻസാഫിലെ രഞ്ജിത്തിനെ ഇടിച്ച് തെറിപ്പിച്ച് വാഹനം കടന്നു കളഞ്ഞു. പോകുന്ന വഴി വാഹനങ്ങളെ ഉരച്ചും ഇടിച്ചുമാണ് പോയത്.
അപകടം വിതച്ചായിരുന്നുകാർ പാഞ്ഞത്. മൂക്കനുർ കാരമറ്റം ഭാഗത്തേക്കാണ് കാർ കുതിച്ചത്. കാരമറ്റം ഭാഗത്ത് അയ്യമ്പുഴ പോലീസ് കാറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനത്തിൽ ഇടിപ്പിച്ചു. തുടർന്ന് മുന്നോട്ടെടുത്ത കാർ മതിലിലിടിച്ച് ഓഫായി.
അതിൽ നിന്ന് റിൻഷാദ് ഇറങ്ങി തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ പോലീസ് റിൻഷാദിനെ പിടികൂടി. കാർ സ്റ്റാർട്ട് ചെയ്ത് പെരുമ്പാവൂർ ഭാഗത്തേക്ക് തിരിച്ചു. വല്ലത്ത് എത്തിയപ്പോൾ കാർ വീണ്ടും തിരിച്ച് ചേലാമറ്റം ഭാഗത്തേേക്ക് പാഞ്ഞു. അവിടെ നിന്ന് കറങ്ങി ഒക്കലെത്തി. പോലീസ് പിന്തടുരുന്നുണ്ടായിരുന്നു.
തുടർന്ന് കാർ വെളിച്ചമില്ലാത്ത പ്രദേശത്ത് നിർത്തി രണ്ട് പേരും ഇറങ്ങിയോടി. പോലീസും നാട്ടുകാരും നടത്തിയ പരിശോധനയിൽ അജ്മൽ സുബൈറിനെ പിടികൂടി. മറ്റേയാൾ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: